ആഗോള വിജ്ഞാന സൂചിക; അറബ് ലോകത്ത് യു.എ.ഇ ഒന്നാമത്
text_fieldsദുബൈ: ആഗോള വിജ്ഞാന സൂചികയിൽ അറബ് രാജ്യങ്ങളിൽ യു.എ.ഇ ഒന്നാമതെത്തി. കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോർട്ടിൽ ലോകത്ത് 25ാം സ്ഥാനവും ഇമാറാത്തിനുണ്ട്. 11 അറബ് രാജ്യങ്ങളടക്കം ലോകത്തെ 132 രാജ്യങ്ങളിലെ വിദ്യാഭ്യാസം, നവീന കാഴ്ചപ്പാടുകൾ, അറിവ്, സമ്പദ്വ്യവസ്ഥ, സാങ്കേതികവിദ്യ, ഗവേഷണം, വികസനം തുടങ്ങിയ മേഖലകളിലെ മുന്നേറ്റം വിലയിരുത്തിയാണ് വിജ്ഞാന സൂചിക തയാറാക്കുന്നത്. വികസനം ആവശ്യമുള്ള മേഖലകൾ തിരിച്ചറിയാനും സമൂഹങ്ങൾക്ക് വളരാനാവശ്യമായ വിവരങ്ങൾ കൈമാറാനും സഹായിക്കുന്നതാണ് റിപ്പോർട്ട്.
പട്ടികയിൽ സാങ്കേതികവും തൊഴിലധിഷ്ഠിതവുമായ വിദ്യാഭ്യാസത്തിലും പരിശീലനത്തിലും ഒന്നാം സ്ഥാനം യു.എ.ഇ നേടിയപ്പോൾ, ഇക്കോണമിയിൽ 11ാം സ്ഥാനവും ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻസ് ടെക്നോളജിയിൽ 15ാം സ്ഥാനവുമാണ് നേടിയത്. സൂചികയിലെ എല്ലാ വിഭാഗത്തിലും 58.9 എന്ന ശരാശരി സ്കോർ രാജ്യത്തിന് ലഭിച്ചു. അന്താരാഷ്ട്ര ശരാശരിയായ 46.5 ശതമാനത്തേക്കാൾ കൂടുതലാണിത്.
ആഗോള തലത്തിൽ യു.എസാണ് പട്ടികയിൽ ഒന്നാമതെത്തിയത്. സ്വിറ്റ്സർലൻഡ്, സ്വീഡൻ, ഫിൻലൻഡ്, നെതർലൻഡ്സ് എന്നിവയാണ് തൊട്ടു താഴെയായുള്ളത്. അറബ് ലോകത്തുനിന്ന് ഖത്തർ 37ാമതും സൗദി 43ാമതും കുവൈത്ത് 47ാമതും സ്ഥാനത്തെത്തി. വിദ്യാഭ്യാസ യോഗ്യതാ നിരക്ക്, ഇന്റർനെറ്റ് ലഭ്യതയുള്ള കൂടുതൽ കുടുംബങ്ങൾ എന്നിവ യു.എ.ഇയുടെ പ്രധാന ശക്തികളിൽ ഒന്നായി റിപ്പോർട്ട് പറയുന്നു. ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി, ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപറേഷൻ ആൻഡ് ഡെവലപ്മെന്റ്, യു.എൻ സാംസ്കാരിക സംഘടനയായ യുനെസ്കോ തുടങ്ങിയ സംഘടനകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചാണ് റിപ്പോർട്ട് തയാറാക്കുന്നത്. 2017ൽ സ്ഥാപിതമായ റിപ്പോർട്ട് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നോളജ് ഫൗണ്ടേഷനും ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടി(യു.എൻ.ഡി.പി)യും ചേർന്നാണ് തയാറാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

