ഷാർജയിൽ വയോധികർക്ക് സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിൽ
text_fieldsഷാർജ: വയോധികർക്ക് സർക്കാർ സേവനങ്ങൾ എളുപ്പത്തിലും തടസ്സമില്ലാതെയും ലഭ്യമാക്കുന്നതിനായി ‘ഔൻ+60’ എന്ന പേരിൽ പുതിയ സേവന സംരംഭത്തിന് തുടക്കമിട്ട് ഷാർജ സാമ്പത്തികവികസന വകുപ്പ് (എസ്.ഇ.ഡി.ഡി). 60 കഴിഞ്ഞവർക്ക് എസ്.ഇ.ഡി.ഡിയുടെ ആസ്ഥാന മന്ദിരം സന്ദർശിക്കാതെ തന്നെ 0547091212 എന്ന വാട്സ്ആപ് നമ്പറിൽ ലളിതമായ നടപടികളിലൂടെയും 065122660 എന്ന ലാൻഡ് ലൈൻ നമ്പറിൽ വിളിച്ചും നടപടിക്രമങ്ങൾ പൂർത്തീകരിക്കാം.
പുതിയ ലൈസൻസുകൾ അനുവദിക്കൽ, പുതുക്കൽ, ഭേദഗതി വരുത്തൽ, വാണിജ്യ പെർമിറ്റുകളുടെ കൈമാറ്റങ്ങൾ, സാങ്കേതിക വിലയിരുത്തലുകൾ, നിയമപരമായ മറ്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടെ വിപുലമായ സേവനങ്ങളാണ് ‘ഔൻ+60’ സംരംഭത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കൂടാതെ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും യാത്ര ചെയ്യാൻ പ്രയാസപ്പെടുന്നവർക്കും ഹെഡ്ക്വാട്ടേഴ്സിന് പുറത്തും സേവനങ്ങൾ ലഭ്യമാക്കും. ഇത്തരം കേസുകളിൽ എസ്.ഇ.ഡി.ഡി ജീവനക്കാർ ഗുണഭോക്താക്കളുടെ വീടുകളിലെത്തി നടപടികൾ പൂർത്തീകരിക്കും.
മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾക്കും ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങൾക്കും അനുസൃതമായി ഉപഭോക്തൃ സംതൃപ്തി അളക്കുന്നതിനും സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായി എസ്.ഇ.ഡി.ഡി ഇടക്കിടെ സർവേകൾ നടത്തും. മുതിർന്ന പൗരൻമാരെ പരിചരിക്കുന്നതിലും അവരുടെ ആവശ്യങ്ങൾക്ക് മുന്തിയ പരിഗണ നൽകി സ്മാർട്ട് സേവനങ്ങൾ നൽകുന്നതിലും ഷാർജ സർക്കാറിന്റെ പ്രതിബദ്ധതയാണ് പുതിയ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് ഷാർജ സാമ്പത്തികവികസനവകുപ്പ് ചെയർമാൻ ഹമദ് അലി അബ്ദുല്ല അൽ മഹ്മൂദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

