ഗോൾഡൻ വിസ തട്ടിപ്പ്; സംരംഭകന് 6000 ദിർഹം പിഴ
text_fieldsഅബൂദബി: ഗോൾഡൻ വിസ വാഗ്ദാനം ചെയ്ത് 6000 ദിർഹം തട്ടിയെടുത്തെന്ന കേസിൽ ഏഷ്യൻ സംരംഭകൻ കുറ്റക്കാരനെന്ന് വിധിച്ച് അബൂദബി കോടതി. സ്വന്തം സ്ഥാപനം വഴി ഗോൾഡൻ വിസ സംഘടിപ്പിച്ചുനൽകാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. ഇതനുസരിച്ച് ഉപഭോക്താവ് 6000 ദിർഹം ഇയാളുടെ അക്കൗണ്ടിലേക്ക് കൈമാറി.
പക്ഷേ, പിന്നീട് വിഷയത്തിൽ ഒരു പുരോഗതിയും ഉണ്ടായില്ലെന്നും കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നും പരാതിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു. പണം തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും 1500 ദിർഹം മാത്രമാണ് നൽകിയത്. തുടർന്നാണ് പൊലീസിൽ റിപ്പോർട്ട് നൽകിയത്. പബ്ലിക് പ്രോസിക്യൂഷൻ കേസ് മിസ്ഡിമീനിയർ കോടതിക്ക് കൈമാറുകയും കോടതി ഒരു മാസത്തെ തടവും 6000 ദിർഹം പിഴയും അടക്കാൻ വിധി പുറപ്പെടുവിച്ചു. ശിക്ഷക്ക് ശേഷം പ്രതിയെ നാടു കടത്താനും ഉത്തരവിട്ടിരുന്നു. എങ്കിലും കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലെത്തിയതിനാൽ പരാതിക്കാരൻ കേസ് പിൻവലിക്കുകയും ചെയ്തു. ഇതേതുടർന്ന് ജയിൽശിക്ഷയും നാടുകടത്തലും പിൻവലിച്ച കോടതി പിഴത്തുക നിലനിർത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

