ഗ്ലോബൽ വില്ലേജ് 31ാം സീസണിന് നാളെ തുടക്കം; പ്രത്യേക ബസ് സർവിസുകളുമായി ആർ.ടി.എ
text_fieldsദുബൈ: നാളെ തുടങ്ങുന്ന ഗ്ലോബൽ വില്ലേജ് 31-ാം സീസണിനായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) പ്രത്യേക ബസ് സർവീസുകൾ വീണ്ടും ആരംഭിക്കുന്നു. ബുധനാഴ്ച ആരംഭിക്കുന്ന ഈ സർവീസുകൾ 2027 മെയ് വരെ നീണ്ടുനിൽക്കും.
സന്ദർശകർക്ക് സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനൊപ്പം ദുബൈയിലെ ടൂറിസം മേഖലയെ ശക്തിപ്പെടുത്തുകയുമാണ് പ്രത്യേക ബസ് സർവിസുകളിലൂടെ ആർ.ടി.എ ലക്ഷ്യമിടുന്നത്. കുടുംബങ്ങൾക്കും വ്യക്തിഗത സന്ദർശകർക്കും ഒരുപോലെ ആസ്വാദ്യകരമായ യാത്ര സമ്മാനിക്കാനും പൊതുഗതാഗതം കൂടുതൽ ജനകീയമാക്കാനും ഇത് സഹായകമാകും.
ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകർക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനായി വിവിധ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ടുള്ള നാല് ബസ് ബസ് സർവീസുകളാണ് ആർ.ടി.എ ഒരുക്കിയിട്ടുള്ളത്.
റൂട്ട് 102: അൽ റാശിദിയ ബസ് സ്റ്റേഷനിൽനിന്ന് ഗ്ലോബൽ വില്ലേജിലേക്ക് (ഓരോ 60 മിനിറ്റിലും സർവീസ്).
റൂട്ട് 103: യൂനിയൻ ബസ് സ്റ്റേഷനിൽനിന്ന് ഗ്ലോബൽ വില്ലേജിലേക്ക് (ഓരോ 40 മിനിറ്റിലും സർവീസ്).
റൂട്ട് 104: അൽ ഗുബൈബ ബസ് സ്റ്റേഷനിൽനിന്ന് ഗ്ലോബൽ വില്ലേജിലേക്ക് (ഓരോ 60 മിനിറ്റിലും സർവീസ്).
റൂട്ട് 106: മാൾ ഓഫ് ദി എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് (ഓരോ 60 മിനിറ്റിലും സർവീസ്).
ബസ് സർവീസുകൾക്ക് പുറമെ, ഗ്ലോബൽ വില്ലേജിനുള്ളിലെ ജലാശയങ്ങളിൽ പരിസ്ഥിതി സൗഹൃദമായ രണ്ട് ഇലക്ട്രിക് അബ്റകളുടെ സർവീസും ആർ.ടി.എ പുനരാരംഭിക്കുന്നുണ്ട്. സന്ദർശകർക്ക് ജലമാർഗം സഞ്ചരിച്ച് ഗ്ലോബൽ വില്ലേജിന്‍റെ മനോഹര കാഴ്ചകൾ ആസ്വദിക്കാൻ ഈ ടൂറിസ്റ്റ് വാട്ടർ ട്രാൻസ്പോർട്ട് അവസരമൊരുക്കും.
സുസ്ഥിര ഗതാഗത മാർഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇലക്ട്രിക് അബ്റ സർവിസുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. യാത്രാ സൗകര്യവും വിനോദവും ഒരുപോലെ ഉറപ്പാക്കുന്ന പദ്ധതി ഈ സീസണിൽ ഗ്ലോബൽ വില്ലേജിലെത്തുന്ന ലക്ഷക്കണക്കിന് സന്ദർശകരുടെ അനുഭവം കൂടുതൽ മികച്ചതാക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

