സ്വർണം; യു.എ.ഇയിൽ വില കുറഞ്ഞു
text_fieldsദുബൈ: ഇന്ത്യയിൽ സ്വർണ വില കൂടിയതിന് പിന്നാലെ യു.എ.ഇയിൽ വില കുറഞ്ഞതോടെ ജ്വല്ലറികളിൽ തിരക്കേറി. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിൽ 25 കിലോ സ്വർണം വരെ നേടാവുന്ന ഓഫറുകളും എത്തിയത് സ്വർണം വാങ്ങുന്നവർക്ക് പ്രോൽസാഹനമായി.
ഇന്ത്യയിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 5000 രൂപ കടന്നു . പവന് 40000 രൂപയുടെ മുകളിലാണ് വില. അതേസമയം, യു.എ.ഇയിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 200 ദിർഹമും (4400 രൂപ) പവന് 1600 ദിർഹമുമാണ് (35,800 രൂപ) നിരക്ക്. എക്സ്ചേഞ്ച് നിരക്ക് കൂടുതലാണെങ്കിൽ പോലും നാട്ടിലേതുമായി താരതമ്യം ചെയ്യുമ്പോൾ 4000 രൂപയിൽ കൂടുതൽ പവന് വ്യതാസമുണ്ട്. ഇതോടെ, വിവാഹം അടക്കമുള്ള ആഘോഷങ്ങൾക്കായി സ്വർണം എടുക്കുന്നവർ ഇവിടെ നിന്ന് സ്വർണം വാങ്ങുകയാണ്. അതേസമയം, രണ്ട് മാസം മുൻപ് യു.എ.ഇയിൽ സ്വർണ വില റെക്കോഡ് കുറവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 184.50 ദിർഹം വരെ വില ഇടിഞ്ഞിരുന്നു.
ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിലെ ആകർഷകമായ ഓഫറുകളാണ് ഉപഭോക്താക്കളെ ജൂവലറികളിലേക്ക് അടുപ്പിക്കുന്ന മറ്റൊരു ഘടകം. 100 ഭാഗ്യശാലികളായ ഉപഭോക്താക്കൾക്ക് 25 കിലോ സ്വർണമാണ് സമ്മാനമായി ലഭിക്കുന്നത്. മലബാർ ഗോൾഡ്, ജോയ് ആലുക്കാസ് ഉൾപെടെയുള്ള ജൂവലറികൾ ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ ഭാഗമായി ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ജൂവല്ലറികളിൽ നിന്ന് 500 ദിർഹമിന്‍റെ സ്വർണ്ണാഭരണ പർച്ചേസിനോടൊപ്പവും റാഫിൾ കൂപ്പൺ ലഭിക്കും. 500 ദിർഹമിന്‍റെ വജ്രാഭരണങ്ങളോ അമൂല്യ രത്നാഭരണങ്ങളോ വാങ്ങുന്ന ഉപഭോക്താവിന് രണ്ട് കൂപ്പൺ വീതം ലഭ്യമാകും. എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും ദേരയിലെ പുതിയ ഗോൾഡ് സൂക്ക് എക്സ്റ്റൻഷനിൽ നടക്കുന്ന റാഫിൾ ഡ്രോയിൽ തിരഞ്ഞെടുക്കപ്പെടുന്ന നാലു വിജയികൾക്ക് ഒരു കിലോഗ്രാം സ്വർണ്ണം സമ്മാനം നൽകും. കാംപെയിനിന്‍റെ അവസാന ഘട്ടത്തിൽ നടത്തുന്ന മെഗാഡ്രോയിലൂടെ 12 വിജയികൾക്കായി മൂന്ന് കിലോഗ്രാം സ്വർണ്ണവും സമ്മാനമായി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

