27ാം രാവിൽ പ്രാർഥനാ മുഖരിതമായി ഹറമുകൾ
text_fieldsമക്ക: റമദാൻ 27ാം രാവിൽ ഇരുഹറമുകളും പ്രാർഥനാമുഖരിതമായി. ലൈലത്തുൽ ഖദ്റിെൻറ പുണ്യം തേടി മസ്ജിദുന്നബവിയിലും മസ്ജിദുൽ ഹറാമിലും തീർഥാടക ലക്ഷങ്ങളാണ് സംഗമിച്ചത്. രാവിലെ മുതൽ മക്കയിയിലേക്കും മദീനയിലേക്കും ആളുകളുടെ ഒഴുക്കായിരുന്നു. പ്രാർഥനാ നിരതരായും പാപമോചനം തേടിയും ഖുർആൻ പാരായണത്തിൽ മുഴുകിയും ആളുകൾ നേരം പുലരുവേളം ഹറമുകളിൽ കഴിച്ചുകൂട്ടി. രാത്രി നമസ്കാരവേളയിൽ ഹറമും അങ്കണങ്ങളും നിറഞ്ഞുകവിഞ്ഞു.
അസാധാരണ തിരക്ക് മൂൻകുട്ടി കണ്ട് വിവിധ വകുപ്പുകൾ വേണ്ട ഒരുക്കങ്ങൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. മുഴുവൻ കവാടങ്ങളും തുറന്നിട്ടു. നമസ്കാരത്തിന് കൂടുതൽ സ്ഥലങ്ങൾ ഒരുക്കിയിരുന്നു. എല്ലാ വകുപ്പുകളും പൂർണമായും സേവന രംഗത്തുണ്ടായിരുന്നുവെന്ന് ഇരുഹറം കാര്യാലയം വ്യക്തമാക്കി. സേവനങ്ങൾ മികച്ചതാക്കാൻ വയർലസ് സാേങ്കതിക സംവിധാനങ്ങളും കാമറകളും കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തിയിരുന്നുവെന്നും പറഞ്ഞു. സുരക്ഷ വകുപ്പിന് കീഴിൽ തിരക്ക് നിയന്ത്രിക്കുന്നതിന് കൂടുതൽ പൊലീസുകാരെ നിയോഗിച്ചിരുന്നു. പൊതുസുരക്ഷാ വിഭാഗം ഹറമിലെ തിരക്കറിയിച്ചു എസ്.എം.എസ് സന്ദേശങ്ങൾ അയച്ചു. ഹറം സുരക്ഷ സേനയുമായി സഹകരിച്ച് പ്ളാസ്റ്റിക് ബാരിക്കേഡ് ഉപയോഗിച്ച് നമസ്കാര സ്ഥലങ്ങൾ വേർത്തിരിച്ചത് തിരക്ക് കുറക്കാനും പോക്കുവരവുകൾ എളുപ്പവും വ്യവസ്ഥാപിതമാക്കാനും സഹായിച്ചു.
നടപാതകളിലെ ഇരുത്തവും നമസ്കാരവും കർശനമായി തടഞ്ഞു. തിരക്ക് നിരീക്ഷിക്കുന്നതിന് 14 ടവറുകൾ സുരക്ഷ വകുപ്പ് ഹറം മുറ്റങ്ങളിൽ ഒരുക്കിയിരുന്നു. നൂതനമായ കാമറകളും വിവിധ ഭാഗങ്ങളിൽ നിരീക്ഷണത്തിനായി ഘടിപ്പിച്ചിരുന്നു. ട്രാഫിക് വകുപ്പിന് കീഴിൽ ഹറമിനടുത്തും ഹറമിലേക്കെത്തുന്ന റോഡുകളിലും ഗതാഗത നിയന്ത്രണത്തിന് കൂടുതൽ പേർ രംഗത്തുണ്ടായിരുന്നു. ഹറമിനടുത്ത് തിരക്ക് കുറക്കാൻ മക്ക പ്രവേശന കവാടങ്ങൾക്കടുത്ത് ഒരുക്കിയ പാർക്കിങ് സ്ഥലങ്ങളിലേക്ക് വാഹനങ്ങൾ തിരിച്ചുവിട്ടു. ഹറമിലേക്കും തിരിച്ചും യാത്രക്ക് പത്ത് സ്റ്റേഷനുകളിൽ നിന്ന് 2000 ഒാളം ബസുകൾ മേഖല ഗവർണറേറ്റ് ഒരുക്കിയിരുന്നു. മുൻകരുതലെടുത്തായും ഏത് അടിയന്തിരഘട്ടം നേരിടാൻ സജ്ജമാണെന്നും സിവിൽ ഡിഫൻസ് ട്വിറ്ററിലൂടെ നേരത്തെ അറിയിച്ചിരുന്നു. മക്ക മുനിസിപ്പാലിറ്റി ഹറമുകൾക്കടുത്ത് ശുചീകരണ ജോലികൾക്ക് കൂടുതലാളുകളെ നിയോഗിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
