Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബിയില്‍ സര്‍ക്കാര്‍ ആസ്തി നിക്ഷേപ സേവനം ആരംഭിച്ചു

text_fields
bookmark_border
അബൂദബിയില്‍ സര്‍ക്കാര്‍ ആസ്തി നിക്ഷേപ സേവനം ആരംഭിച്ചു
cancel

അബൂദബി: നഗര-ഗതാഗത വകുപ്പ് (ഡി.എം.ടി) അബൂദബിയില്‍ സര്‍ക്കാര്‍ ആസ്തി നിക്ഷേപ അവസര പോര്‍ട്ടല്‍ (ഗവണ്‍മെന്‍റ്​ അസറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്‍റ്​ ഓപ്പര്‍ച്ചുണിറ്റീസ് പോര്‍ട്ടല്‍) ഔദ്യോഗികമായി പുറത്തിറക്കി. ഒക്ടോബര്‍ ഒന്നുവരെ നീളുന്ന ലിവബിലിറ്റി ആൻഡ്​ ഇന്‍വെസ്റ്റ്‌മെന്‍റ്​ എക്‌സിബിഷനില്‍ (ലിവെക്‌സ് 2026) ആണ് ഈ പുതിയ സേവനത്തിന്‍റെ ലോഞ്ച് നടന്നത്. അബൂദബിയുടെ സമഗ്രമായ വികസന ലക്ഷ്യങ്ങളും സ്വകാര്യ മേഖലയുടെ നിക്ഷേപ ശേഷിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നിര്‍ണായക ചുവടുവെപ്പ്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയും മറ്റ് നിര്‍മിത ആസ്തികളും കണ്ടെത്താനും അവയുടെ നിക്ഷേപ സാധ്യതകള്‍ വിലയിരുത്താനും നിക്ഷേപകര്‍ക്ക് അവസരമൊരുക്കുന്ന ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ‘താം’ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കിയിട്ടുണ്ട്. ആസ്തികള്‍ കണ്ടെത്തുന്നത് മുതല്‍ താല്‍പര്യം പ്രകടിപ്പിക്കല്‍, ലേലം വിളിക്കല്‍, നിക്ഷേപകരെ തിരഞ്ഞെടുക്കല്‍, കരാര്‍ ഒപ്പിടല്‍ വരെയുള്ള എല്ലാ നടപടിക്രമങ്ങളും സുതാര്യവും ലളിതവുമായ ഒരു ചട്ടക്കൂടിലൂടെ പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ സാധിക്കും.

ബന്ധപ്പെട്ട വിവിധ പങ്കാളികളുമായി സഹകരിച്ചാണ് ഈ പദ്ധതി വികസിപ്പിച്ചെടുത്തിട്ടുള്ളത്. എല്ലാ മേഖലകളിലുമുള്ള സര്‍ക്കാര്‍ നിക്ഷേപ അവസരങ്ങള്‍ക്കായി ഒരൊറ്റ കേന്ദ്രീകൃത ഗേറ്റ്വേയാണ് ഈ സേവനം ഒരുക്കുന്നത്. പ്രാരംഭ ഘട്ടം മുതല്‍ അവസാനം വരെയുള്ള ഓരോ ഘട്ടവും സുഗമമായി കൈകാര്യം ചെയ്യാന്‍ നിക്ഷേപകരെ ഇത് സഹായിക്കും.

നിര്‍മിത ബുദ്ധി (എ.ഐ) അധിഷ്ഠിത വ്യക്തിഗതവല്‍ക്കരണമാണ് ഇതിന്‍റെ പ്രധാന സവിശേഷത. നിക്ഷേപകരുടെ പ്രൊഫൈലുകള്‍, താൽപര്യങ്ങള്‍, മുന്‍ഗണനകള്‍ എന്നിവക്ക്​ അനുയോജ്യമായ ആസ്തികള്‍ കണ്ടെത്താന്‍ ഇത് സഹായിക്കും. ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളും ഇതില്‍ ലഭ്യമാണ്. ഓരോ ആസ്തിയുടെയും ചുറ്റുപാടുകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ അറിയാന്‍ സാധിക്കും. അടുത്തുള്ള പാര്‍ക്കുകള്‍, പൊതു സൗകര്യങ്ങള്‍, ബസ് സ്റ്റോപ്പുകള്‍ തുടങ്ങിയവ വിലയിരുത്തി നിക്ഷേപകര്‍ക്ക് കൃത്യമായ തീരുമാനമെടുക്കാന്‍ ഇത് പ്രയോജനപ്പെടും.

പങ്കാളിത്തത്തിനായുള്ള നിശ്ചിത മാനദണ്ഡങ്ങള്‍, നിക്ഷേപകരുടെ അംഗീകാരം, മുസാതഹ, പാട്ടക്കരാറുകള്‍ എന്നിവയെല്ലാം ഈ സേവനത്തിന്റെ ഭാഗമായി വ്യക്തമായി ക്രമീകരിച്ചിട്ടുണ്ട്. ഏകീകൃത കരാര്‍ മാതൃകകളും ലാന്‍ഡ് പ്രൈസിങ്​ സംവിധാനങ്ങളും നടപടിക്രമങ്ങള്‍ക്ക് കൂടുതല്‍ സുതാര്യതയും സ്ഥിരതയും നല്‍കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Government asset investment service launched in Abu Dhabi
Next Story