ജെംസ് ഔവർ ഓൺ സ്‌കൂൾ സുവർണ ജൂബിലിക്ക് തുടക്കമായി
text_fieldsദുബൈ: യു.എ.ഇയിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ ദുബൈ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂൾ അൻപതാം വാർഷികാഘോഷ പരിപാടികൾക്ക് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടക്കം കുറിച്ചു . ദുബൈ അൽ വർക്കയിൽ നടന്ന ചടങ്ങിൽ സഹിഷ്ണുത കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, ജെംസ് എഡ്യുക്കേഷൻ ഫൗണ്ടർ സണ്ണി വർക്കി, സി.ഇ.ഒ ദിനോ വർക്കി എന്നിവർ സന്നിഹിതരായിരുന്നു.
ദുബൈ അൽ ബസ്താഖിയയിൽ മൂന്ന് അധ്യാപകരും, ഇരുപത്തിയേഴ് വിദ്യാർത്ഥികളുമായി 1968ൽ തുടങ്ങിയ ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂളിൽ ഇന്ന് വിവിധ രാജ്യങ്ങളിൽ നിന്നായി പതിനായിരത്തിൽപരം കുട്ടികളാണ് പഠിക്കുന്നത്. പഠനത്തിനു പുറമേ കായിക വിഭാഗത്തിലും മറ്റും ഇവിടെനിന്നുള്ള വിദ്യാർത്ഥികൾ മികച്ചു നിൽക്കുന്നു. ഇവിടെ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ നിരവധി വിദ്യാർത്ഥികൾ ലോകത്തിലെ മികച്ച സർവ്വകലാശാലകളിൽ ഉന്നത പഠനം നടത്തുന്നു. സുവർണ ജൂബിയോടനുബന്ധിച്ച് ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് ഫൗണ്ടർ സണ്ണി വർക്കി പറഞ്ഞു.
ഓരോ വിദ്യാർഥിയുടെയും കഴിവിനെ പുറത്തു കൊണ്ട് വരാൻ ആത്മസമര്‍പ്പണത്തോടു കൂടി പ്രവർത്തിക്കുന്ന അധ്യാപകരും, രക്ഷിതാക്കളുമായി ചേർന്ന് ഈ സ്കൂളിെൻറ പൈതൃകം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ സാംസ്കാരിക പരിപാടികളും സ്‌കൂൾ കൈവരിച്ച സുപ്രധാന നേട്ടങ്ങൾ ഉൾപ്പെടുത്തിയ സിനിമയും പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
