ഗോൾഡൻ വിസക്കാർക്ക് വീട്ടുജോലിക്കാരെ സ്പോൺസർ ചെയ്യാൻ പരിധിയില്ല
text_fieldsഅജ്മാൻ: ഗാർഹിക തൊഴിലാളികളുടെ നിയമനം സംബന്ധിച്ച പുതിയ നിയമമനുസരിച്ച് ഗോൾഡൻ വിസക്കാർക്ക് വീട്ടുജോലിക്കാരെ സ്പോൺസർ ചെയ്യാൻ പരിധിയില്ല. വീട്ടുജോലിക്കാർ, പാചകക്കാർ, നാനിമാർ, ബേബി സിറ്റർമാർ, തോട്ടക്കാർ, ഫാമിലി ഡ്രൈവർമാർ, ഫാം തൊഴിലാളികൾ, സ്വകാര്യ ട്യൂട്ടർമാർ, സ്വകാര്യ നഴ്സുമാർ, വ്യക്തിഗത പരിശീലകർ, പേഴ്സനൽ അസിസ്റ്റന്റുമാർ, ഗാർഡുകൾ എന്നിങ്ങനെ വിവിധ തൊഴിലുകൾ ചെയ്യുന്നവരെ സ്പോൺസർ ചെയ്യാൻ ഗോൾഡൻ വിസക്കാർക്ക് കഴിയും.
25,000 ദിർഹം പ്രതിമാസ വരുമാനമുള്ള വ്യക്തികളും കുടുംബങ്ങളും, യു.എ.ഇ കാബിനറ്റിന്റെ തീരുമാനത്തിന് കീഴിൽ വീട്ടുജോലിക്കാരെ സ്പോൺസർ ചെയ്യാൻ അനുവദിക്കപ്പെട്ട വ്യക്തികൾ, 15,000 ദിർഹത്തിന് മുകളിൽ പ്രതിമാസ വരുമാനമുള്ള കുടുംബത്തിലെ അംഗീകൃത മെഡിക്കൽ കവറേജുള്ള രോഗികൾ, വ്യത്യസ്ത സ്പെഷാലിറ്റികളുടെ കൺസൽട്ടന്റുകൾ, ജഡ്ജിമാർ, നിയമ ഉപദേഷ്ടാക്കൾ തുടങ്ങിയ ഉന്നത പദവികളിലുള്ളവർ എന്നിവർക്കും ഗാർഹിക തൊഴിലാളികളെ സ്പോൺസർ ചെയ്യാം.
ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ഫെഡറൽ നിയമം വ്യാഴാഴ്ച മുതലാണ് നിലവിൽവന്നത്. വീടുകളിൽ ജോലിചെയ്യുന്നവർക്ക് അനുയോജ്യമായ തൊഴിൽ അന്തരീക്ഷം വ്യവസ്ഥചെയ്യുന്ന നിയമം 18 വയസ്സിൽ കുറഞ്ഞവരെ തൊഴിലിന് നിയമിക്കുന്നത് കർശനമായി നിരോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

