ഗസ്സയിൽ അടുത്ത മാസം നല്ല കാര്യങ്ങൾ സംഭവിക്കും -ട്രംപ്
text_fieldsഅബൂദബി: അടുത്ത മാസത്തോടെ ഗസ്സയിൽ നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു.എ.ഇ സന്ദർശനം അവസാനിപ്പിച്ച് മടങ്ങുന്നതിന് മുമ്പ് അബൂദബിയിൽ എയർഫോഴ്സ് വൺ വിമാനത്തിൽ വെച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അടുത്ത മാസത്തോടെ ഗസ്സയിൽ ധാരാളം നല്ല കാര്യങ്ങൾ സംഭവിക്കും. നമ്മൾ ഫലസ്തീനികളെ സഹായിക്കേണ്ടതുണ്ട്. നിരവധിപേരാണ് ഗസ്സയിൽ പട്ടിണി കിടക്കുന്നത് -അദ്ദേഹം പറഞ്ഞു. എന്നാൽ എന്താണ് സംഭവിക്കുകയെന്നത് സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ല.
ട്രംപിന്റെ ഗൾഫ് സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഗസ്സ വെടിനിർത്തലിനുള്ള ചർച്ചകൾ സജീവമായിരുന്നു. സന്ദർശനത്തിനിടെ യുദ്ധം അവസാനിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനവും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമൊന്നും പുറത്തുവന്നിട്ടില്ല. അതിനിടെ അടുത്ത മാസത്തോടെ യു.എസ് നേതൃത്വത്തിൽ ഗസ്സയിൽ മാനുഷിക സഹായ വിതരണം നടക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
അബൂദബി സന്ദർശനത്തിനിടെ വെള്ളിയാഴ്ച ബസിനസ് ഫോറത്തിൽ സംസാരിക്കവെ, ഗസ്സ അടക്കമുള്ള ആഗോള പ്രതിസന്ധികൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് ട്രംപ് വ്യക്തമാക്കിരുന്നു.
യു.എസ്-ഇറാൻ ആണവ ചർച്ചകൾ സംബന്ധിച്ച്, ഇറാന് മുന്നിൽ നിർദേശം സമർപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അതിവേഗം നീങ്ങിയില്ലെങ്കിൽ മോശമായത് സംഭവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനുമായി കരാറിന് അടുത്തെത്തിയതായി വ്യാഴാഴ്ച ട്രംപ് വെളിപ്പെടുത്തിയിരുന്നു. യു.എസും ഇറാനും തമ്മിൽ ഒമാൻ മധ്യസ്ഥതയിൽ നാല് തവണകളായി ചർച്ചകൾ പൂർത്തികരിച്ചിട്ടുണ്ട്.
ഗൾഫ് സന്ദർശനം പൂർത്തിയാക്കി ട്രംപ് മടങ്ങി
അബൂദബി: യു.എസ് പ്രസിഡന്റായി ചുമതലയേറ്റശേഷം നടത്തിയ ആദ്യ വിദേശ സന്ദർശനം പൂർത്തിയാക്കി ഡോണൾഡ് ട്രംപ് മടങ്ങി. സൗദിക്കും ഖത്തറിനും പിന്നാലെ, രണ്ട് ദിവസം നീണ്ട യു.എ.ഇ സന്ദർശനം പൂർത്തിയാക്കി പ്രാദേശിക സമയം ഉച്ച രണ്ടു മണിക്കാണ് എയർഫോഴ്സ് വൺ വിമാനത്തിൽ അബൂദബിയിൽ നിന്ന് ട്രംപ് തിരിച്ചുപറന്നത്. കോടിക്കണക്കിന് ഡോളർ മൂല്യമുള്ള വ്യാപാര, നിക്ഷേപ കരാറുകളിലാണ് യു.എസും യു.എ.ഇയും രണ്ട് ദിവസങ്ങളിലായി ഒപ്പുവെച്ചത്.
എണ്ണ, പ്രകൃതിവാതക ഉൽപാദനം, വ്യോമയാനം, എ.ഐ മേഖലകളിലാണ് ഇരുരാഷ്ട്രങ്ങളും സുപ്രധാന കരാറുകൾ ഒപ്പുവെച്ചത്. പ്രകൃതിവാതക മേഖലയിൽ യു.എസ് ബഹുരാഷ്ട്ര ഭീമന്മാരായ എക്സോൺ മൊബിൽ, ഓക്സിഡന്റൽ പെട്രോളിയം, ഇ.ഒ.ജി റിസോഴ്സസ് എന്നീ കമ്പനികളുമായി അബൂദബി നാഷനൽ ഓയിൽ കമ്പനി(അഡ്നോക്) 6,000 കോടി ഡോളറിന്റെ കരാറിലെത്തി. ബോയിങ്, ജെ.ഇ എയറോസ്പേസ് കമ്പനികളുമായി അബൂദബി ആസ്ഥാനമായ ഇത്തിഹാദ് വിമാനക്കമ്പനി 14,50 കോടി ഡോളറിന്റെ ധാരണാപത്രത്തിലും ഒപ്പുവെച്ചു. അടുത്ത പത്തുവർഷത്തിനുള്ളിൽ അമേരിക്കയിൽ 1.4 ട്രില്യൺ ഡോളർ നിക്ഷേപിക്കാനുള്ള പദ്ധതി യു.എ.ഇ പ്രഖ്യാപിച്ചിട്ടുണ്ട്.
അബൂദബിയിൽ ഇരുരാഷ്ട്രങ്ങളും ചേർന്ന് അഞ്ച് ജിഗാവാട്ട് ശേഷിയുള്ള കൂറ്റൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമ്പസ് തുറക്കാനും ധാരണയായി. ഇതിന്റെ ആദ്യഘട്ടം ട്രംപും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ചേർന്ന് ഉദ്ഘാടനം ചെയ്തു. യു.എ.ഇ ആസ്ഥാനമായ ജി ഫോർട്ടി ടുവും മൈക്രോസോഫ്റ്റും ചേർന്നാണ് കാമ്പസ് നിർമിക്കുന്നത്. ചിപ് നിർമാണ കമ്പനി എൻവീഡിയ അടക്കം നിരവധി സ്ഥാപനങ്ങൾ പദ്ധതിയുമായി സഹകരിക്കും. സന്ദർശനത്തിന്റെ ഭാഗമായി അബൂദബിയിലെ കൊട്ടാരമായ ഖസ്ർ അൽ വതനിൽ വ്യാഴാഴ്ച ഒരുക്കിയ ചടങ്ങിൽ യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ്’ ട്രംപിന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് സമ്മാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

