മറക്കരുത്; ചരക്കല്ല, ഇത് മൃതദേഹം
text_fieldsഗൾഫിൽ ഇന്ത്യക്കാരൻ മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കാൻ ഏതാണ്ട് ഒന്നരലക്ഷത്തിേലറെ രൂപ ചെലവുവരും. വിവിധ ഗൾഫ് രാജ്യങ്ങളിൽ ഇതിൽ ചെറിയ വ്യത്യാസമുണ്ടായേക്കാം. മൃതദേഹത്തിനുള്ള കാർഗോ നിരക്കും കൂടെ പോകുന്നയാളുടെ ടിക്കറ്റിനുമായി ആകെ ചെലവിെൻറ പകുതിയിലേറെ വേണം. പിന്നെ എംബാമിങ്, കാർഗോ ഫീസ്, മൃതദേഹം അടക്കാനുള്ള പെട്ടി, ആംബുലൻസ്, സർട്ടിഫിക്കറ്റ് ഫീസ് എന്നിവയും. മിക്ക വിമാനക്കമ്പനികളും മൃതദേഹം കൊണ്ടുപോകുമെങ്കിലും എയർ ഇന്ത്യക്കും എയർ ഇന്ത്യ എക്സ്പ്രസിനും നാട്ടിലേക്ക് കൂടുതൽ സർവിസുള്ളതിനാൽ ഇവരെയാണ് പ്രധാനമായി ആശ്രയിക്കുന്നത്.
എയർ ഇന്ത്യ തന്നെ പല രാജ്യങ്ങളിൽ വ്യത്യസ്ത രീതിയിലാണ് മൃതദേഹത്തിന് നിരക്ക് ഇൗടാക്കുന്നത്. യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിൽ തൂക്കം നോക്കി നിരക്ക് നിശ്ചയിക്കുേമ്പാൾ കുവൈത്ത്, ബഹ്റൈൻ, സൗദി എന്നിവിടങ്ങളിൽ നിശ്ചിത നിരക്കാണ്. സൗദിയിൽനിന്ന് ഇൗ നിശ്ചിത നിരക്കിനെക്കാൾ കുറഞ്ഞ ചെലവിൽ സൗദിയ എയർലൈൻസ് മൃതദേഹം ഇന്ത്യയിലെത്തിക്കും. യു.എ.ഇയിൽ ഷാർജയുടെ വിമാനക്കമ്പനിയായ എയർ അറേബ്യ എയർ ഇന്ത്യയെക്കാൾ കുറഞ്ഞ നിരക്കിലും നിബന്ധനകളിൽ ഇളവ് വരുത്തിയും ഇന്ത്യക്കാരോട് അനുഭാവം കാണിക്കുന്നു. ഒരാൾ മൃതദേഹത്തെ അനുഗമിക്കണം എന്നത് ചെലവു കൂട്ടുന്ന നിബന്ധനയാണ്.
അനുഗമിക്കുന്നവർക്കും ഉയർന്ന നിരക്ക്
തിരക്കേറിയ സീസണിൽ അവസാന നിമിഷം ടിക്കറ്റെടുക്കുേമ്പാൾ തോന്നിയ നിരക്കാണ് ഇൗടാക്കുക. മൃതദേഹത്തിനൊപ്പം പോകേണ്ട ആളെന്ന പരിഗണനയൊന്നും ലഭിക്കില്ല. എന്നാൽ, നാട്ടിൽ മൃതദേഹം ഏറ്റുവാങ്ങാൻ ആളെ ചുമതലെപ്പടുത്തുന്ന സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തി എത്തിച്ചാൽ ചില രാജ്യങ്ങളിൽ ഇൗ നിബന്ധനയിൽ എയർ ഇന്ത്യ ഇളവ് അനുവദിക്കാറുണ്ട്. പക്ഷേ, നാട്ടിൽനിന്ന് ഇൗ രേഖ സമയത്തിന് കിട്ടാൻ ബുദ്ധിമുട്ടാണ്. എയർ ഇന്ത്യ എക്സ്പ്രസിൽ ഇൗ ഇളവും കിട്ടില്ല. എന്നാൽ, എയർ അറേബ്യ േപാലുള്ള ചില വിദേശ കമ്പനികൾ ഇൗ നൂലാമാലകളൊന്നുമില്ലാതെ മൃതദേഹം ആളില്ലാതെ അയക്കും.
എയർ ഇന്ത്യ ദുബൈയിൽനിന്ന് കേരളത്തിലേക്ക് മൃതദേഹത്തിന് കിലോക്ക് 17 ദിർഹമാണ് (ഏകദേശം 30-0 രൂപ) ഇൗടാക്കുന്നത്. സാധാരണ 100-125 കിലോയാണ് പെട്ടിയടക്കം ഭാരം ഉണ്ടാവുക. കാർഗോ ഫീസ് അടക്കം 2,500 ദിർഹം വരെ (45,000 രൂപ) വരും. അന്താരാഷ്ട്ര വ്യോമഗതാഗത സംഘടന അയാട്ടയാണ് വിവിധ സെക്ടറുകളിലേക്ക് മൃതദേഹം കൊണ്ടുപോകാനുള്ള നിരക്ക് നിശ്ചയിക്കുന്നത്. ഇതാകെട്ട, സാധാരണ ചരക്ക് നിരക്കിനെക്കാൾ കൂടുതലാണ്.
