ഹാബിറ്റാറ്റ് സ്കൂളുകൾക്ക് വേൾഡ് ഡിജിറ്റൽ ഫെസ്റ്റ് ഉച്ചകോടിയിൽ ആദരം
text_fieldsവേൾഡ് ഡിജിറ്റൽ ഫെസ്റ്റ് ഉച്ചകോടിയിൽ കോഡിങ്, എ.ഐ ട്രയൽ ബ്ലേസർ അവാർഡുകൾ ഹാബിറ്റാറ്റ് സ്കൂളുകളുടെ പ്രതിനിധി സി.ടി. ആദിൽ അവാർഡ് ഏറ്റുവാങ്ങുന്നു
അജ്മാൻ: ഇന്ത്യൻ പാഠ്യപദ്ധതിയിലുള്ള അജ്മാനിലെ ഏറ്റവും വലിയ ഇന്ത്യൻ സ്കൂൾ ഗ്രൂപ്പായ ഹാബിറ്റാറ്റ് സ്കൂളിന് അമേരിക്കയിൽ നടന്ന വേൾഡ് ഡിജിറ്റൽ ഫെസ്റ്റ് ഉച്ചകോടിയിൽ ആദരം. ജനുവരി 30ന് മെസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എം.ഐ.ടി) നടന്ന ഉച്ചകോടിയിൽ കോഡിങ്, എ.ഐ ട്രയൽ ബ്ലേസർ അവാർഡുകൾ നൽകിയാണ് ഡിജിറ്റൽ വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകുന്ന ഹാബിറ്റാറ്റ് സ്കൂളുകളെ ആദരിച്ചത്. ഹാബിറ്റാറ്റ് സ്കൂളുകളെ പ്രതിനിധീകരിച്ച് അക്കാദമിക് കൺസൾട്ടന്റ് സി.ടി. ആദിൽ അവാർഡ് ഏറ്റുവാങ്ങി. എ.ഐ ആൻഡ് എഡ്ടെക് ഇന്നൊവേറ്ററും സീരിയൽ സംരംഭകനുമായ ജീൻ ആർനൗഡാണ് പുരസ്കാരം സമ്മാനിച്ചത്.
2024ലെ ടീച്ചർ ഓഫ് ദി ഇയർ പുരസ്കാരം നേടിയ ഡിഷോൺ സി വാഷിങ്ടണാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. 2022 ജനുവരിയിൽ ഡിജിറ്റൽ മികവിന് ഗിന്നസ് വേൾഡ് റെക്കോഡും ഹാബിറ്റാറ്റ് സ്കൂൾ സ്വന്തമാക്കിയിരുന്നു. വെബ് ഡെവലപ്മെന്റ് വിഡിയോ ഹാങ്ങൗട്ടി’ൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളെ പങ്കെടുപ്പിച്ചതിനാണ് സ്കൂൾ ഗിന്നസ് റെക്കോഡ് നേടിയത്. സൈബർ സ്ക്വയർ എ.ഐ ആൻഡ് റോബോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡിനൊപ്പം ചേർന്ന് കോഡിങ്, റോബോട്ടിക്സ്, ഐ.ഒ.ടി, എന്നിവയിൽ കൂടുതൽ മികവ് പുലർത്താൻ ഹാബിറ്റാറ്റ് സ്കൂൾ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്.
കൂടാതെ, 2017 ഒക്ടോബർ 28ന് ആരംഭിച്ച ഹാബിറ്റാറ്റ് ഡിജിറ്റൽ ഫെസ്റ്റ് പ്ലാറ്റ്ഫോം, വിദ്യാർഥികൾക്ക് അവരുടെ കോഡിങ്ങും സാങ്കേതിക വൈദഗ്ധ്യവും പ്രദർശിപ്പിക്കുന്നതിനുള്ള വേദിയുമൊരുക്കിയിരുന്നു. കുട്ടികളുടെ കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച അവസരമാണ് ഡിജിറ്റൽ ഫെസ്റ്റ് സമ്മാനിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.