ദുബൈയിൽ ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിക്ക് ഗ്രീൻ ചാനൽ
text_fieldsദുബൈ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ കോൺഫറൻസിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽമീരി, മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി എന്നിവർ
ദുബൈ: ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ അതിവേഗം കുറഞ്ഞ നിരക്കിൽ ദുബൈയിൽ എത്തിക്കുന്നതിന് ഗ്രീൻ ചാനൽ വരുന്നു. നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് ഗ്രീൻ ചാനൽ യാഥാർഥ്യമാക്കുന്നത്. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ കോൺഫറൻസിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരിക്കും ഗ്രീൻ ചാനൽ. ഭക്ഷണത്തിന്റെ ഗുണനിലവാരം അളക്കുന്നത് യന്ത്രങ്ങളായിരിക്കും. ഇതോടെ, കാലതാമസമില്ലാതെ ഉൽപന്നങ്ങൾ നേരിട്ട് മാർക്കറ്റിലേക്ക് എത്തിക്കാൻ കഴിയും. സമയലാഭത്തിനുപുറമെ ചെലവ് കുറക്കാനും പുതിയ സംവിധാനം സഹായിക്കും. ദുബൈ മുനിസിപ്പാലിറ്റിയും പ്രമുഖ കമ്പനിയും തമ്മിൽ ചാനലുണ്ടാക്കിയാണ് ഇടപാടുകൾ യാഥാർഥ്യമാക്കുന്നത്. ജനുവരിയോടെ ആദ്യഘട്ടം നടപ്പാക്കും. ദുബൈ കസ്റ്റംസുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക.
ഗ്രീൻ ചാനൽ നടപ്പാക്കുന്നതോടെ ഭക്ഷ്യ ഇറക്കുമതിയിൽ വൻ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു. നിർമിത ബുദ്ധിയുടെ സഹായത്തോടെ ഭക്ഷ്യ ഇറക്കുമതി സജീവമാക്കുമെന്ന് കഴിഞ്ഞ വർഷം ദുബൈ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഗ്രീൻ ചാനൽ നടപ്പാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് ദിവസത്തെ കോൺഫറൻസ് കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി വകുപ്പ് മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽമീരി ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷക്ക് ഏറെ പ്രാധാന്യം നൽകുന്ന നാടാണ് യു.എ.ഇയെന്നും ഇതിനായി ആധുനിക സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്നും അവർ പറഞ്ഞു. ഭക്ഷ്യസുരക്ഷയിൽ മെറ്റാവേഴ്സിന്റെ പങ്കിനെ കുറിച്ചും ചർച്ച ചെയ്തു. ഭക്ഷ്യസുരക്ഷ പ്രതിജ്ഞയുടെ പ്രഖ്യാപനവും നടന്നു. 10 ലക്ഷം പേരെക്കൊണ്ട് ഓൺലൈനായി പ്രതിജ്ഞയെടുപ്പിക്കുക എന്നതാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

