ഗ്ലോബൽ വില്ലേജ് 16ന് തുറക്കും
text_fieldsദുബൈ: യു.എ.ഇയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ഗ്ലോബൽ വില്ലേജ് 29ാം സീസണിനായി ഒക്ടോബർ 16ന് തുറക്കും. പുതിയ സീസണിലേക്കുള്ള ടിക്കറ്റ് വിൽപന ഓൺലൈനായി ആരംഭിച്ചിട്ടുണ്ട്. മൊബൈൽ ആപ് വഴിയും ഉദ്ഘാടന ദിവസം കേന്ദ്രത്തിൽ വെച്ചും ടിക്കറ്റ് എടുക്കാം.
ഞായർ മുതൽ ബുധൻ വരെ വൈകീട്ട് നാല് മുതൽ പുലർച്ചെ 12 വരെയാണ് സന്ദർശന സമയം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും പുലർച്ചെ ഒരു മണിവരെ സന്ദർശനം അനുവദിക്കും. ഉദ്ഘാടന ദിവസം വൈകീട്ട് ആറു മണിക്കായിരിക്കും സന്ദർശനം അനുവദിക്കുക. ഇത്തവണ പുതുമയാർന്ന ആഘോഷ പരിപാടികളാണ് ആഗോള ഗ്രാമത്തിൽ സജ്ജമാക്കിയിരിക്കുന്നത്.
പുതിയ മൂന്നെണ്ണം ഉൾപ്പെടെ 30 പവലിയനുകൾ, 35,00 ഷോപ്പിങ് ഔട്ട്ലെറ്റുകൾ എന്നിവയാണ് സന്ദർശകരെ കാത്തിരിക്കുന്നത്. കാർണിവൽ ഫൺ ഏരിയക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന പുതിയ റസ്റ്റാറന്റ് പ്ലാസയിലടക്കം 250ലധികം വൈവിധ്യമാർന്ന രൂചികളും ആസ്വദിക്കാം. റൈഡുകളും ഗെയിമുകളുടെയും എണ്ണം 200ലധികമായി വർധിപ്പിക്കും. ഇതിന്റെ പ്രഖ്യാപനം ഉടനുണ്ടാകും.

