സ്വർണവില കുറഞ്ഞു; വിപണിയിൽ വിൽപന തിളക്കം
text_fieldsദുബൈ: യു.എ.ഇയിലെ സ്വർണക്കടകളിൽ ഇന്നലെ ഉത്സവത്തിരക്കായിരുന്നു. ഇൗ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിൽ ^ഗ്രാമിന് 143 ദിർഹമിനായിരുന്നു ഇന്നലത്തെ വിൽപന. കഴിഞ്ഞ മാസത്തെ വിലയേക്കാൾ 4.73 ദിർഹം കുറവ്. ഡോളർ കൂടുതൽ കരുത്താർജിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ ഏതാനും ദിവസമായി സ്വർണ വില വ്യതിയാനം രേഖപ്പെടുത്തി വരികയായിരുന്നു. സ്കൂളടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അവധിക്ക് നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്നവരാണ് ഏറെയും സ്വർണം വാങ്ങാനെത്തിയത്. വിവിധ ജ്വല്ലറി ഗ്രൂപ്പുകൾ പ്രഖ്യാപിച്ച വേനൽകാല സമ്മാന പദ്ധതികളും ആനുകൂല്യങ്ങളും കൂടി ലഭിച്ചതോടെ മികച്ച വിലയിൽ സ്വർണ ഷോപ്പിങിന് അവസരമൊരുങ്ങി. മൂല്യ വർധിത നികുതി നിലവിൽ വന്നതിൽ പിന്നെ സ്വർണ വിപണിയിൽ വന്ന മങ്ങലുകളെ മറികടക്കുന്നതാണ് വിലയിടിവിനെ തുടർന്ന് വിപണിയിൽ പ്രകടമായ ആവേശം. ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഒരുപോലെ ആഹ്ലാദം. സ്വന്തം ആവശ്യത്തിനു പുറമെ നാട്ടിലുള്ള ബന്ധുക്കൾക്കായി ദുബായിപ്പൊന്ന് വാങ്ങുന്നവരും നിരവധി.
ഉപഭോക്താക്കൾക്ക് വിശിഷ്യാ വേനലവധിക്ക് നാട്ടിലേക്ക് പുറപ്പെടുന്നവർക്ക് അക്ഷരാർഥത്തിൽ സുവർണാവസരമാണ് ലഭ്യമായിരിക്കുന്നതെന്ന് ജ്വല്ലറി മേഖലയിലെ പ്രമുഖർ ചൂണ്ടിക്കാട്ടുന്നു. ഉപഭോക്താക്കൾ കൂടുതലായി ഷോറൂമുകളിലേക്ക് എത്തുന്ന കാഴ്ചയാണ് ഇൗ ദിവസങ്ങളിൽ പ്രകടമാവുന്നതെന്നും വിലക്കിഴിവിെൻറയും സമ്മാന പദ്ധതികളുടെയും ആനുകൂല്യങ്ങൾ പൂർണമായി നേടിയെടുക്കുന്നുണ്ടെന്നും മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ് ഇൻറർനാഷനൽ ഒാപ്പറേഷൻസ് എം.ഡി. ഷംലാൽ അഹ്മദ് വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിലേതിനു സമാനമായ വിലയിടിവാണ് ഇപ്പോൾ വിപണിയിലുള്ളത്. ഉപഭോക്താക്കളിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. വിൽപനയിൽ ഇൗ വർഷത്തെ മുൻമാസങ്ങളേക്കാൾ 30 ശതമാനം വരെ വർധനയുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്വർണം വാങ്ങാൻ ഏറ്റവും മികച്ച സമയമാണിതെന്ന് കല്യാൺ ജുവല്ലേഴ്സ് ചെയർമാനും എം.ഡിയുമായ ടി.എസ്. കല്യാണ രാമൻ പറഞ്ഞു. ഒരു വിലക്ക് കഴിഞ്ഞ മാസം ലഭിച്ചിരുന്നതിനേക്കാൾ ഏറെ അധികം സ്വർണം ഇപ്പോൾ വാങ്ങാനാവും. ഉപഭോക്താക്കൾ അവസരം പ്രയോജനപ്പെടുത്തുന്നതിനാൽ വ്യാപാരത്തിലും മികച്ച വർധനയുണ്ടാകുമെന്ന് കല്യാണരാമൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
