ഫുജൈറ ദീവാനിൽ 45 വർഷ സേവനം; മുത്തലിബ് ഇനി ജന്മ നാട്ടിലേക്ക്
text_fields
ഫുജൈറ: നീണ്ട 45 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് അബ്ദുല്‍ മുത്തലിബ് അന്തൂരവളപ്പില്‍ സ്വന്തം നാടായ ഗുരുവായൂര്‍ വടക്കെക്കാട്ടെക്ക് മടങ്ങുന്നു. പ്രവാസം തുടങ്ങിയത് മുതല്‍ ജോലിയില്‍ നിന്ന് പിരിയുന്നത് വരെ ഒരേ സ്ഥാപനത്തില്‍ സേവനമനുഷ്ഠിച്ചു എന്ന പ്രത്യേകതയുമുണ്ട് മുത്തലിബിന്‍റെ പ്രവാസത്തിന്.
1975 മെയ് 14 ന് ബോംബെ തുറമുഖത്തു നിന്ന് കപ്പല്‍ കയറിയ മുത്തലിബ് അഞ്ചു ദിവസങ്ങള്‍ക്കു ശേഷം ദുബൈ റാഷിദ് പോര്‍ട്ടില്‍ കപ്പലിറങ്ങി. അവിടെ നിന്ന് ഫുജൈറയില്‍ എത്തി ആഗസ്റ്റ് മാസത്തില്‍ ഫുജൈറ ദീവാനില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇപ്പോള്‍ ഫുജൈറ മ്യൂസിയം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലായിരുന്നു അന്ന് ദീവാന്‍ സ്ഥിതി ചെയ്തിരുന്നത്. നാലു ജോലിക്കാർ മാത്രമുണ്ടായിരുന്ന സ്ഥാപനത്തിലെ ഒരേയൊരു ഇന്ത്യക്കാരനായിരുന്നു മുത്തലിബ്. അന്ന് ഒരു വകുപ്പ് മാത്രമുണ്ടായിരുന്ന ഫുജൈറ ദീവാന്‍ 1978 ല്‍ ആണ് ഇന്ന് കാണുന്ന കെട്ടിടത്തിലേക്ക് മാറിയത്. ഇപ്പോൾ 15 വകുപ്പുകളും 500ലധികം ജോലിക്കാരുമായി മൂന്ന് കെട്ടിടങ്ങളിലായി ഫുജൈറ ഭരണ കാര്യാലയം സ്ഥിതി ചെയ്യുന്നു.
വൈദ്യുതി വ്യാപകമായിട്ടില്ലാത്ത അക്കാലത്ത് ദൈനംദിന ആവശ്യത്തിനുള്ള വെള്ളം കിണറ്റില്‍ നിന്ന് കോരിയും കഠിനമായ ചൂടിനെ അതിജീവിക്കാന്‍ പുതപ്പ് ഇടയ്ക്കിടെ വെള്ളത്തില്‍ നനച്ചു ശരീരത്തില്‍ പുതച്ചും മറ്റുമാണ് ആളുകൾ കഴിഞ്ഞിരുന്നത്. ഫുജൈറയുടെ ഇന്ന് കാണുന്ന സ്ഥിതിയിലെക്കുള്ള ഘട്ടം ഘട്ടമായുള്ള വളര്‍ച്ചയും ജനങ്ങളുടെ ജീവിത രീതിയില്‍ വന്ന മാറ്റങ്ങളും അനുഭവിച്ചറി യാന്‍ കഴിഞ്ഞത് വലിയൊരു ജീവിതാനുഭവമായി ഓര്‍ക്കുന്നു.
ഈ നീണ്ടകാലയളവില്‍ സ്വദേശികളും വിദേശികളുമായി വലിയ ഒരു സൗഹൃദ വലയം തന്നെ ഉണ്ടാക്കി എടുക്കാന്‍ മുതലിബിനു സാധിച്ചിട്ടുണ്ട്. ജോലി ചെയ്ത സ്ഥാപനത്തിലെ ചെറുതും വലുതുമായ തസ്തികയില്‍ ഉള്ള ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച പിന്തുണയും സ്നേഹവും എന്നും ഓര്‍ത്തെടുക്കാനുള്ള മുതല്‍ കൂട്ടായി മുത്തലിബ് കാണുന്നു. ജോലി ആവശ്യാര്‍ത്ഥം ഒരിക്കല്‍ മൊറോക്കോ സന്ദര്‍ശിക്കാനുള്ള ഭാഗ്യവും ലഭിച്ചു. യു.എ.ഇ യുടെ രാഷ്ട്ര പിതാവായ ശൈഖ് സായിദ്, ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് റാഷിദ് മക്തൂം, ലോക നേതാക്കളായ എലിസബത്ത് രാജ്ഞി, യാസര്‍ അറഫാത്ത് തുടങ്ങിയവരെ നേരിട്ട് കാണാന്‍ സാധിച്ചതും സന്തോഷ മുഹൂർത്തങ്ങൾ.
ഫുജൈറയില്‍ പല കാലങ്ങളിലായി ബേക്കറി, സെന്‍ട്രല്‍ പച്ചക്കറി മാർക്കറ്റില്‍ കഫറ്റീറിയ, മുനിസിപ്പാലിറ്റി ക്യാമ്പില്‍ സൂപ്പര്‍മാര്‍ക്കറ്റ്, ഫ്ലോര്‍മില്‍ തുടങ്ങിയ വിവിധ കച്ചവട സ്ഥാപനങ്ങള്‍ക്ക് തുടക്കംകുറിച്ച് വിജയപരാജയങ്ങള്‍ നേരിട്ട കഥകളും പറയാനുണ്ട് മുത്തലിബിന്. എല്ലാ അര്‍ത്ഥത്തിലും സ്നേഹവും അനുഗ്രഹങ്ങളും നല്‍കി ദീര്‍ഘകാലം ചേർത്തു നിർത്തിയ ഈ മണ്ണിനോട് വിട്ടുപിരിയുന്നതില്‍ ദുഃഖമുണ്ടെങ്കിലും സ്വന്തം നാട്ടിലേക്കാണ് യാത്ര എന്ന സന്തോഷത്തില്‍ ആണ് മൂന്ന് പെണ്മക്കളുടെ പിതാവായ അബ്ദുല്‍ മുത്തലിബ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
