നൻപകൽ നേരത്ത് ആഘോഷം; പൊളിച്ചടുക്കാൻ കല്ലുവും മാത്തുവും
text_fieldsഷാർജ: മാജിക് മുതൽ പാചകം വരെ സകല വേലകളും കൈയിലുള്ള വല്ലഭനാണ് കല്ലു. പാചകത്തിൽ പുലിയല്ലെങ്കിൽ വാചകത്തിലും അവതരണത്തിലും പുപ്പുലിയാണ് മാത്തു. ഇരുവരും ചേർന്നാലോ, പിന്നെ പൊടിപൂരമാണ്. ആഘോഷത്തിന്റെ അമിട്ടിന് തിരികൊളുത്തുന്ന കല്ലുവും മാത്തുവും പ്രവാസി ആസ്വാദകരെയും കൈയിലെടുക്കാനെത്തുന്നു. ‘ഗൾഫ് മാധ്യമം’ കമോൺ കേരളയിൽ ഷാർജ എക്സ്പോ സെന്ററിന്റെ പകലുകളെ ആവേശത്തിലാറാടിക്കാൻ രാജ് കലേഷും മാത്തുക്കുട്ടിയുമുണ്ടാകും.
മേളയുടെ മൂന്നു ദിവസവും ‘മച്ചാൻസ് ഇൻ ഷാർജ’ എന്ന പരിപാടിയിലൂടെ കല്ലു-മാത്തു ജോടികൾ മേള നഗരിയിലുടനീളമുണ്ടാകും. ഇന്ത്യൻ പ്രവാസലോകത്തിന്റെ ഏറ്റവും വലിയ വിനോദ, സാംസ്കാരിക, കലാമാമാങ്കത്തിന്റെ ഭാഗമാകാൻ പകൽസമയങ്ങളിൽ ഷാർജ എക്സ്പോ സെന്ററിലെത്തുന്നവരെ സ്വീകരിക്കാനും അവർക്കായി മത്സരങ്ങളൊരുക്കാനും സമ്മാനം വാരിവിതറാനും മച്ചാന്മാർ കളത്തിലിറങ്ങും.
മേളയുടെ മൂന്നു ദിവസവും കല്ലു-മാത്തു വിളയാട്ടമുണ്ടാകും. കുടുംബങ്ങൾക്കും കുട്ടികൾക്കുമുള്ള ക്വിസ്, രസകരമായ മത്സരങ്ങൾ, കുസൃതിച്ചോദ്യങ്ങൾ എന്നിവക്കു പുറമെ ആട്ടവും പാട്ടും കൊട്ടുമെല്ലാമായി ഇവർ മേളനഗരിയെ ഏറ്റെടുക്കും. ഉത്സവാന്തരീക്ഷത്തിലായിരിക്കും കമോൺ കേരളയുടെ ഓരോ പകലും കടന്നുപോകുക.
ഇതുവരെ കാണാത്ത, അനുഭവിക്കാത്ത തരത്തിലുള്ള വ്യത്യസ്ത പരിപാടികൾ ഇവിടെ ആസ്വദിക്കാൻ കഴിയും. ഇന്ത്യയുടെ വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ സംഗമിക്കുന്ന ടേസ്റ്റി ഇന്ത്യയിൽനിന്ന് പുതുരുചികൾ നുണർന്ന്, കല്ലുവിന്റെയും മാത്തുവിന്റെയും ആഘോഷത്തിൽ പങ്കെടുത്ത്, കൈനിറയെ സമ്മാനങ്ങളുമായി മടങ്ങാനുള്ള വേദിയാണ് അഞ്ചാം സീസണിൽ തുറക്കുന്നത്.
വാരാന്ത്യ അവധി ദിനങ്ങളായതിനാൽ പകൽ മുഴുവൻ കുട്ടികൾക്കും കുടുംബങ്ങൾക്കും തകർത്താഘോഷിക്കാനുള്ള എല്ലാ വിഭവങ്ങളും ഇവിടെയുണ്ടാകും. മുൻവർഷങ്ങളിലും കല്ലുവും മാത്തുവും കമോൺ കേരള വേദികളെ സമ്പന്നമാക്കിയിട്ടുണ്ട്. കുടുംബങ്ങൾ കൂട്ടത്തോടെയെത്തുന്ന കമോൺ കേരളയിൽ കുടുംബസമേതം പങ്കെടുക്കാവുന്ന കളികളുമായാണ് കല്ലുവും മാത്തുവും എത്തുന്നത്.
ഏവർക്കും ആസ്വദിക്കാൻ കഴിയുന്ന, അശ്ലീലത്തിന്റെയും ദ്വയാർഥത്തിന്റെയും ശല്യമില്ലാത്ത തമാശകളും മനസ്സിനെ ആഴത്തിൽ സ്വാധീനിക്കുന്ന നവതലമുറ അനുഭവങ്ങളും പ്രതീക്ഷിക്കാം. മജീഷ്യൻ, നർത്തകൻ, പാട്ടുകാരൻ, പാചകവിദഗ്ധൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭയാണ് കല്ലു എന്ന രാജ് കലേഷ്.
അരുൺ മാത്യു എന്ന മാത്തുക്കുട്ടി റേഡിയോ ജോക്കി, സ്ക്രിപ്റ്റ് റൈറ്റർ, അവതാരകൻ, സഞ്ചാരി എന്നിങ്ങനെ പലതരം മുഖങ്ങളുമായി ആസ്വാദകർക്കിടയിലുണ്ട്. ഇരുവരും ചേർന്ന ആഘോഷത്തിമിർപ്പിലേക്കാണ് ഷാർജ എക്സ്പോ സെന്ററിന്റെ വാതിലുകൾ തുറക്കുന്നത്. ‘മച്ചാൻസ് ഇൻ ഷാർജ’യിൽ പങ്കെടുക്കുന്നതിനായി രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

