ദുബൈയിലേക്കൊഴുകി ഭക്ഷ്യലോകം; ഗൾഫുഡിന് പ്രൗഢ തുടക്കം
text_fieldsഗൾഫുഡ് സന്ദർശിക്കുന്ന ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: ലോക രാജ്യങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന ഭക്ഷ്യവസ്തുക്കളെ പരിചയപ്പെടുത്തുന്ന ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ പ്രദർശനമായ ‘ഗൾഫുഡി’ന്റെ 31ാം പതിപ്പിന് ദുബൈയിൽ പ്രൗഢമായ തുടക്കം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മേള സന്ദർശിച്ചു. ഇത്തവണ രണ്ട് കൂറ്റൻ വേദികളിലായാണ് മേള സംഘടിപ്പിക്കുന്നത്. ദുബൈ വേൾഡ് ട്രേഡ് സെന്റർ, ദുബൈ എക്സിബിഷൻ സെന്റർ (എക്സ്പോ സിറ്റി) എന്നിവിടങ്ങളിലായി നടക്കുന്ന മേളയിൽ ഇത്തവണ ഔദ്യോഗിക പങ്കാളിത്ത രാജ്യം ഇന്ത്യയാണ്. 195 രാജ്യങ്ങളിൽനിന്നുള്ള പ്രമുഖരായ 8500 ഭക്ഷ്യ നിർമാണ കമ്പനികൾ ഏതാണ്ട് 15 ലക്ഷം ഉൽപന്നങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഇന്ത്യൻ പവിലിയനുകളുടെ വലുപ്പം ഇരട്ടിയാക്കി വർധിപ്പിച്ചിട്ടുണ്ട്. 1434 ചതുരശ്ര മീറ്ററാണ് ഇത്തവണ ഇന്ത്യൻ പവിലിയന്റെ വിസ്തീർണം. കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഇത്തവണ പ്രദർശനത്തിനെത്തിയിട്ടുണ്ട്.
കൂടതെ ‘ഫാം ടു ഫോറിൻ’ വിഷന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട എട്ട് പ്രമുഖ ഇന്ത്യൻ അഗ്രി-ടെക് സ്റ്റാർട്ടപ്പുകൾ നൂതന ആശയങ്ങൾ അവതരിപ്പിക്കും. ഇന്ത്യൻ രുചികൾ പരിചയപ്പെടുത്താൻ പ്രമുഖ ഷെഫുമാർ നയിക്കുന്ന ലൈവ് കുക്കിങ് പ്രദർശനവും പവിലിയനുകളിൽ ഒരുക്കിയിട്ടുണ്ട്. അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ (എ.പി.ഇ.ഡി.എ) നേതൃത്വത്തിലാണ് വൻ സജ്ജീകരണങ്ങൾ ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ കാർഷിക-ഭക്ഷ്യ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാൻ 161 പ്രദർശകരാണ് ഇത്തവണ പങ്കെടുക്കുന്നത്.തിരക്കുകൾ നിയന്ത്രിക്കുന്നിനും കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും ലക്ഷ്യമിട്ടാണ് ഇത്തവണ രണ്ട് കുറ്റൻ വേദികളിലായി സംഘടിപ്പിക്കുന്നത്. ലോജിസ്റ്റിക്സ്, സ്റ്റാർട്ടപ്പുകൾ, പുതിയ ഉൽപാദകർ, ഗ്രോസറി ട്രേഡ് എന്നിങ്ങനെ പുതിയ വിഭാഗങ്ങൾ ഇത്തവണ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ഗൾഫുഡ് ഗ്രീൻ’ എന്ന വിഭാഗത്തിലൂടെ പരിസ്ഥിതി സൗഹൃദപരമായ ഭക്ഷ്യോൽപാദന രീതികൾക്ക് മുൻഗണന നൽകും. അഞ്ച് ദിവസങ്ങളിലായി ലക്ഷക്കണക്കിന് സന്ദർശകർ മേളയുടെ ഭാഗമാകും. അതോടൊപ്പം കോടിക്കണക്കിന് ഡോളറിന്റെ വ്യാപാര കരാറുകൾക്കും മേള സാക്ഷ്യം വഹിക്കും. രാവിലെ 10 മുതൽ വൈകീട്ട് ആറുവരെയാണ് സന്ദർശന സമയം. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് പ്രവേശനം. ജനുവരി 30ന് വെള്ളിയാഴ്ച മേള സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

