ഹംദാൻ ബിൻ റാശിദ് കാൻസർ ഹോസ്പിറ്റൽ: അൽ ജലീല ഫൗണ്ടേഷന് ദുബൈ ചേംബേഴ്സ് 1.5 കോടിയുടെ സംഭാവന
text_fieldsദുബൈ: ഏറ്റവും ആധുനിക സൗകര്യങ്ങളോടെ ദുബൈയിൽ നിർമിക്കുന്ന ഹംദാൻ ബിൻ റാശിദ് കാൻസർ ആശുപത്രിയെ പിന്തുണക്കുന്നതിനായി അൽ ജലീല ഫൗണ്ടേഷന് 1.5 കോടി ദിർഹം സംഭാവന നൽകി ദുബൈ ചേംബേഴ്സ്.
ദുബൈ ചേംബേഴ്സ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദുബൈ ചേംബേഴ്സ് ചെയർമാൻ അബ്ദുൽ അസീസ് അബ്ദുല്ല അൽ ഖുറൈറും അൽ ജലീല ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് ചെയർപേഴ്സൺ ഡോ. രാജ ഈസ അൽ ഗുർഗും ഇതുസംബന്ധിച്ച് ധാരണപത്രത്തിൽ ഒപ്പുവെച്ചു.
56,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള കാൻസർ ഹോസ്പിറ്റൽ നിർമിക്കുന്നത് അൽ ജലീല ഫൗണ്ടേഷനാണ്. 50 ക്ലിനിക്കുകൾ, 30 ക്ലിനിക്കൽ ഗവേഷണ വിഭാഗം, 60 ഇൻഫ്യൂഷൻ റൂമുകൾ, 10 അടിയന്തര ചികിത്സ റൂമുകൾ, അഞ്ച് റേഡിയോതെറപ്പി റൂമുകൾ, 116 ബെഡുകൾ, കാമ്പസിന് ചുറ്റും 19 പൂന്തോട്ടങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ആശുപത്രി കെട്ടിടം. ആശുപത്രിക്ക് ചുറ്റുമുള്ള പൂന്തോട്ടത്തിൽ രോഗികൾക്കും കുടുംബങ്ങൾക്കും സമയം ചെലവിടാനുള്ള പ്രത്യേക ഇടം ഒരുക്കും.
രോഗികളുടെ മാനസിക ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന രീതിയിലായിരിക്കും പൂന്തോട്ടത്തിന്റെ നിർമാണം. കൂടാതെ വിദഗ്ധരായ നഴ്സിങ് ജീവനക്കാർ ഉൾപ്പെടുന്ന പ്രത്യേക ടീമിനെയും നിയമിക്കും.
ചില ചികിത്സകളും സേവനങ്ങളും രോഗികൾക്ക് വീട്ടിൽവെച്ചുതന്നെ നേടാനുള്ള സൗകര്യവും ഒരുക്കുന്നതോടൊപ്പം താങ്ങാവുന്ന തുടർ പരിചരണം ഉറപ്പുവരുത്തുകയും ചെയ്യും. രോഗികളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നതിൽ ദുബൈ ആരോഗ്യവകുപ്പിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.