ഷട്ട്ലേഴ്സ് ഫ്ലിക്ക് ; ഗോപിചന്ദിന്റെ ആത്മകഥ എജുകഫേയിൽ പ്രകാശിതമാകും
text_fieldsദുബൈ: ചിലരുടെ ജീവിതാനുഭവങ്ങൾ തലമുറകളെ പ്രചോദിപ്പിക്കും. ഇന്ത്യയുടെ കായികചരിത്രത്തിലെ അത്തരമൊരു വ്യക്തിത്വമാണ് പുല്ലേല ഗോപിചന്ദ്. പ്രതിസന്ധികളിലൂടെ കടന്നുവന്ന് ലോകോത്തര താരമായി ഉയർന്നുവരുകയും പിന്നീട് വിശ്വകിരീടങ്ങൾ നേടിയ ശിഷ്യരെ വാർത്തെടുക്കുകയും ചെയ്ത ജീവിതമാണദ്ദേഹത്തിന്റേത്. ലോകതാരങ്ങൾക്ക് മുന്നിൽ പതറാതെ എങ്ങനെ പൊരുതാം എന്ന് പഠിപ്പിച്ച അദ്ദേഹത്തിന്റെ കരുത്തിലായിരുന്നു സൈന നെഹ്വാളും പി.വി. സിന്ധുവുമെല്ലാം ലോകചാമ്പ്യൻഷിപ്പിലും ഒളിമ്പിക്സിലുമെല്ലാം വിജയികളായത്. ബാഡ്മിന്റൺ ഇതിഹാസവും ദേശീയ ടീമിന്റെ ചീഫ് കോച്ചുമായ ഗോപിചന്ദിന്റെ ആത്മാനുഭവങ്ങളുടെ മനോഹരമായ എഴുത്താണ് ഇതിനകം ഏറെ പേരെ ആകർഷിച്ച അദ്ദേഹത്തിന്റെ ജീവിതകഥയായ 'ഷട്ട്ലേഴ്സ് ഫ്ലിക്ക്: മേകിങ് എവ്രി മാച്ച് കൗണ്ട്'എന്നത്. ഗോപിചന്ദിനെ അറിയാൻ ആഗ്രഹിക്കുന്നവർ വായിച്ചിരിക്കേണ്ട പുസ്തകത്തിന്റെ ദുബൈയിലെ പ്രകാശനം എജൂകഫേ വേദിയിൽ നടക്കും. ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പൻ പ്രകാശനം നിർവഹിക്കും.
എഴുത്തുകാരിയും പ്രചോദക പ്രഭാഷകയുമായ പ്രിയ കുമാറുമായി ചേർന്നാണ് പുസ്തകത്തിന്റെ രചന ഗോപിചന്ദ് പൂർത്തീകരിച്ചത്. ഒരു ചാമ്പ്യന്റെ ഉദയവും വളർച്ചയും ഇന്ത്യൻ ബാഡ്മിന്റണിന്റെ ആഗോള ഉന്നതിയിലേക്കുള്ള മുന്നേറ്റവും പുസ്തക്കതിലൂടെ വായിച്ചെടുക്കാം. ഗോപിചന്ദിന്റെ ജീവിതത്തെ ശിഷ്യരുടെയും അമ്മയുടെയും പത്നിയുടെയും വാക്കുകളിലൂടെ അറിയാനും പുസ്തകത്തിലൂടെ സാധിക്കും. ഉന്നതങ്ങളിൽ എത്തിച്ചേരുന്നത് എങ്ങനെയെന്നത് മാത്രമല്ല, അവിടെ തുടരാൻ ആവശ്യമായ പരിശ്രമം എത്രവേണമെന്നും നമുക്ക് തിരിച്ചറിയാൻ വായന സഹായിക്കും.
പുസ്തകത്തിന്റെ സഹ എഴുത്തുകാരിയായ പ്രിയ കുമാർ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ എഴുത്തുകാരിയാണ്. പ്രമുഖ പ്രസാദകരായ 'സൈമൺ ആൻഡ് ഷസ്റ്റർ ഇന്ത്യ'യാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

