Begin typing your search above and press return to search.
exit_to_app
exit_to_app
വിജയകഥ പറയാൻ ഗോപിചന്ദ്​ വരും
cancel

2019ലെ ലോകബാഡ്​മിന്‍റൺ ചാമ്പ്യൻഷിപ്​ ഫൈനൽ. സ്വിറ്റ്​സർലൻഡിലെ സെന്‍റ്​ ജാക്കോബ്​ഷാൾ സ്​റ്റേഡിയത്തിൽ ജപ്പാന്റെ നൊസോമി ഒകുഹാ​രയെ തകർത്തെറിഞ്ഞ്​ പി.വി. സിന്ധു ചരിത്രം കുറിക്കുമ്പോൾ കുമ്മായവരക്കപ്പുറത്ത്​ ചെറുപുഞ്ചിരിയോടെ ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. ലോക ചാമ്പ്യൻഷിപ്​ നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന പകി​ട്ടോടെ കോർട്ടിന്​ പുറത്തേക്ക്​ നടന്ന സിന്ധു ആദ്യം ആ​​ശ്ലേഷണം ചെയ്തതും അയാളെയായിരുന്നു. പുല്ലേല ഗോപിചന്ദ്​ എന്ന ആ മനുഷ്യനാണ്​ പുസർ​ല വെങ്കട്ട സിന്ധു എന്ന കൊച്ചുപെൺകുട്ടിയെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്​​. തോൽവി ഉറപ്പിച്ച സമയങ്ങളിൽ പിന്നിൽനിന്ന്​ പൊരുതിക്കയറാൻ ആത്​മവിശ്വാസമേകിയും മാനസികമായി കരുത്തരായിരിക്കാൻ പഠിപ്പിച്ചും പി.വി. സിന്ധുവിനെയും സൈന നെഹ്​വാളിനെയും കിഡംബി ശ്രീകാന്തിനെയുമെല്ലാം വളർത്തിയെടുത്ത ഗോപിചന്ദ്​ ഇക്കുറി 'ഗൾഫ്​ മാധ്യമം' എജുകഫേയിലും എത്തുന്നു. പുതുലോകത്തേക്ക്​ കുതിക്കാൻ വെമ്പിനിൽക്കുന്ന വിദ്യാർഥികളും പഠനവഴിയിൽ പിന്നിലായിപ്പോയെന്ന്​ തോന്നുന്ന കുട്ടികളും അവരെ കൈപിടിച്ചുയർത്താൻ ആഗ്രഹിക്കുന്ന രക്ഷിതാക്കളും കണ്ടിരിക്കേണ്ട, കേട്ടിരിക്കേണ്ട ജീവിതകഥയാണ്​ ഈ മുൻ ദേശീയ ചാമ്പ്യന്‍റേത്​. സ്വന്തം ജീവിതം തന്നെ സമൂഹത്തിന്​ പ്രചോദനമായി സമർപ്പിച്ച, ഇന്ത്യൻ ദേശീയ ബാഡ്​മിന്‍റൺ ടീമി‍ന്റെ പരിശീലകനായ ഗോപിചന്ദി‍ന്റെ പ്രത്യേക സെഷൻ ഫെബ്രുവരി ആറിനാണ്​ നടക്കുന്നത്​.

