ആഗോളതല റാങ്കിങ്ങ്; ഊർജ, ഗതാഗത മേഖലകളിൽ യു.എ.ഇ മുന്നിൽ
text_fieldsദുബൈ: ഐക്യരാഷ്ട്രസഭ വേദിയായ സുസ്ഥിര വികസന സൊല്യൂഷൻസ് നെറ്റ്വർക്ക് പുറത്തിറക്കിയ സുസ്ഥിര വികസന റിപ്പോർട്ട് പ്രകാരം വിവിധ മേഖലകളിൽ യു.എ.ഇ ആഗോളതല റാങ്കിങ്ങിൽ മുന്നിൽ. വൈദ്യുതിലഭ്യത, തൃപ്തികരമായ റോഡുകളും ഹൈവേ സംവിധാനങ്ങളും, ഊർജ അടിസ്ഥാന സൗകര്യം, സിറ്റി മാനേജ്മെന്റ്, പരിസ്ഥിതിസൗഹൃദ ഇന്ധനങ്ങളുടെ ലഭ്യത, പാചക സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെ അഞ്ചു സൂചകങ്ങളിലായാണ് ആഗോള മത്സരക്ഷമത റാങ്കിങ്ങിൽ മുന്നിലെത്തിയത്.
മൊത്തം പ്രാദേശിക ഊർജ ഉൽപാദനത്തിലും മലിനജല സംസ്കരണ കാര്യക്ഷമതയിലും യു.എ.ഇ റിപ്പോർട്ടിൽ മൂന്നാം സ്ഥാനത്താണ്. ജല ഉൽപാദനത്തിൽ ആറാം സ്ഥാനവും യു.എ.ഇക്കാണ് ലഭിച്ചിട്ടുള്ളത്. ആഗോള റാങ്കിങ്ങിൽ യു.എ.ഇയെ മികച്ച നിലയിൽ എത്തിക്കുന്നതിന് സഹായിച്ച ഭരണനേതൃത്വത്തിനും സംഭാവന നൽകിയ മറ്റെല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നതായി ഊർജ, അടിസ്ഥാനസൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയി പറഞ്ഞു. സുസ്ഥിര വികസനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള വിജയകരമായ മാതൃകയായി മുന്നോട്ടുപോകുന്നത് രാജ്യം തുടരുമെന്നും ഇതിനായി ഓരോരുത്തരും അവരവരുടെ സ്ഥാനത്ത് കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ വിവിധ സംവിധാനങ്ങളുടെ ഗുണനിലവാരവും സേവനമികവും വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. അടിസ്ഥാനസൗകര്യ വികസന മേഖലയിലും ഊർജ മേഖലയിലും വിപുലമായ രീതിയിൽ രാജ്യത്ത് നടപ്പാക്കിയ പദ്ധതികളാണ് പ്രധാനമായും റാങ്കിങ്ങിൽ പ്രതിഫലിച്ചത്. പരിസ്ഥിതിസൗഹൃദ ഊർജ മേഖലയിൽ ശ്രദ്ധകേന്ദ്രീകരിച്ചതും നേട്ടത്തിന് സഹായിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

