ഷാർജയിൽ 'ഓണോത്സവം' തിരുതകൃതി...
text_fieldsആഘോഷങ്ങളുടെ അമിട്ടിന് തിരികൊളുത്തി ഓണക്കാലമെത്തി. ഇനിയുള്ള ദിനങ്ങൾ പ്രവാസികൾക്ക് ഓണാഘോഷങ്ങളുടേതാണ്. ഈ ആഘോഷങ്ങൾക്ക് ഉത്സവഛായ പകരാൻ ഷാർജ സഫീർ മാളിലേക്ക് ഗൾഫ് മാധ്യമവും എത്തുകയാണ്. ഷാർജ ഇതുവരെ കണ്ടിട്ടില്ലാത്ത ആഘോഷപ്പൊലിമയോടെ സെപ്റ്റംബർ 17, 18 തീയതികളിൽ 'ഓണോത്സവം' ഇവിടെ അരങ്ങ് തകർക്കും. സഫീർ മാളുമായി ചേർന്ന് നടത്തുന്ന ഓണാഘോഷത്തിലെ പ്രധാന പരിപാടികൾ...
പൂക്കളം
പൂക്കളുടെ ഉത്സവമാണല്ലോ ഓണം. മുൻകാലങ്ങളിലെ പോലെ പുലർച്ച മുതൽ പുഷ്പങ്ങൾ തേടിയിറങ്ങുന്ന യാത്രകളെല്ലാം ഇപ്പോൾ ഓർമകൾ മാത്രമാണ്. പ്രവാസ ലോകത്ത് ഇത്തരം പൂക്കൾ കിട്ടുക അത്ര എളുപ്പവുമല്ല. എങ്കിലും, പ്രധാന ഹൈപ്പർമാർക്കറ്റുകളിലെല്ലാം നിറയെ പൂക്കൾ എത്തിയിട്ടുണ്ട്. മികച്ച ഓണപ്പൂക്കളമൊരുക്കുന്നവരെ 'ഗൾഫ് മാധ്യമം' ഓണോത്സവത്തിൽ കാത്തിരിക്കുന്നത് മികച്ച സമ്മാനങ്ങളാണ്. രണ്ട് മുതൽ അഞ്ച് വരെ അംഗങ്ങളുള്ള ടീമിന് പങ്കെടുക്കാം. ഒരു മണിക്കൂറാണ് സമയം അനുവദിക്കുക. വ്യത്യസ്തമായ ഓണപ്പൂക്കളവുമായി എത്തിയാൽ സമ്മാനവുമായി മടങ്ങാം.
ചിത്രരചന
ഓണം കുട്ടികളുടെ കൂടി ആഘോഷമാണ്. അവർക്കും നിരവധി സമ്മാനങ്ങളാണ് ഓണോത്സവത്തിൽ കാത്തിരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടതാണ് ലിറ്റിൽ ആർട്ടിസ്റ്റ് മത്സരം. കുട്ടികളുടെ കലാവാസനകൾ ലോകത്തിന് മുന്നിൽ സമർപ്പിക്കാനുള്ള വേദിയാണിത്. വരകളുടെ ലോകത്ത് അവരെ പ്രോൽസാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ലിറ്റിൽ ആർടിസ്റ്റ് സംഘടിപ്പിക്കുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് പങ്കെടുക്കാം.
കുടുംബ പാചകം
പ്രവാസികൾ പലരും പാചക വിദഗ്ദരായത് ഗൾഫിലെത്തിയ ശേഷമായിരിക്കും. എന്നാൽ, നിങ്ങളുടെ ഈ വൈദഗ്ദ്യം വീടകങ്ങളിൽ മാത്രം ഒതുങ്ങി നിന്നാൽ മതിയോ. പാചകരംഗത്തെ പുലികളെ കണ്ടെത്താനാണ് ഓണോത്സവത്തിൽ 'കുക്ക് വിത്ത് കുടുംബം' മത്സരം നടത്തുന്നത്. രണ്ടോ അതിലധികമോ ഉള്ള കുടുംബാംഗങ്ങൾക്ക് പങ്കെടുക്കാം. വീടകങ്ങളിലെ നിങ്ങളുടെ സ്പെഷ്യൽ ഡിഷസ് മറ്റുള്ളവരുമായും പങ്കിടാം. ഒരു മണിക്കൂറാണ് സമയം. ഒരു ടീമിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് വരെ പങ്കാളിയാവാം.
