ഗൾഫ് മാധ്യമം കമോൺ കേരള; ആഷിഖ് അലിക്ക് കാർ കൈമാറി
text_fieldsദുബൈ: ലക്ഷക്കണക്കിന് സന്ദർശകർ ഒഴുകിയെത്തിയ ‘ഗൾഫ് മാധ്യമം കമോൺ കേരള’യിൽ ഹൈലൈറ്റ് ഗ്രൂപ് പ്രഖ്യാപിച്ച കാംറി കാർ, വിജയി തൃശൂർ ചാവക്കാട് സ്വദേശി ആഷിഖ് അലിക്ക് കൈമാറി. ‘ഗൾഫ് മാധ്യമം’ ദുബൈ സിലിക്കൺ ഒയാസിസ് ഓഫിസിൽ നടന്ന ചടങ്ങിൽ ഹൈലൈറ്റ് ഗ്രൂപ് പ്രതിനിധി നിജിൻ മുഹമ്മദാണ് കാറിന്റെ രേഖകൾ കൈമാറിയത്. കാറിന്റെ താക്കോൽ കമോൺ കേരള വേദിയിൽ തന്നെ കൈമാറിയിരുന്നു.
കമോൺ കേരളയിലെ ഹൈലൈറ്റ് ഗ്രൂപ് പവിലിയൻ സന്ദർശിച്ചവരിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് ആഷിഖ് അലിയെ തിരഞ്ഞെടുത്തത്. സമാപന ദിനത്തിൽ നടന്ന ഹാർമോണിയസ് കേരള വേദിയിൽ ഷാർജ സാമ്പത്തിക വകുപ്പ് അധികൃതരുടെ മേൽനോട്ടത്തിലായിരുന്നു നറുക്കെടുപ്പ്. ഈ സമയം സദസ്സിലുണ്ടായിരുന്ന ആഷിഖ് അലിക്ക് ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, നടൻ കുഞ്ചാക്കോ ബോബൻ, സാമ്പത്തിക വിഭാഗം പ്രതിനിധികൾ എന്നിവർ ചേർന്ന് താക്കോൽ കൈമാറിയിരുന്നു. ദുബൈ സിയാം ട്രേഡിങ് കമ്പനിയിലെ ലോജിസ്റ്റിക് വിഭാഗം ജീവനക്കാരനാണ് ആഷിഖ് അലി.
അർഹനായ വ്യക്തിക്ക് തന്നെ സമ്മാനം നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് നിജിൻ മുഹമ്മദ് പറഞ്ഞു. കമോൺ കേരളയിൽനിന്ന് റെക്കോഡ് വിൽപനയാണ് ഹൈലൈറ്റ് ഗ്രൂപ്പിന് ലഭിച്ചത്. പവിലിയൻ സന്ദർശിച്ചവരിൽ നല്ലൊരു ശതമാനവും നിലവിലുള്ള ഉപഭോക്താക്കളായിരുന്നു. ഭാവിയിൽ കൂടുതൽ അന്താരാഷ്ട്ര പരിപാടികളിൽ ഗൾഫ് മാധ്യമവുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്രയും വലിയ മേളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ആഷിഖ് അലി പറഞ്ഞു.
കുഞ്ചാക്കോ ബോബനെ അടുത്ത് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹത്തിൽനിന്ന് സമ്മാനം നേരിൽ വാങ്ങാൻ കഴിഞ്ഞു. അപ്രതീക്ഷിതമായാണ് സമ്മാനം ലഭിച്ചത്. ‘ഗൾഫ് മാധ്യമ’ത്തിനും ഹൈലൈറ്റ് ഗ്രൂപ്പിനും നന്ദി അറിയിക്കുന്നതായും ആഷിഖ് വ്യക്തമാക്കി. ‘ഗൾഫ് മാധ്യമം-മീഡിയവൺ’ മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അമ്പലന്റെ സാന്നിധ്യത്തിലാണ് രേഖകൾ കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

