ഗൾഫ് മാധ്യമം’ കമോൺ കേരളയിൽ ‘ഡസർട്ട് മാസ്റ്റർ’ പാചക മത്സരം
text_fieldsഷാർജ: പുതിയ ഷെഫുമാർ പിറവിയെടുക്കുന്ന ലോകമാണ് പ്രവാസലോകം. നാട്ടിൽ കട്ടൻ ചായ ഉണ്ടാക്കാൻ അറിയാത്തവർപോലും ഗൾഫിലെത്തിയാൽ ഗംഭീര കുക്കാകും. മന്തി മുതൽ ഫലൂദ വരെ ഏത് ഐറ്റവും അവരുടെ കൈപുണ്യത്തിൽ പിറവികൊള്ളും. സ്ത്രീകളാണെങ്കിൽ, ഒരു പടികൂടി കടന്ന് സോഷ്യൽ മീഡിയയിലെ സ്റ്റാർ ഷെഫാകും. ഇവർക്കെല്ലാം മാറ്റുരക്കാനും സമ്മാനം നേടാനും വേദിയൊരുക്കുന്നുണ്ട് ‘ഗൾഫ് മാധ്യമം’ കമോൺ കേരളയിൽ. മേയ് 19, 20, 21 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന മഹാമേളയിലെ ‘ഡെസേർട്ട് മാസ്റ്റർ’ തത്സമയ പാചകമത്സരം പുതിയ താരപ്പിറവികൾക്ക് വേദിയൊരുക്കും.
സാധാരണ പാചകമത്സരങ്ങളില്നിന്ന് വ്യത്യസ്തമായി മധുരമൂറുന്ന ഡെസേര്‍ട്ട് സ്പെഷല്‍ വിഭവങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്. ഐസ്ക്രീം, പായസം, പുഡിങ് തുടങ്ങിയവയിലെല്ലാം നിങ്ങള്‍ നടത്തിയ പരീക്ഷണങ്ങള്‍ ലോകത്തിനുമുന്നിൽ അവതരിപ്പിക്കാം. നൂതനവും സ്വാദ് ഏറിയതുമായ പരീക്ഷണങ്ങൾക്കാണ് പ്രധാനമായും സമ്മാനങ്ങൾ നൽകുന്നത്. പാചക കലയിലെ പുലികൾ പങ്കെടുത്ത ‘ഡെസേർട്ട് മാസ്റ്ററി’ന്റെ വിജയത്തിന് ശേഷമാണ് കമോൺ കേരളയിലും ഈ പരിപാടി കൂടുതൽ പുതുമകളോടെ എത്തുന്നത്.
വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന മത്സരശേഷം പാചക കലയില്‍ വിദഗ്ധരായ ജഡ്ജിമാരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശനം നല്‍കും. ഷാർജ എക്സ്പോ സെന്ററിൽ കമോൺ കേരള ദിനങ്ങളിൽ നടക്കുന്ന ഫൈനൽ റൗണ്ടിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെയാണ് വിജയിയായി പ്രഖ്യാപിക്കുക.
www.cokuae.com വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇതിന് ശേഷം നിങ്ങളുടെ റെസിപി ചിത്രങ്ങൾ സഹിതം അപ്ലോഡ് ചെയ്യുക. ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്കായിരിക്കും ഡെസേർട്ട് മാസ്റ്ററിന്റെ അടുത്ത റൗണ്ടിലേക്ക് പ്രവേശനം ലഭിക്കുക. ഗൾഫ് മാധ്യമം യു.എ.ഇയുടെ സാമൂഹിക മാധ്യമ പേജുകൾ വഴിയും (https://www.facebook.com/GulfMadhyamamUAE) പങ്കെടുക്കാം. വിദഗ്ധ ജഡ്ജിമാരാണ് റെസിപികൾ പരിശോധിക്കുക. ഇനിയും രജിസ്റ്റർ ചെയ്യാൻ മടിച്ചുനിൽക്കേണ്ട. ഒരുപക്ഷേ, യു.എ.ഇയിലെ നാളത്തെ ഡെസേര്‍ട്ട് മാസ്റ്റര്‍ നിങ്ങളായേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