വടംവലി
വടംവലിയില്ലാതെ എന്ത് ഓണമാണ് മലയാളികൾക്ക്. അരയിൽ കച്ചമുറുക്കി, വടമെടുത്ത് തോളിലിട്ട്, പാദങ്ങൾ ചേർത്തണച്ച്, കയറിനാൽ കോർത്തിണക്കി, ഒരേമനസോടെ, ഒരേ കരുത്തോടെ, കാലിടറാതെ, കൈയഴയാതെ 16 പടയാളികൾ കൊമ്പുകോർക്കുന്ന വടംവലിയുടെ ആവേശപ്പോരാട്ടം കാണാനും പങ്കെടുക്കാനും അടുത്ത ശനിയും ഞായറും ഷാർജ സഫീർ മാളിലെത്തിയാൽ മതി. അഞ്ച് മുതൽ എട്ട് പേർ വരെ അടങ്ങുന്ന സംഘങ്ങൾക്ക് പങ്കെടുക്കാം. വമ്പൻ സമ്മാനങ്ങൾ കാത്തിരിക്കുന്നുണ്ടെങ്കിലും എൻട്രി ഫീസില്ലാതെ രജിസ്റ്റർ ചെയ്യാം. 18 വയസിന് മുകളിലുള്ളവരായിരിക്കണം.
പായസ മത്സരം
ഓണക്കാലത്തെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് പായസം. വ്യത്യസ്ത പായസങ്ങൾ പിറവിയെടുക്കുന്ന കാലം കൂടിയാണിത്. പാൽ പായസം മുതൽ ഈത്തപ്പഴം ഉപയോഗിച്ച് പോലും പായസമുണ്ടാക്കുന്നു. പായസത്തിലെ രാജാക്കൻമാരെ കണ്ടെത്തുന്ന മത്സരമായിരിക്കും 'പായസപ്പെരുമ'. ഒരു മണിക്കൂറിനുള്ളിൽ പായസം തയാറാക്കി സ്റ്റാറാകാം. ഫൈനൽ മത്സരം തത്സമയമായിരിക്കും. മികച്ച പായസത്തിന് സമ്മാനം നൽകും.
കപ്പ്ൾ കോണ്ടസ്റ്റ്
പെർഫെക്ട് മാച്ച് ദമ്പതികളുടെ മനപ്പൊരുത്തം അളക്കാനുള്ള മത്സരമായിരിക്കും കപ്പ്ൾ കോണ്ടസ്റ്റ്. കുസൃതി ചോദ്യങ്ങളും രസകരമായ മത്സരങ്ങളുമാണ് ഈ കോണ്ടസ്റ്റിന്റെ പ്രത്യേകത. ഒന്നിലധികം റൗണ്ടുകളുടെ കടമ്പ കടന്ന് വേണം ഫൈനലിലെത്താൻ. രസകരമായി മുന്നേറുന്ന മത്സരത്തിൽ ജയിക്കുന്നവരെ മനപ്പൊരുത്തമുള്ള ദമ്പതികളായി തെരഞ്ഞെടുക്കും. സമ്മാനങ്ങളും നൽകും. ഓണോത്സവത്തിലെ ഏറ്റവും ശ്രദ്ധേയ മത്സരങ്ങളിൽ ഒന്നാണിത്. ഒന്നിലധികം പേർക്ക് സമ്മാനങ്ങളും നൽകും.
പങ്കെടുക്കാൻ എന്ത് ചെയ്യണം
ഈ മത്സരങ്ങളിൽ പങ്കെടുക്കണമെങ്കിൽ മുൻകൂട്ടി രജിസ്ട്രേഷൻ ആവശ്യമാണ്. https://onam.madhyamam.com എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്ത ശേഷം സെപ്റ്റംബർ 17, 18 തീയതികളിൽ ഷാർജ അൽനഹ്ദയിലെ സഫീർ മാളിലെത്താൻ. വിദഗ്ദ ജഡ്ജുമാരുടെ പാനലായിരിക്കും മത്സരങ്ങൾ നിയന്ത്രിക്കുക. കളിചിരികൾ നിറഞ്ഞ ഓണോത്സവത്തിൽ അവതാരകരായി എത്തുന്നത് യു.എ.ഇയിലെ സെലിബ്രിറ്റി അവതാരകരായിരിക്കും. കുടുംബ സമേതം ഒരുമിച്ച് ചേരാനും ചിരിച്ചുല്ലസിക്കാനുമുള്ള വേദിയായിരിക്കും ഓണോത്സവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

