കാർബൺരഹിത മാലിന്യസംസ്കരണത്തിനായി ആഗോള സംരംഭം
text_fieldsഡികാർബണൈസേഷൻ സംരംഭം നടപ്പിലാക്കാനുള്ള കരാർ ഒപ്പിടുന്ന ചടങ്ങ്
ദുബൈ: മാലിന്യസംസ്കരണം കാർബൺമുക്തമായ രീതിയിൽ നടപ്പിലാക്കാനുള്ള ആഗോളസംരംഭത്തിന് തുടക്കമിട്ട് യു.എ.ഇ. അബൂദബി മാലിന്യസംസ്കരണ കമ്പനിയായ തദ്വീറും പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയവും തമ്മിൽ പദ്ധതി നടപ്പിലാക്കുന്നതിനായി പ്രാഥമിക കരാറിൽ ഒപ്പുവെച്ചു. നവംബറിൽ യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയായ കോപ് 28ന്റെ മുന്നോടിയായാണ് കാർബൺമുക്ത സമ്പദ്വ്യവസ്ഥയിലേക്കുള്ള പുതിയ ചുവടുവെപ്പ്.
2030ഓടെ കാർബൺ ബഹിർഗമനം 43 ശതമാനം കുറക്കാൻ ലക്ഷ്യമിടുന്ന പാരിസ് ഉടമ്പടി യാഥാർഥ്യമാക്കുന്നതിൽ യു.എ.ഇയുടെ നേതൃപരമായ പങ്ക് ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പ് വ്യക്തമാക്കി. അടിസ്ഥാന സൗകര്യ വികസന രംഗത്ത് നിക്ഷേപവും ധനസഹായവും ആകർഷിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, നിയന്ത്രണ ചട്ടക്കൂടുകൾ ശക്തിപ്പെടുത്തുക, പ്രകൃതിവിഭവങ്ങളുടെ അമിത ഉപയോഗം കുറക്കുക എന്നിവയിലൂടെ മാലിന്യസംസ്കരണ മേഖലയിൽ ഡികാർബണൈസേഷൻ ലക്ഷ്യമിട്ടുള്ള പരിഹാര മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ പദ്ധതി കേന്ദ്രീകരിക്കും. അടുത്ത മാസം നടക്കുന്ന കോപ് 28ന് മുന്നോടിയായാണ് വേസ്റ്റ് ടു സീറോ പദ്ധതിയിൽ വരുന്നതെന്ന് പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി മറിയം അൽ മെഹ്രി പറഞ്ഞു. 2050 ഓടെ നെറ്റ് സീറോ ലക്ഷ്യം നേടുന്നതിൽ യു.എ.ഇയുടെ പ്രതിബദ്ധത നടപ്പിലാക്കാൻ ഇത്തരം സഹകരണങ്ങൾ പ്രധാനമാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

