കഴിഞ്ഞ വർഷം ദുബൈയിൽ 80,000 പേർക്ക് ഗോൾഡൻ വിസ
text_fieldsദുബൈ: 2022ൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) 80,000 ഗോൾഡൻ വിസകൾ അനുവദിച്ചെന്ന് ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു. കഴിഞ്ഞ വർഷം വിവിധ ആവശ്യങ്ങൾക്കായി 6.22 കോടിയിലധികം ഇടപാടുകൾ വകുപ്പ് പൂർത്തിയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. 2021ൽ 47,150 ഗോൾഡൻ വിസകളാണ് അനുവദിച്ചിരുന്നത്. വകുപ്പിന്റെ പ്രവർത്തനപദ്ധതിയിൽ 99 ശതമാനം വിജയിക്കാൻ സാധിച്ചതായും ഉപഭോക്തൃ സന്തോഷസൂചിക 96 ശതമാനം പിന്നിടുന്ന സാഹചര്യമുണ്ടായെന്നും അധികൃതർ വ്യക്തമാക്കി. പത്തുവർഷ കാലാവധിയുള്ള ഗോൾഡൻ വിസകൾ കൂടുതൽ പേർക്ക് നൽകുന്നതിന് സർക്കാർതലത്തിൽ കഴിഞ്ഞ വർഷം തീരുമാനമെടുത്തിരുന്നു. ഇതിലൂടെയാണ് കൂടുതൽ പേർക്ക് വിസ ലഭിക്കാൻ സാഹചര്യമൊരുങ്ങിയത്.
ആദ്യഘട്ടത്തിൽ പരിമിതമായ ആളുകൾക്ക് ലഭിച്ചിരുന്ന വിസ, നിലവിൽ ബിസിനസുകാർ, ഡോക്ടർമാർ, കേഡർമാർ, മികച്ച വിജയം നേടിയ വിദ്യാർഥികൾ, ഗവേഷകർ, ജീവകാരുണ്യ പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവരടക്കം വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് ലഭിക്കുന്നുണ്ട്. കോവിഡ് പ്രതിരോധത്തിൽ മുൻനിരയിൽ പ്രവർത്തിച്ച നഴ്സുമാർ അടക്കമുള്ളവർക്കും അംഗീകാരമെന്ന നിലയിൽ ഗോൾഡൻ വിസ നൽകിയിരുന്നു. ബിസിനസുകാരും ഡോക്ടർമാരും നഴ്സുമാരും വിദ്യാർഥികളുമായ നിരവധി മലയാളികൾക്കും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തിൽ ജി.ഡി.ആർ.എഫ്.എ വിദഗ്ധരുടെയും സ്പെഷലിസ്റ്റുകളുടെയും ആകെ എണ്ണം 124 ആയി ഉയർത്തിയതായും അധികൃതർ വെളിപ്പെടുത്തി. ഇതിനായി നിരവധി എമിറാത്തി കേഡർമാരെ നിയമിക്കുകയും ചെയ്തിട്ടുണ്ടെന്നും വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

