ഇന്ത്യൻ മീഡിയ-വി.പി.എസ് ഭവന പദ്ധതിയിൽ ആദ്യ വീടിന് തറക്കല്ലിട്ടു
text_fieldsഇന്ത്യൻ മീഡിയ-വി.പി.എസ് ഭവനപദ്ധതിയിൽ ആദ്യ വീടിന് തറക്കല്ലിടുന്നു
അബൂദബി: വിദേശരാജ്യങ്ങളിൽ പതിറ്റാണ്ടുകളോളം ജോലി ചെയ്തിട്ടും സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കഴിയാത്ത പ്രവാസികളെ സഹായിക്കാൻ അബൂദബിയിലെ മാധ്യമപ്രവർത്തകരുടെ സംഘടന മുന്നിട്ടിറങ്ങുന്നു. ഇന്ത്യൻ മീഡിയ അബൂദബിയും ആരോഗ്യ സേവന ദാതാക്കളായ വി.പി.എസ് ഹെൽത്തും സംയുക്തമായി നടപ്പാക്കുന്ന ഭവനപദ്ധതിയിലെ ആദ്യ വീടിന്റെ തറക്കല്ലിടൽ ചടങ്ങ് പെരുമാതുറയിൽ നടന്നു. യു.എ.ഇയിലെ ഉമ്മുൽഖുവൈനിൽ മുപ്പത് വർഷത്തിലേറെ ജോലി ചെയ്തിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സ്വന്തമായി വീട് നിർമിക്കാൻ കഴിയാതിരുന്ന പെരുമാതുറ മാടൻവിള സ്വദേശിയാണ് പദ്ധതിയുടെ ആദ്യ ഗുണഭോക്താവ്.
ചടങ്ങിൽ ജനപ്രതിനിധികളുടെയും മത-സാമൂഹിക നേതാക്കളുടെയും സാന്നിധ്യമുണ്ടായിരുന്നു. ഇന്ത്യൻ മീഡിയ പ്രസിഡന്റ് സമീർ കല്ലറ, സെക്രട്ടറി റാശിദ് പൂമാടം എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. മാടൻവിള ജുമാ മസ്ജിദ് ഇമാം ജവാദ് ബാഖവി അൽ-ഹാദി വീടിന് തറക്കല്ലിട്ടു. ജില്ല പഞ്ചായത്ത് അംഗം മിനി ജയചന്ദ്രൻ, അഴൂർ പഞ്ചായത്ത് അധ്യക്ഷ കീർത്തി കൃഷ്ണ, പഞ്ചായത്ത് അംഗങ്ങളായ നെസിയ സുധീർ, സജീവ് ചന്ദ്രൻ, മഞ്ജു അജയൻ, പെരുമാതുറ സ്നേഹതീരം സെക്രട്ടറി സക്കീർ ഹുസൈൻ, പെരുമാതുറ വലിയപള്ളി പ്രസിഡന്റ് നസീർ, സെക്രട്ടറി സുനിൽ, അബൂദബിയിലെ സാംസ്കാരിക പ്രവർത്തകരായ നാസർ വിളഭാഗം, അഹദ് വെട്ടൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മാധ്യമപ്രവർത്തകരും വി.പി.എസ് ഹെൽത്തും ചേർന്ന് നടത്തുന്ന ഈ കാരുണ്യപ്രവർത്തനം ഏറെ മാതൃകാപരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
അടുത്ത മൂന്ന് മാസത്തിനുള്ളിൽ വീടിന്റെ നിർമാണം പൂർത്തിയാക്കി കൈമാറാനാണ് ഇന്ത്യൻ മീഡിയ ലക്ഷ്യമിടുന്നത്. പ്രവാസലോകത്ത് കഷ്ടപ്പെടുന്ന അർഹരായ കൂടുതൽ ആളുകളിലേക്ക് വരുംവർഷങ്ങളിൽ ഈ പദ്ധതി വ്യാപിപ്പിക്കുമെന്നും സംഘാടകർ പത്രക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

