എജുകഫേ എന്‍ട്രന്‍സ് മാതൃകാ പരീക്ഷ: ഒന്നാം റാങ്കുകാര്‍ക്ക് സ്വര്‍ണമെഡല്‍
text_fieldsദുബൈ: ഉപരിപഠനത്തിനും തൊഴില്‍ മേഖലകള്‍ തെരഞ്ഞെടുക്കുന്നതിനും കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഗള്‍ഫ് മാധ്യമം ഒരുക്കുന്ന എജുകഫേ വിദ്യാഭ്യാസ- കരിയര്‍ മേള വെള്ളിയാഴ്ച ഖിസൈസിലെ ബില്‍വാ ഇന്ത്യന്‍ സ്കൂളില്‍ ആരംഭിക്കും. ഇന്ത്യയിലെയും വിദേശത്തെയും സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ലോക പ്രശസ്ത പ്രചോദന പ്രഭാഷകരും പങ്കെടുക്കുന്ന രണ്ടു ദിവസത്തെ മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2016ല്‍ ആയിരങ്ങളെ ആകര്‍ഷിച്ച് നടത്തിയ എജുകഫേയുടെ ആദ്യ പതിപ്പിനെക്കാള്‍ ഇരട്ടി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇക്കുറി അണിനിരക്കുന്നത്. പേടികൂടാതെ പരീക്ഷകളെ അഭിമുഖീകരിക്കാനും അഭിമുഖങ്ങളെ നേരിടാനും മനസംഘര്‍ഷങ്ങളെ അതിജീവിക്കാനും മികച്ച കരിയര്‍ തെരഞ്ഞെടുക്കാനുമുള്ള പരിശീലന സെമിനാറുകളും ചോദ്യോത്തര സെഷനുകളും മേളയിലുണ്ട്.
മെഡിക്കല്‍, എന്‍ജിനീയറിംഗ് മേഖലയില്‍ തല്‍പരരായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തുന്ന ആള്‍ എബൗട്ട് എന്‍ട്രന്‍സ് എക്സാം എന്ന പ്രത്യേക സെമിനാറില്‍ പ്രമുഖ കരിയര്‍ പരിശീലക ശ്രീവിദ്യാ സന്തോഷ് പ്രഭാഷണവും സംശയ നിവാരണവും നടത്തും. ഉദ്ഘാടന ദിവസമായ മൂന്നിന് ഏഴുമണിക്കാണ് പ്രവേശന പരീക്ഷാ സെമിനാര്‍. നാലിന് രാവിലെ നടക്കുന്ന മാതൃകാ പരീക്ഷക്ക് എന്‍ട്രന്‍സ് പരിശീലന രംഗത്തെ മുന്‍കിട സ്ഥാപനമായ റെയ്സ് എന്‍ട്രന്‍സ് കോച്ചിംഗ് സെന്‍ററിലെ വിദഗ്ധര്‍ നേതൃത്വം നല്‍കും. ഈ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണമെഡലും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ലഭിക്കും.
ഒന്നര മണിക്കൂര്‍ പ്രവേശന പരീക്ഷ ദേശീയ തലത്തില്‍ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ. മെയിന്‍ പരീക്ഷകളുടെ ചെറിയ രൂപമായിരിക്കും. നീറ്റിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളും എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെ.ഇ.ഇ മെയിനില്‍ ഫിസിക്സ് കെമിസ്ട്രി,മാത്തമാറ്റിക്സ് വിഷയങ്ങളുമായിരിക്കും ഉണ്ടാവുക. എന്‍ട്രന്‍സ് എഴുതുന്നതില്‍ പരിചയം നേടാനും പരീക്ഷാഭയം കുറക്കാനും മാതൃക പരീക്ഷ സഹായിക്കും. www.madhyamam.com/educafe എന്ന ലിങ്ക് മുഖേനയാണ് എജുകഫേയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. 043902628 എന്ന നമ്പറില്‍ നിന്ന് മാതൃകാ എന്‍ട്രന്‍സ് പരീക്ഷ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാവും.
ഓര്‍മയില്‍ സൂക്ഷിക്കാന്‍ പകര്‍ത്താം സ്നേഹചിത്രം
ദുബൈ: പ്രവാസ ജീവിതത്തിന്‍െറയും മക്കളുടെ വിദ്യാഭ്യാസ കാലത്തിന്‍െറയും ഓര്‍മചിത്രം പകര്‍ത്താന്‍ ഇക്കുറിയും ഗള്‍ഫ് മാധ്യമം എജുകഫേ നഗരിയില്‍ സ്റ്റുഡിയോ ഒരുങ്ങും. ദുബൈയിലെ ഏറ്റവും പ്രശസ്തമായ സ്റ്റുഡിയോ ഗ്രൂപ്പായ ‘ലെന്‍സ്മാന്‍’ ആണ് കുടുംബ സമേതമുള്ള ആകര്‍ഷകമായ എജുകഫേ നിമിഷങ്ങള്‍ സൗജന്യമായി പകര്‍ത്തി നല്‍കുക. തങ്ങളുടെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫര്‍മാരാണ് മൂന്ന്, നാല് തീയതികളില്‍ എജുകഫേ നഗരിയില്‍ സേവനമനുഷ്ഠിക്കുകയെന്ന് ലെന്‍സ്മാന്‍ ഗ്രൂപ്പ് സ്ഥാപകനും പ്രശസ്ത ഛായാഗ്രാഹകനുമായ ഷൗക്കത്ത് അറിയിച്ചു. ചിത്രത്തിന്‍െറ പകര്‍പ്പ് അപ്പോള്‍ തന്നെ നല്‍കുകയും ചെയ്യും. ദുബൈയില്‍ 1996ല്‍ സ്ഥാപിതമായ ലെന്‍സ്മാന്‍ സ്റ്റുഡിയോ രണ്ടു പതിറ്റാണ്ടായി യു.എ.ഇയുടെ വികസനത്തിന്‍െറയും പ്രവാസി സമൂഹത്തിന്‍െറ മുന്നേറ്റത്തിന്‍െറയും വിസ്മയ കാഴ്ചകളുടെ കാവല്‍ക്കാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