ദുബൈയിൽനിന്ന് അയാട്ട നിരക്കിെൻറ പകുതിയേ തങ്ങൾ ഇൗടാക്കുന്നുള്ളൂവെന്നാണ് എയർ ഇന്ത്യ പറയുന്നത്. 29.35 ദിർഹമാണത്രെ യഥാർഥ നിരക്ക്. ദുബൈയിൽനിന്ന് 25 കിലോമീറ്റർ മാത്രം ദൂരമുള്ള ഷാർജ വിമാനത്താവളത്തിൽനിന്ന് കോഴിക്കോേട്ടക്ക് നിരക്ക് കുത്തനെ കുറയും. കിലോക്ക് ഒമ്പതു ദിർഹം മാത്രം. കാരണം അയാട്ട നിരക്ക് ഷാർജയിൽനിന്ന് 18.95 ദിർഹമാണ്. പക്ഷേ, തിരുവനന്തപുരത്തേക്കും കൊച്ചിക്കും എയർ ഇന്ത്യക്ക് 17 ദിർഹമാണ് കിലോ നിരക്ക്. എയർ അറേബ്യ കേരളത്തിലെവിടേക്കും 10 ദിർഹത്തിൽ താഴെയേ ഇൗടാക്കുന്നുള്ളൂ. ഒമാനിലും കിലോക്ക് ഇതേ നിരക്കുതന്നെയാണ് വിവിധ വിമാനക്കമ്പനികൾ ഇൗടാക്കുന്നത്.
കൊള്ളയടി കുട്ടികളോടും
എയർ ഇന്ത്യയുടെ നിശ്ചിത നിരക്ക് പലയിടത്തും തൂക്ക നിരക്കിനെക്കാൾ കൂടുതലാണ്. ഭാരം കുറഞ്ഞവർക്കും കുട്ടികൾക്കും വരെ വലിയ തുക നൽകേണ്ടിവരുന്നു. തിരക്ക് കുറഞ്ഞ സീസണിൽ യാത്രനിരക്കിൽ വിമാനക്കമ്പനികൾ കുറവ് വരുത്താറുണ്ടെങ്കിലും മൃതദേഹത്തിന് ഇൗ ഇളവൊന്നുമില്ല. എല്ലാ കാലത്തും ഉയർന്ന നിരക്ക് തന്നെ.
കുവൈത്തില് മൃതദേഹം തൂക്കുന്ന പതിവ് ഇല്ലെങ്കിലും നിരക്ക് കൂടും. 220 ദിനാർ (46,000 രൂപക്ക് മുകളിൽ) എന്ന നിശ്ചിത നിരക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് ഇൗടാക്കുന്നത്. മറ്റ് എയർലൈനുകൾ ഏകദേശം 47,000 മുതൽ 72,000 രൂപ വരെ ഇൗടാക്കുന്നുണ്ട്. പക്ഷേ, എംബാമിങ്ങിന് കുവൈത്ത് അധികൃതർ ഫീസൊന്നും വാങ്ങുന്നില്ലെന്ന് ആശ്വസിക്കാം.
സൗദിയിൽനിന്ന് കേരളത്തിലേക്ക് എയർ ഇന്ത്യ തൂക്കമില്ലെങ്കിലും ഉയർന്ന നിരക്കാണ് ഇൗടാക്കുന്നത്. ഏതാണ്ട് 3,200 റിയാൽ (55,000ത്തോളം രൂപ). ഇതോടൊപ്പം കാർഗോ ഏജൻസികൾ സർവിസ് ചാർജ് എന്ന പേരിൽ 300 മുതൽ 1000 വരെ ചിലപ്പോൾ വാങ്ങാറുണ്ടെന്ന് ഇൗ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. എന്നാൽ, സൗദിയ എയർലൈൻസിൽ കിലോക്ക് 17.50 റിയാലാണ്. പരമാവധി 2,200 റിയാലേ വരൂ. എയർ ഇന്ത്യയെക്കാൾ 17,000 രൂപയുടെ കുറവ്. ഖത്തറിൽ 120 കിലോ വരെ 3200 റിയാലാണ് (55,000 രൂപ) നിരക്ക്. 120 കിലോക്ക് മുകളിൽ ഒാരോ കിലോക്ക് ഏകദേശം 2000 രൂപ തോതിൽ നൽകണം. ബഹ്റൈനിൽനിന്ന് മൃതദേഹം കേരളത്തിലെത്തിക്കാൻ വരുന്ന ശരാശരി ചെലവ് ഒരു ലക്ഷത്തോളം വരും. കാർഗോ നിരക്ക് 60,000 രൂപ വരെ. എംബാമിങ് 20,000 രൂപ, പെട്ടി 10,000 രൂപ എന്നിങ്ങനെ.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
