ഗ്ലോബൽ മീഡിയ കോൺഗ്രസ്: നൂതനാശയങ്ങൾ പങ്കുവെച്ച് സംവാദങ്ങൾ
text_fieldsഷാർജ ഉപഭരണാധികാരിയും മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹ്മദ് അൽ ഖാസിമി ഗ്ലോബൽ മീഡിയ കോൺഗ്രസ് പവിലിയൻ സന്ദർശിക്കുന്നു
അബൂദബി: അന്താരാഷ്ട്രതലത്തിലെ മാധ്യമപ്രവർത്തകർക്ക് പുതുവേദിയൊരുക്കിയ ആഗോള മാധ്യമ സമ്മേളനത്തിന്‍റെ രണ്ടാം ദിവസം ശ്രദ്ധേയമായി സംവാദങ്ങൾ. 'സമൂഹത്തിൽ സഹിഷ്ണുത രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങളുടെ പങ്ക്' വിഷയത്തിലെ ചർച്ചയോടെയാണ് ബുധനാഴ്ച രാവിലെ പരിപാടികൾക്ക് തുടക്കമായത്.
ഔട്ട്ലുക്ക് മാഗസിൻ മുൻ എഡിറ്ററും എഴുത്തുകാരനുമായ റൂബൻ ബാനർജി, വത്തിക്കാൻ പ്രതിനിധി ലൂസിയോ ആഡ്രിയൻ റൂയിസ് എന്നിവർ പങ്കെടുത്ത ചർച്ച സി.എൻ.എൻ വൈസ് പ്രസിഡന്‍റ് കരോളിൻ ഫറാജാണ് മോഡറേറ്റ് ചെയ്തത്. തുടർന്ന് നടന്ന സംവാദങ്ങളെല്ലാം ഭാവി മാധ്യമസംസ്കാരത്തെയും സാങ്കേതിക മികവുകളെയും പരിചയപ്പെടുത്തുന്നതായിരുന്നു.
ഡിജിറ്റൽ കാലഘട്ടത്തിൽ മാധ്യമരംഗത്തെ തിങ്ക്താങ്കുകളുടെ രീതികൾ, മാധ്യമവ്യവസായത്തിന്‍റെ ഭാവിയിൽ മീഡിയ ഹബ്ബുകളുടെ പ്രസക്തി, സമൂഹമാധ്യമങ്ങൾ വരുത്തിയ പരിവർത്തനങ്ങൾ, ലഘു വിഡിയോ സംസ്കാരം മാധ്യമരംഗത്ത് വരുത്തിയ മാറ്റങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ സംവാദങ്ങൾ അരങ്ങേറി. സമൂഹമാധ്യമങ്ങളുടെ ഉയർന്ന സ്വാധീനവും ഭാവിസാധ്യതകളും സംവാദകർ ചർച്ചകളിൽ പ്രധാനമായും ഉന്നയിച്ചു. അന്താരാഷ്ട്ര, അറബ് മാധ്യമങ്ങളുടെ പരസ്പര സഹകരണം പ്രോത്സാഹിപ്പിക്കാൻ കോൺഗ്രസ് ഉപകാരപ്പെടുമെന്ന് ദുബൈ മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്സനും മാനേജിങ് ഡയറക്ടറും ദുബൈ ഗവൺമെന്‍റ് മീഡിയ ഓഫിസ് ഡയറക്ടർ ജനറലുമായ മോന അൽ മാരി സമ്മേളനത്തിൽ പങ്കെടുത്ത് അഭിപ്രായപ്പെട്ടു. നിരവധി സന്ദർശകരാണ് രണ്ടാം ദിവസവും ഗ്ലോബൽ മീഡിയ കോൺഗ്രസ് വേദിയിലെത്തിയത്. ഷാർജ ഉപഭരണാധികാരിയും മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹ്മദ് അൽ ഖാസിമിയും കോൺഗ്രസിലെത്തി ബുധനാഴ്ച പവിലിയനുകൾ സന്ദർശിച്ചു.
അന്താരാഷ്ട്ര, പ്രാദേശിക മാധ്യമങ്ങൾ തമ്മിൽ സഹകരണം പ്രോത്സാഹിപ്പിക്കുകയും നൂതന സംവിധാനങ്ങൾ പരിചയപ്പെടുത്തുകയും ചെയ്യുന്ന പരിപാടി പ്രസക്തമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.കത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പ്രതിനിധികളും പ്രദർശകരും വിദഗ്ധരും പങ്കെടുക്കുന്ന സമ്മേളനം വ്യാഴാഴ്ച സമാപിക്കും.
ശശികുമാർ ഇന്ന് വേദിയിൽ
അബൂദബി: പ്രമുഖ മാധ്യമപ്രവർത്തകനും ഏഷ്യൻ കോളജ് ഓഫ് ജേണലിസം സ്ഥാപകനുമായ ശശികുമാർ ബുധനാഴ്ച ഗ്ലോബൽ മീഡിയ കോൺഗ്രസ് വേദിയിൽ സംസാരിക്കും. മാധ്യമങ്ങളുടെ ഡിജിറ്റൽ പരിവർത്തനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രധാനവേദിയിലാണ് അദ്ദേഹത്തിന്റെ അഭിമുഖം നടക്കുക.ഇറ്റാലിയൻ മാധ്യമപ്രവർത്തക മോനിക്ക മാഗ്യോനി മോഡറേറ്ററായിരിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

