സർക്കാർ സേവനങ്ങൾ ഇനി വീട്ടിലെത്തും; ഹാപ്പിനസ് വെഹിക്ക്ൾ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി
text_fieldsദുബൈ: എമിറേറ്റിലെ നിവാസികൾക്ക് സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കാൻ ‘ഹാപ്പിനസ് വെഹിക്ക്ൾ’ എന്ന പേരിൽ പുതിയ സംരംഭത്തിന് തുടക്കമിട്ട് ദുബൈ മുനിസിപ്പാലിറ്റി. തടസ്സമില്ലാതെ ഏറ്റവും സൗകര്യപ്രദമായ രീതിയിൽ സർക്കാർ ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയുന്ന രീതിയിലാണ് ‘ഹാപ്പിനസ് വെഹിക്ക്ൾ’ സംരംഭം രൂപകൽപന ചെയ്തിരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
വകുപ്പിന്‍റെ മുഴുവൻ ഡിജിറ്റൽ സേവനങ്ങളും പുതിയ സംരംഭത്തിലൂടെ ലഭിക്കും. കൂടാതെ മറ്റു നടപടികൾ കാര്യക്ഷമമായും വേഗത്തിലും പൂർത്തീകരിക്കാനും കഴിയും. ഈ വർഷം സർക്കാർ പ്രഖ്യാപിച്ച ‘സമൂഹ വർഷ’ത്തിന്‍റെ ഭാഗമായാണ് വ്യത്യസ്തമായ സേവനസംരംഭം മുനിസിപ്പാലിറ്റി തുടക്കമിട്ടിരിക്കുന്നത്. ഓഫിസുകൾ കയറിയിറങ്ങാതെ വീട്ടിൽ ഇരുന്നുകൊണ്ടു തന്നെ സർക്കാർ സേവനങ്ങൾ സുഗമമായി പൂർത്തീകരിക്കാൻ നിവാസികൾക്ക് കഴിയുന്നുവെന്ന് സംരംഭം ഉറപ്പുവരുത്തും. മുതിർന്ന പൗരൻമാർക്കും നിശ്ചയദാർഢ്യ വിഭാഗങ്ങൾക്കും മറ്റു സഹായം ആവശ്യമുള്ളവർക്കും പദ്ധതി ഏറെ ഉപകാരപ്രദമാവും.
തുടക്കത്തിൽ മുതിർന്ന പൗരൻമാരെ ലക്ഷ്യംവെച്ച് അവതരിപ്പിച്ച സംരംഭം എമിറേറ്റിലെ മുഴുവൻ ജനങ്ങളെയും ഉൾപ്പെടുത്തി വിപുലീകരിച്ചിരിക്കുകയാണ്. മുൻകൂറായി ‘ഹാപ്പിനസ് വെഹിക്ക്ൾ’ സേവനം നിവാസികൾക്ക് ബുക്ക് ചെയ്യാം. ഇതുവഴി സൗകര്യപ്രദമായ സമയം ഗുണഭോക്താക്കൾക്ക് ഷെഡ്യൂൾ ചെയ്യാനാവും. മുനിസിപ്പാലിറ്റിയുടെ കസ്റ്റമർ സർവിസ് ടോൾഫ്രീ നമ്പറായ 800900യിൽ വിളിച്ചാണ് സമയം ബുക് ചെയ്യേണ്ടത്.
എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 2.30 വരെ സേവനം ലഭ്യമാണ്. ശക്തമായ സാമൂഹിക ബന്ധങ്ങൾ വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്ന ‘സമൂഹ വർഷം’ സംരംഭത്തിന്‍റെ ഭാഗമായി കൂടുതൽ ശക്തവും പിന്തുണയുള്ളതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ദുബൈയുടെ നിരന്തര ശ്രമങ്ങളെ ഈ സേവനം പിന്തുണക്കുന്നതായി ദുബൈ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