ഒരുപക്ഷേ, പുതുതലമുറക്ക്​ ഗോപിചന്ദ്​ എന്നാൽ സിന്ധുവിന്റെയും സൈനയുടെയും ശ്രീകാന്തിന്റെയും കശ്യപിന്റെയുമെല്ലാം പരിശീലകൻ മാത്രമായിരിക്കും. അതിനേക്കാൾ എത്രയോ മേലെയായിരുന്നു അയാളുടെ കരിയർ. പ്രകാശ്​ പദുക്കോണിന്​ ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച പുരുഷ ബാഡ്​മിന്‍റൺ താരം ഗോപിചന്ദാണ്​. 1996ൽ ദേശീയ ബാഡ്​മിന്‍റൺ ചാമ്പ്യനായ അദ്ദേഹം അടുത്ത അഞ്ച്​ വർഷവും ഈ കിരീടം ആർക്കും വിട്ടുകൊടുത്തില്ല. 1998ലെ കോമൺവെൽത്ത്​ ഗെയിംസിൽ വെള്ളി നേടിയ ഗോപി രണ്ട്​ തവണ സാർക്ക്​ ബാഡ്​മിന്‍റൺ ചാമ്പ്യനായി. ബാഡ്​മിന്‍റണിലെ വിംബിൾഡൺ എന്നറിയപ്പെടുന്ന ഇംഗ്ലണ്ട്​ ഓപണിൽ ചാമ്പ്യനാകുമ്പോൾ ഗോപിചന്ദിന്​ മുന്നിൽ വീണവരിൽ അന്നത്തെ ഒന്നാം നമ്പർ പീറ്റർ ഗ്രാഡെയും ചെൻ ഹോംഗിങ്ങുമുണ്ടായിരുന്നു. 1980ൽ പ്രകാശ്​ പദു​കോൺ ഈ നേട്ടം കൈവരിച്ച ശേഷം ആദ്യമായാണ്​ ഒരു ഇന്ത്യക്കാരൻ ഇംഗ്ലണ്ട്​ ഓപണിൽ മുത്തമിടുന്നത്​. ഈ നേട്ടത്തോടെ സചിൻ ടെണ്ടുൽക്കറിനൊപ്പമെത്തി ഗോപിചന്ദിന്റെ വിപണിമൂല്യം. കൊക്ക കോളയുടെ ബ്രാൻഡ്​ അംബാസഡറാകാനുള്ള ക്ഷണം നിരസിച്ച്​ ഗോപിചന്ദ്​ അന്ന്​ പറഞ്ഞത്​ ഇതായിരുന്നു 'എ‍ന്റെ നാട്ടിലെ കുട്ടികൾ ഇത്തരം ഡ്രിങ്കുകൾ കുടിക്കേണ്ടതില്ല'. വാർത്തസമ്മേളനത്തിനിടെ ടേബ്​ളിലെ കൊക കോള കുപ്പി മാറ്റിവെച്ച്​ ക്രിസ്റ്റ്യാനോ റൊ​ണാൾഡോ അടുത്തിടെ കാണിച്ച ഹീറോയിസം രണ്ട്​ പതിറ്റാണ്ടുകൾക്ക്​ മുമ്പേ ലോകത്തിന്​ കാണിച്ചുകൊടുത്തയാളാണ്​ ഗോപിചന്ദ്​.

ഇത്തരം കരുത്തുറ്റ നിലപാടാണ്​ അദ്ദേഹത്തി‍െൻറ കുട്ടികളെ ലോകചാമ്പ്യൻഷിപ്പിലേക്കും ഒളിമ്പിക്സിലേക്കും എത്തിച്ചത്​. ഈ കഥകൾ പറയാൻ കൂടിയാണ്​ ഗോപിചന്ദ്​ 'എജുകഫേയിൽ' എത്തുന്നത്​.1999ൽ രാജ്യം അർജുന അവാർഡ്​ നൽകി ആദരിച്ചിരുന്നു. ഖേൽരത്ന, പത്മശ്രീ, ദ്രോണാചാര്യ, പത്മഭൂഷൺ എന്നിവയും തേടിയെത്തി. 2006 മുതൽ ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകനാണ്​. ഹൈദരാബാദിലെ ഗച്ചിബൗളിയിൽ അഞ്ചേക്കറിൽ നിറഞ്ഞുനിൽക്കുന്ന സ്വന്തം ബാഡ്​മിന്‍റൺ അക്കാദമിയുണ്ട്​. ഇംഗ്ലണ്ട്​ ഓപണി​ലെ നേട്ടത്തിന്​ സമ്മാനമായി ആന്ധ്ര സർക്കാർ നൽകിയ 13 ഏക്കറിലാണ്​ ഇത്​ നിർമിച്ചിരിക്കുന്നത്​. ഈ അക്കാദമിയിലെ കുട്ടികൾക്ക്​ പറഞ്ഞുകൊടുക്കുന്ന അതിജീവനത്തി‍െൻറയും ആത്​മവിശ്വാസത്തിന്റെയും കരുത്തിന്റെയും കഥകൾ പറയാനാണ്​ ഗോപിചന്ദ്​ 'എജുകഫേയിൽ' എത്തുന്നത്​. അപൂർവമായി മാത്രം ലഭിക്കുന്ന വിലപ്പെട്ട വാക്കുകൾ മിസ്​ ചെയ്യാതിരിക്കാൻ ഇന്ന്​ തന്നെ myeducafe.com വഴി രജിസ്റ്റർ ചെയ്യുക.

Show Full Article
TAGS:Gopichand 'Gulf Madhyamam' Educafe Success Story 
News Summary - Gopichand will be Participating in 'Gulf Madhyamam' Educafe to tell the Success Story
Next Story