ഗ്ലോബൽ വില്ലേജ് ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു
text_fieldsആർ.ടി.എയുടെ ഗ്ലോബൽ വില്ലേജ് ബസ് സർവിസ് (ഫയൽ)
ദുബൈ: നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദകേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ 30ാം സീസൺ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. ഞായർ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ 25 ദിർഹമും വെള്ളി, ശനി ദിവസങ്ങളിൽ 30 ദിർഹമുമാണ് ടിക്കറ്റ് നിരക്ക്. മൂന്നു വയസ്സ് വരെ കുട്ടികൾക്കും 65ന് മുകളിലുള്ള പ്രായമായവർക്കും നിശ്ചയദാർഢ്യ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പ്രവേശനം സൗജന്യമാണ്. ഒക്ടോബർ 15 മുതലാണ് പുതിയ സീസണ് തുടക്കമാകുന്നത്.
അതിനിടെ ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യുന്നവർക്കായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പ്രത്യേക ബസ് സർവിസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നാല് നേരിട്ടുള്ള ബസ് റൂട്ടുകളാണ് ഏർപ്പെടുത്തുന്നത്. അതോടൊപ്പം ഗ്ലോബൽ വില്ലേജിനകത്ത് ഇലക്ട്രിക് ടൂറിസ്റ്റ് അബ്ര സർവിസും ആർ.ടി.എ പുനരാരംഭിക്കും. ദുബൈയിലെ പ്രധാന സ്ഥലങ്ങളിൽ നിന്നാണ് ഗ്ലോബൽ വില്ലേജിലേക്ക് ബസ് സർവിസുകളുള്ളത്.
യാത്രക്കാർക്ക് ഏറ്റവും മികച്ച യാത്രാസൗകര്യമുള്ള പ്രീമിയം ബസുകളാണ് യാത്രക്ക് സജ്ജമാക്കുന്നത്. റാശിദിയ ബസ് സ്റ്റേഷൻ, യൂനിയൻ ബസ് സ്റ്റേഷൻ, അൽ ഗുബൈബ ബസ് സ്റ്റേഷൻ, മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നാണ് ബസുകൾ പുറപ്പെടുക. കഴിഞ്ഞ വർഷവും സമാനമായ ബസ് സർവിസ് ആർ.ടി.എ ഒരുക്കിയിരുന്നു. നേരിട്ടുള്ള ബസ് സർവിസുകൾ യാത്രക്കാർക്ക് വലിയ രീതിയിൽ സൗകര്യപ്രദമായ സംവിധാനമാണ്. പുതിയ സീസൺ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച എഡിഷനാണ് അടുത്തതെന്നാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്.
അന്താരാഷ്ട്ര പവലിയനുകൾ, വിവിധ രാജ്യങ്ങളിലെ ഭക്ഷ്യവിഭവങ്ങൾ ആസ്വദിക്കാനുള്ള സൗകര്യം, സാംസ്കാരിക പരിപാടികൾ, ഷോപ്പിങ് അനുഭവം, റൈഡുകൾ, തൽസമയ വിനോദ പരിപാടികൾ അടക്കമുള്ള സാധാരണ പരിപാടികൾകൊപ്പം അഥിതികളെ അൽഭുതപ്പെടുത്തുന്ന മറ്റു ആകർഷണങ്ങളും ഒരുക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ റെക്കോർഡുകൾ മറികടന്ന സന്ദർശക പ്രവാഹമാണ് ഇവിടെ രേഖപ്പെടുത്തിയിരുന്നത്. ആകെ സന്ദർശകരുടെ എണ്ണം 1.05 കോടിയാണെന്നാണ് സംഘാടകർ വെളിപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

