ആ കൺമണിയെ കാണാൻ ഇനി അച്ഛനില്ല, നോവുന്ന ഓർമയായി നിധിൻ
text_fieldsദുബൈ: പിറക്കാനിരുന്ന കൺമണിയെ കാണാൻ കാത്തിരുന്ന ആ അച്ഛൻ ഇനി കണ്ണീരോർമ. പ്രിയതമയെ സുരക്ഷിതമായി നാട്ടിലെത്തിച്ച് പ്രവാസിലോകത്തെ സാമൂഹികപ്രവർത്തനങ്ങളുടെ തിരക്കിലേക്കു നീങ്ങുന്നതിനിടെ കോഴിക്കോട് പേരാമ്പ്ര സ്വദേശി നിധിൻ ചന്ദ്രൻ എന്നേക്കുമായി കണ്ണടച്ചു. യു.എ.ഇയിൽനിന്ന് കേരളത്തിലേക്കു പുറപ്പെട്ട ആദ്യ വിമാനത്തിൽ ഭാര്യ ആതിര നാട്ടിലേക്കു മടങ്ങി ഒരു മാസം പിന്നിടുമ്പോഴാണ് ഉറക്കത്തിനിടെ ഹൃദയാഘാതത്തിൽ നിധിെൻറ മരണം. അവസാന വേളയിലും രോഗികൾക്ക് ആവശ്യമായ രക്തദാനം ഉറപ്പാക്കി കിടന്നുറങ്ങിയ ചെറുപ്പക്കാരെൻറ വേർപാടിലുള്ള ഞെട്ടലിലാണ് പ്രവാസലോകം.
ദുബൈയിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറായ നിധിനും െഎ.ടി എൻജിനീയറായ ആതിരയും ലോക്ഡൗണിൽ ദുരിതത്തിലായ പ്രവാസികൾക്കുവേണ്ടി മുന്നിട്ടിറങ്ങിയ ദമ്പതികളായിരുന്നു.
ലോക്ഡൗണിൽ കുടുങ്ങിപ്പോയ ഗർഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് അമ്മമാരുടെ പ്രതിനിധിയായി ഇൻകാസിെൻറ നേതൃത്വത്തിൽ ആതിര സുപ്രീംകോടതിയെ സമീപിച്ചത് നിധിൻ പകർന്ന ധൈര്യത്തിലായിരുന്നു. നിയമപോരാട്ടത്തിനൊടുവിൽ യാത്രക്ക് അനുമതി ലഭിച്ചതോടെ, ആതിരക്ക് സമ്മാനമായി ഷാഫി പറമ്പിൽ എം.എൽ.എ ടിക്കറ്റ് നൽകിയപ്പോൾ സ്നേഹത്തോടെ സ്വീകരിച്ചെങ്കിലും അർഹരായ രണ്ടു പ്രവാസികൾക്ക് ടിക്കറ്റ് എടുത്തുനൽകിയാണ് ഇൗ ചെറുപ്പക്കാരൻ തെൻറ കരുതൽ പ്രകടിപ്പിച്ചത്.
ആതിര നാട്ടിലേക്കു മടങ്ങിയതോടെ റിലീഫ് പ്രവർത്തനങ്ങളിൽ വീണ്ടും സജീവമാവുകയായിരുന്നു ഇൻകാസ് യൂത്ത്വിങ് നേതാവുകൂടിയായ നിധിൻ. പ്രവാസിലോകത്തെന്നപോലെ നാട്ടിലെയും രക്തദാന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. രക്തം ആവശ്യപ്പെട്ട് നിധിന് ഒരു കാൾ ലഭിച്ചാൽ ഏതു അപൂർവ ഗ്രൂപ്പാണെങ്കിലും അതു സംഘടിപ്പിച്ചുനൽകി എന്നുറപ്പാക്കിയശേഷമേ നിധിൻ വിശ്രമിക്കാറുള്ളൂ എന്ന് കൂട്ടുകാർ ഒാർമിക്കുന്നു.