'ഹബീബി... കം ടു ദുബൈ'; ടിക്ടോക്കിലും ഹിറ്റായി നഗരം
text_fieldsദുബൈ: ലോകത്തെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് ദുബൈ. അവസാനമായി പുറത്തുവന്ന ടിക്ടോക് ട്രാവൽ സൂചികയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ ലഭിച്ച വിഡിയോകൾ ദുബൈ ഹാഷ്ടാഗിൽ വന്നതാണെന്ന് വ്യക്തമാകുന്നു. വിഡിയോകൾക്ക് ആകെ ലഭിച്ച കാഴ്ചക്കാർ 8180 കോടിയാണ്. കഴിഞ്ഞ വർഷം ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ലക്ഷ്യസ്ഥാനമെന്ന നിലക്ക് ദുബൈ വിനോദ സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ വർഷം ടിക്ടോക് സൂചികയിൽ ന്യൂയോർക്കായിരുന്നു ആദ്യ സ്ഥാനത്ത്. തൊട്ടുപിന്നിലായി രണ്ടാം സ്ഥാനമാണ് എമിറേറ്റിന് ലഭിച്ചിരുന്നത്. എന്നാൽ, ഇത്തവണ വലിയ ലീഡോടെയാണ് ദുബൈ ഒന്നാം സ്ഥാനത്തെത്തിയത്. ടിക്ടോക്കിൽ 140 വ്യത്യസ്ത നഗരങ്ങൾക്ക് ലഭിച്ച വിഡിയോ കാഴ്ചക്കാരിൽ നിന്നാണ് ദുബൈ ആദ്യ സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ ന്യൂയോർക്കിന് ഇത്തവണ 5950 കോടി കാഴ്ചക്കാരെയാണ് ലഭിച്ചത്. പട്ടികയിൽ അബൂദബി 22ാം സ്ഥാനത്താണുള്ളത്. 860 കോടി കാഴ്ചക്കാരാണ് അബൂദബി വിഡിയോകൾക്ക് ലഭിച്ചത്. പട്ടികയിൽ മൂന്നാം സ്ഥാനത്ത് ലണ്ടനും നാലും അഞ്ചും സ്ഥാനങ്ങളിൽ ഇസ്തംബൂളും പാരിസുമാണുള്ളത്.
കഴിഞ്ഞ വർഷം 72 ലക്ഷം അന്തർദേശീയ ടൂറിസ്റ്റുകൾ ദുബൈയിൽ എത്തിയിട്ടുണ്ട്. ഇത് മുൻവർഷത്തേക്കാൾ 32 ശതമാനം വളർച്ചയാണ്.
ടൂറിസം രംഗത്തെ വിവിധ സൂചികകളിൽ ലോകത്തെ ഏറ്റവും ആകർഷകമായ സ്ഥലമായി ദുബൈയെ അടയാളപ്പെടുത്തിയിട്ടുമുണ്ട്.
അഞ്ചു വർഷത്തിനിടയിൽ ടൂറിസം മേഖലയിൽ മാത്രം 30,000 ജോലിസാധ്യതകളാണ് എമിറേറ്റിൽ തുറന്നതെന്നും വിവിധ കണക്കുകൾ വ്യക്തമാക്കുന്നു. ടൂറിസം മേഖല ശക്തമായതോടെ ജൂൺ വരെ ഈ വർഷം റിയൽ എസ്റ്റേറ്റ് മേഖലയിലും 10 ശതമാനം വർധനയുണ്ടായെന്ന് കണക്കുകൾ പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

