സ്വർണ വിലയിൽ പുതിയ റെക്കോഡ്; 600 ദിർഹം കടന്നു
text_fieldsതുടർച്ചയായ അഞ്ചാം ദിവസമാണ് നിരക്കുയരുന്നത്
ദുബൈ: യു.എ.ഇയിൽ സ്വർണ വില പുതിയ നാഴികക്കല്ല് പിന്നിട്ട് ഗ്രാമിന് 600 ദിർഹം എന്ന നിലയിലെത്തി. ദുബൈ ജ്വല്ലറി ഗ്രൂപ്പ് കണക്ക് പ്രകാരം 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ശനിയാഴ്ച 601 ദിർഹമാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 5,000 ഡോളർ എന്ന ഉയർന്ന നിരക്കിലെത്തിയതോടെയാണ് യു.എ.ഇ വിപണിയിലും വിലയുയർന്നത്. 22 കാരറ്റ് സ്വർണ വില ഗ്രാമിന് 556.0 ദിർഹമും 21 കാരറ്റിന് ഗ്രാമിന് 533.5 ദിർഹമും 18കാരറ്റിന് 457.25 ദിർഹമും 14 കാരറ്റ് ഗ്രാമിന് 356.75 ദിർഹമുമായാണ് റെക്കോഡ് ഉയരത്തിലെത്തിയത്.
സ്വർണത്തിൽ നിക്ഷേപമിറക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച സുവർണാവസരമാണ് നിലവിലെ നിരക്ക് വർധനവെന്നാണ് വിലയിരുത്തപ്പെടുന്നത്. അതോടൊപ്പം സ്വർണം വിൽക്കാനും യോജിച്ച സമയമാണിത്. ആഗോള തലത്തിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളാണ് സ്വർണത്തിന്റെ വിലക്കയറ്റത്തിന് ഗതിവേഗം നൽകിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗ്രീൻലൻഡുമായി ബന്ധപ്പെട്ട യു.എസ് നിലപാടും മറ്റു അന്തർദേശീയ സംഭവ വികാസങ്ങളും സ്വർണ വിലയിൽ പ്രതിഫലിച്ചതായാണ് കണക്കാക്കുന്നത്. അതേസമയം സ്വർണ വില വരുദിവസങ്ങളിലും വർധിക്കുമെന് തന്നെയാണ് പ്രവചിക്കപ്പെടുന്നത്. വില കുതിച്ചുയർന്നതോടെ മൂല്യം വർധിച്ചുകൊണ്ടിരിക്കുന്ന സുരക്ഷിതമായ ഒരു നിക്ഷേപമാണ് സ്വർണമെന്ന വിശ്വാസം വർധിച്ചിട്ടുണ്ട്. 2025 ജനുവരി മുതൽ 2026 ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം സ്വർണവില യു.എ.ഇയിൽ 90 ശതമാനത്തിലധികവും ഇന്ത്യയിൽ 106 ശതമാനവുമാണ് വർധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

