ആഗോള റെയില്‍ എക്സ്പോ അബൂദബിയിൽ
text_fieldsഅബൂദബി: പ്രഥമ ആഗോള റെയില്‍ എക്സ്പോ ഒക്ടോബറില്‍ അബൂദബിയില്‍ നടക്കും. ഊര്‍ജ, അടിസ്ഥാന വികസന മന്ത്രാലയവും അഡ്നക് ഗ്രൂപ്പും ഇത്തിഹാദ് റെയിലും ഡി.എം.ജി ഇവന്റ്സും സഹകരിച്ചാണ് ഒക്ടോബര്‍ 8 മുതല്‍ 10 വരെ അഡ്നെക് സെന്ററില്‍ എക്സ്പോ സംഘടിപ്പിക്കുന്നത്. ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ആഗോള കണക്ടിവിറ്റി പ്രാപ്തമാക്കുകയും ചെയ്യുക എന്ന ആശയത്തിലാണ് ആഗോള റെയില്‍, ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ എക്സിബിഷന് ആന്‍ഡ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.
നയ രൂപവത്കരണ വിദഗ്ധർ, ഇൻഫ്ലുവന്‍സര്‍മാര്‍, പ്രഫഷണലുകള്‍, ആഗോള കമ്പനികളില്‍ നിന്നുള്ള 1000 പ്രതിനിധികള്‍, നാല്പതിലേറെ രാജ്യങ്ങളില്‍നിന്നുള്ള മുന്നൂറിലേറെ പ്രദര്‍ശകർ എന്നിവർ എക്സ്പോയില്‍ പങ്കാളികളാവും. ആഗോള റെയില്‍വേ പ്രവണതകള്‍, സുസ്ഥിര അടിസ്ഥാനസൗകര്യം, റെയില്‍ മേഖല നേരിടുന്ന വെല്ലുവിളികള്‍, പാരിസ്ഥിതിക ആഘാതം, നിയന്ത്രണ ചട്ടക്കൂടുകള്‍, സാമ്പത്തികം, ലോജിസ്റ്റിക്സ്, മികച്ച സുരക്ഷാ രീതികള്‍ തുടങ്ങിയവുമായി ബന്ധപ്പെട്ട് 40 മുഖ്യ പ്രഭാഷണങ്ങളും പാനല്‍ ചര്‍ച്ചകളും ഉള്‍പ്പെടുന്ന ആറു പ്രമേയങ്ങളാണ് എക്സ്പോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംയോജിത ഗതാഗതഭാവി കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചുള്ള ആഗോള സംഭാഷണത്തിന് വഴിയൊരുക്കി മന്ത്രിമാരും വ്യവസായ പ്രമുഖരും മറ്റു വിദഗ്ധരും അടക്കം 120ലേറെ പ്രഭാഷകര്‍ പരിപാടിയില്‍ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

