ഗുരു വിചാരധാര ഗുരുദേവ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മാധ്യമ രംഗത്തെ സംഭാവനകൾക്ക് ‘ഗൾഫ് മാധ്യമ’ത്തിന് പുരസ്കാരം
text_fieldsഎൻ.കെ. പ്രേമചന്ദ്രൻ, ടി.എം സാലിഹ്, ഇ.ടി. പ്രകാശ്,
പ്രമദ് ബി. കുട്ടി, ഡീജ സച്ചിൻ, കരൺ ശ്യാം, സുലിൻ സുഗതൻ, നൗഷാദ് റഹ്മാൻ
ദുബൈ: യു.എ.ഇയിലെ പ്രമുഖ ശ്രീനാരായണീയ പ്രസ്ഥാനമായ ഗുരു വിചാരധാരയുടെ 2025ലെ ഗുരുദേവ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മാധ്യമ രംഗത്തെ സംഭാവനകൾ പരിഗണിച്ച് ടി.എം. സാലിഹ് (ഗൾഫ് മാധ്യമം), പ്രമദ് ബി. കുട്ടി (മനോരമ ന്യൂസ്), ഇ.ടി. പ്രകാശ് (മാതൃഭൂമി) എന്നിവർക്കാണ് ഗുരുദേവ മാധ്യമ പുരസ്കാരം.
മികച്ച പാർലമെന്റേറിയൻ അവാർഡ് എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കാണ്. ബിസിനസ് എക്സലൻസി അവാർഡിന് നൗഷാദ് റഹ്മാനും തിരഞ്ഞെടുക്കപ്പെട്ടു. യുവ സംരംഭകനുള്ള അവാർഡ് സുലിൻ സുഗതനും യൂത്ത് ഐക്കൺ അവാർഡ് കരൺ ശ്യാമിനും ലഭിക്കും. വനിത സംരംഭകക്കുള്ള അവാർഡ് ഡീജ സച്ചിനും സമഗ്ര സംഭാവനക്കുള്ള ഗുരുശ്രേഷ്ഠ അവാർഡ് എ.കെ. ബുഖാരിക്കും സമ്മാനിക്കും.
സെപ്റ്റംബർ ഏഴിന് ഷാർജ ലുലു സെൻട്രൽ മാളിൽ നടക്കുന്ന ഗുരുജയന്തി പൊന്നോണം ഓണാഘോഷ പരിപാടിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് അവാർഡ് നിർണയ കമ്മിറ്റി അറിയിച്ചു.
പി.ജി. രാജേന്ദ്രൻ, ഒ.പി. വിശ്വംഭരൻ, പ്രഭാകരൻ പയ്യന്നൂർ, ശ്യാം പി. പ്രഭു, ബിനു മനോഹരൻ ഷാജി ശ്രീധരൻ എന്നിവർ ഉൾപ്പെട്ട പുരസ്കാര കമ്മിറ്റിയാണ് ജേതാക്കളുടെ പേരുകൾ പ്രഖ്യാപിച്ചത്. അതിവിപുലമായ ഓണാഘോഷത്തിൽ അത്തപ്പൂക്കളവും ഓണസദ്യയും വൈവിധ്യമാർന്ന കലാപരിപാടികളും പൊതുസമ്മേളനവും സിനിമ പിന്നണി ഗായകൻ വിധു പ്രതാപും രമ്യ നമ്പീശനും നയിക്കുന്ന മ്യൂസിക്കൽ മെഗാ ഷോയും ഉൾപ്പെടെ വിവിധ പരിപാടികളാണ് ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

