Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right43 പ്രവാസവർഷക്കാലം...

43 പ്രവാസവർഷക്കാലം പൊന്നാനിക്കാരുടെ കൂടെ, ഇനി തിരികെ പൊന്നാനിയിലേക്ക്​

text_fields
bookmark_border
43 പ്രവാസവർഷക്കാലം പൊന്നാനിക്കാരുടെ കൂടെ, ഇനി തിരികെ പൊന്നാനിയിലേക്ക്​
cancel

43 വർഷക്കാലത്തെ പ്രവാസജീവിതത്തിനു ശേഷം സ്വദേശത്തേക്ക് തിരിച്ചു പോകുകയാണ് പൊന്നാനി ചോന്താം വീട്ടിൽ അബ്ദുൽ ഖാദർ. 1977 ലെ സ്വാതന്ത്ര്യ ദിനത്തിലാണ് ഷാർജയിൽ എത്തുന്നത്. 16ാം വയസിൽ പാടത്തു ഷട്ടിൽ കളിക്കി​െട സുഹൃത്തുക്കൾ പറഞ്ഞറിഞ്ഞാണ്​ പാസ്സ്‌പോർട്ട് ശരിയാക്കാൻ കൊടുക്കുന്നത്. 15 ദിവസത്തിനകം പാസ്സ്‌പോർട്ട് കിട്ടി. ദിവസങ്ങൾക്കുള്ളിൽ സുഹൃത്ത് അയച്ചു കൊടുത്ത വിസയും.

പ്രവാസത്തിനു തുടക്കമിട്ട് വിമാനമിറങ്ങിയ ഷാർജ എയർപോർട്ടിൽ തന്നെ പ്രവാസത്തി​​െൻറ ഔദ്യോഗിക ജീവിതം നയിക്കാനുള്ള നിയോഗം അബ്ദുൽ ഖാദറിനുണ്ടായി. തുടക്കത്തിൽ കാറ്ററിങ് വിഭാഗത്തിൽ, പിന്നീട് റിട്ടയർ ചെയ്യുന്നത് വരെ ഡ്യൂട്ടി ഫ്രീഷോപ്പിൽ പബ്ലിക് റിലേഷൻഷിപ്പ് മാനേജറായിരുന്നു. ഷാർജയായിരുന്നു അന്ന് പ്രധാന ടൂറിസ്ററ് കേന്ദ്രം. പാശ്ചാത്യരടക്കമുള്ള വിദേശികൾ കുടുംബസമേതം ഷാർജയിലായിരുന്നു താമസിച്ചിരുന്നത്. മറ്റു എമിറേറ്റുകളിൽ നിന്നും നാട്ടിലേക്ക് പോകുന്ന പലരും ഷാർജ അൽ വഹ്ദയിൽ നിന്നാണ് അവർക്ക് കൊണ്ട് പോകാൻ സാധനങ്ങൾ വാങ്ങിച്ചിരുന്നത്. രണ്ട് വിമാനങ്ങളായിരുന്നുവത്രെ ഇന്ത്യയിൽ നിന്നുണ്ടായിരുന്നത്. അതിലൊന്ന് ചരക്ക് വിമാനമായി  ഷാർജയിലെത്തും, തിരിച്ചു പോകുന്നത് യാത്രക്കാരുമായും.  

ആദ്യമായി താമസിക്കാൻ അവസരം ലഭിച്ച സുഹൃത്തി​​െൻറ റൂമിലെ ആതിഥ്യ മര്യാദകളും  അവരുടെ സ്നേഹവും ഇന്നുമുണ്ട് മനസ്സിൽ. ജാതിമതദേശ വ്യത്യാസമില്ലാതെ കഴിയുന്ന പത്ത് പേര്. അവരെല്ലാവരും 100 വീതമെടുത്ത് ആയിരം ദിർഹം ഏൽപ്പിച്ചു. ജോലി ശരിയാകുന്നത് വരെ റൂം വാടക, ഭക്ഷണച്ചിലവ് എല്ലാം സൗജന്യം. ജോലി ശരിയായാലും അവരേൽപ്പിച്ച ആയിരം ദിർഹം തിരിച്ചു കൊടുക്കേണ്ടതില്ലെന്നാണത്രെ വ്യവസ്ഥ. അന്ന് മൂന്നു വർഷത്തെ വിസക്ക് വെറും ഇരുപത് ദിർഹം മാത്രം, നീല കളറിലുള്ള ചെറിയ പുസ്തകരൂപത്തിലുള്ള ലേബർ കാർഡടക്കം. സർക്കാർ ആശുപതികളിലെ ചികിത്സയും മറ്റു മിക്ക സർക്കാർ സേവനങ്ങളും സൗജന്യം അല്ലെങ്കിൽ വളരെ ചെറിയ ചാർജ് മാത്രം.

പ്രവാസജീവിതത്തി​​െൻറ തുടക്കം മുതലേ പൊന്നാനി സ്വദേശികളുടെ സാമൂഹിക കൂട്ടായ്മയായ പൊന്നാനി വെൽഫെയർ കമ്മിറ്റിയുടെ ഭാരവാഹിയായി. പ്രവാസിക്കൂട്ടായ്മകളിൽ വേറിട്ട നിരവധി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ  ഈ അസോസിയേഷ​​െൻറ രക്ഷാധികാരികളിൽ ഒരാളാണ് ഖാദർക്ക ഇപ്പോഴും.  
വിവാഹം കഴിഞ്ഞു വൈകാതെ പ്രിയപത്നി സഫീറയെ കൊണ്ട് വന്നു. രണ്ടാണ്മക്കളിൽ മൂത്തയാൾ സ്വകാര്യ കമ്പനിയിൽ എൻജിനീയറാണ്, ഇളയ മകൻ സി.എം.എ  വിദ്യാർത്ഥിയും. പിറന്ന നാട്ടിൽ ജീവിച്ചതി​​െൻറ രണ്ടര ഇരട്ടിയോളം കാലം പ്രവാസമണ്ണിൽ ചിലവിട്ടു. ബന്ധങ്ങളും സാഹചര്യങ്ങളും ഉപയോഗപ്പെടുത്തി പലരെയും ഷാർജയിൽ കൊണ്ട് വരാനും അവർക്ക്  ഷാർജ എയർപോർട്ടിലടക്കം നിരവധി കമ്പനികളിൽ ജോലി ശരിയാക്കി കൊടുക്കാൻ കഴിഞ്ഞതും പൊന്നാനിക്കാരുടെ ക്ഷേമത്തിനായി രൂപം നൽകിയ കമ്മിറ്റി ഒരു സജീവ പ്രസ്​ഥാനമായി മാറിയതും തിരിച്ചു പോകുമ്പോൾ മനസ്സിലെ ഏറ്റവും വലിയ സന്തോഷമാണ്​ അബ്ദുൽ ഖാദറിന്​.  

..............

തയാറാക്കിയത്​: വി.എം നവാസ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - GULF NEWS KHADER
Next Story