20 ലക്ഷം ദിർഹം ആസ്തിയുള്ള നിക്ഷേപകർക്ക് ഗോൾഡൻ വിസ
text_fieldsദുബൈ: എമിറേറ്റിൽ 20 ലക്ഷം ദിർഹവും അതിൽ കൂടുതലും ആസ്തിയുള്ള നിക്ഷേപകർക്ക് ഒക്ടോബർ മുതൽ ഗോൾഡൻ വിസ നൽകുമെന്ന് വാണിജ്യരംഗത്തെ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവിധ നിർമാണക്കമ്പനികൾ കൂടുതൽ ആസ്തികൾ വിൽക്കാനായി ഒരുങ്ങുന്ന സാഹചര്യത്തിൽ ഗോൾഡൻ വിസകൂടി ലഭിക്കുന്നത് നിക്ഷേപകരെ കൂടുതലായി ആകർഷിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പുതുതായി അവതരിപ്പിക്കുന്ന ഗ്രീൻവിസകളും മൾട്ടിപ്ൾ എൻട്രി വിസയും അടുത്ത മാസം മൂന്നു മുതൽ നടപ്പാക്കുന്നതിനൊപ്പമാണ് നിക്ഷേപകർക്കും ഗോൾഡൻ വിസ ലഭിക്കുകയെന്നാണ് കരുതുന്നത്. നിലവിൽ അഞ്ചു വർഷ കാലാവധിയുള്ള ഗ്രീൻവിസക്കും മൾട്ടിപ്ൾ എൻട്രി വിസക്കുംതന്നെ നിരവധി പേർ അന്വേഷണവുമായി വരുന്നുണ്ടെന്ന് ഏജന്‍റുമാർ പറയുന്നു.
മൾട്ടിപ്ൾ എൻട്രി വിസക്കായി ഫ്രീലാൻസർ ജോലി ചെയ്യുന്നവരും മറ്റു രാജ്യങ്ങളിലെ കമ്പനികൾക്കുവേണ്ടി ജോലി ചെയ്യുന്നവരുമാണ് അന്വേഷിക്കുന്നത്. ഈ വിസ സ്വന്തമാക്കിയാൽ യു.എ.ഇയിൽ താമസിച്ച് ജോലി ചെയ്യാനാവുമെന്നതാണ് പലരെയും ആകർഷിക്കുന്നത്.
സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ അഞ്ചുവർഷം വരെ ജോലി ചെയ്യാനും യു.എ.ഇയിൽ താമസിക്കാനും അനുമതി നൽകുന്നതാണ് ഗ്രീൻവിസ. സ്വയംതൊഴിൽ, ഫ്രീലാൻസ് ജോലികൾ, വിദഗ്ധതൊഴിലാളികൾ എന്നിവർക്കാണ് പ്രധാനമായും അഞ്ചു വർഷത്തെ ഗ്രീൻവിസ നൽകുക. രണ്ടുവർഷവും മൂന്നു വർഷവും മാത്രം ലഭിച്ചിരുന്ന വിസകൾ അഞ്ചുവർഷത്തേക്ക് ലഭിക്കുന്നതിന് വിദഗ്ധ തൊഴിലാളികൾക്ക് കുറഞ്ഞത് ബിരുദം ആവശ്യമാണ്. കൂടുതൽ എളുപ്പത്തിൽ വിസ ലഭിക്കുന്നത് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
ജൂൺ-ആഗസ്‌റ്റ് മാസങ്ങളിൽ 10 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ദുബൈയിൽ പ്രോപ്പർട്ടി വിൽപന നടന്നതെന്ന് ദുബൈ ലാൻഡ് ഡിപ്പാർട്മെന്‍റ് വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

