ഗ്ലോബൽ വില്ലേജിന് ആഘോഷത്തുടക്കം
text_fieldsഗ്ലോബൽ വില്ലേജിലെ ആദ്യദിനത്തിലെ തിരക്ക്
ദുബൈ: നഗരത്തിലെ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ 30ാം സീസണ് വർണാഭമായ തുടക്കം. ബുധനാഴ്ച വൈകീട്ട് നടന്ന പ്രത്യേക പരിപാടികളോടെയാണ് ഉദ്ഘാടന ചടങ്ങുകൾ അരങ്ങേറിയത്. ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ ഗ്ലോബൽ വില്ലേജ് മുഴുവൻ ചുറ്റിക്കറങ്ങിയ പരേഡും തുടർന്ന് ഡ്രോൺ ഷോയും വെടിക്കെട്ടും ആദ്യദിനത്തിൽ കാഴ്ചക്കാർക്ക് ആവേശം പകർന്നു. മേയ് 10 വരെ നീണ്ടുനിൽക്കുന്ന മേളയുടെ ആദ്യദിനത്തിൽതന്നെ വലിയ ജനക്കൂട്ടമാണ് പരിപാടികൾ വീക്ഷിക്കാനെത്തിയത്.
ഇന്ത്യയുടെ അടക്കം വിവിധ പവിലിയനുകൾ ആദ്യദിനത്തിൽതന്നെ സന്ദർശകരെ സ്വീകരിക്കാനായി സജ്ജമായിരുന്നു. വിവിധ ഇന്ത്യൻ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും കലാപരിപാടികളും ഇന്ത്യൻ പവിലിയനിൽ ഒരുക്കിയിട്ടുണ്ട്. 30ലേറെ രാജ്യങ്ങളുടെ പവിലിയനുകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. അതോടൊപ്പം വിവിധ റൈഡുകളും വിനോദ പരിപാടികളും സജ്ജമാക്കിയിട്ടുണ്ട്. പുതിയ സീസണിൽ സന്ദർശകർക്ക് ഒരു കോടി ദിർഹം മൂല്യമുള്ള സമ്മാനങ്ങൾ ‘ഡ്രീം ദുബൈ’യുമായി സഹകരിച്ച് അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഗ്ലോബൽ വില്ലേജിലെ പ്രവേശന ടിക്കറ്റിന്റെ അടിസ്ഥാനത്തിൽ ആഴ്ചയിലും രണ്ടാഴ്ചയിലും മാസത്തിലും മൂന്നു മാസത്തിലുമായി പ്രത്യേകം നറുക്കെടുപ്പുകളാണ് നടക്കുക. ഇതിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സീസൺ അവസാനത്തിൽ സമ്മാനങ്ങൾ ലഭിക്കും. എല്ലാ വ്യാഴാഴ്ചകളിലും മെയിൻ സ്റ്റേജിന് സമീപത്താണ് നറുക്കെടുപ്പുകൾ നടക്കുക. കാഷ് റിവാർഡുകൾ, ഐ ഫോണുകൾ, സ്വർണം, കാറുകൾ എന്നിവയാണ് സമ്മാനമായി നിശ്ചയിച്ചിട്ടുള്ളത്.
പുതിയ സീസൺ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച എഡിഷനായിരിക്കുമെന്ന് അധികൃതർ പ്രസ്താവിച്ചു. അന്താരാഷ്ട്ര പവിലിയനുകൾ, വിവിധ രാജ്യങ്ങളിലെ ഭക്ഷ്യവിഭവങ്ങൾ ആസ്വദിക്കാനുള്ള സൗകര്യം, സാംസ്കാരിക പരിപാടികൾ, ഷോപ്പിങ് അനുഭവം, റൈഡുകൾ, തത്സമയ വിനോദ പരിപാടികൾ അടക്കമുള്ള സാധാരണ പരിപാടികൾക്കൊപ്പം അതിഥികളെ അത്ഭുതപ്പെടുത്തുന്ന മറ്റ് ആകർഷണങ്ങളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ റെക്കോഡുകൾ മറികടന്ന സന്ദർശക പ്രവാഹമാണ് ഇവിടെ രേഖപ്പെടുത്തിയിരുന്നത്. ആകെ സന്ദർശകരുടെ എണ്ണം 1.05 കോടിയാണെന്നാണ് സംഘാടകർ വെളിപ്പെടുത്തിയത്.
ഗ്ലോബൽ വില്ലേജിന്റെ 30ാം സീസൺ ടിക്കറ്റ് നിരക്കുകൾ ഞായർ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ 25 ദിർഹമും വെള്ളി, ശനി ദിവസങ്ങളിൽ 30 ദിർഹമുമാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു വയസ്സ് വരെ കുട്ടികൾക്കും 65 വയസ്സിന് മുകളിലുള്ള പ്രായമായവർക്കും നിശ്ചയദാർഢ്യ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

