നൊബേൽ ജേതാക്കളുടെ ആഗോള സംഗമത്തിന് ദുബൈയിൽ തുടക്കം
text_fields‘വേൾഡ് ലോറിയേറ്റ്സ് സമ്മിറ്റി’ന്‍റെ വേദിയിൽ ഭരണാധികാരികളും പ്രതിനിധികളും സംഗമിച്ചപ്പോൾ
ദുബൈ: നൊബേൽ അടക്കമുള്ള പ്രശസ്ത അവാർഡുകൾ കരസ്ഥമാക്കിയവരുടെ ആഗോള സംഗമമായ ‘വേൾഡ് ലോറിയേറ്റ്സ് സമ്മിറ്റി’ന് ദുബൈയിൽ തുടക്കമായി. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവർ ചേർന്നാണ് സംഗമം ഉദ്ഘാടനം ചെയ്തത്.
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ആഗോള ശാസ്ത്രീയ സമ്മേളനത്തിൽ 100-ലധികം പ്രമുഖ ശാസ്ത്രജ്ഞരും നോബൽ സമ്മാന ജേതാക്കളും ഉൾപ്പെടെ അന്താരാഷ്ട്ര ശാസ്ത്രീയ അവാർഡുകൾ നേടിയ ഗവേഷകരും പങ്കെടുക്കുന്നുണ്ട്. വേൾഡ് ഗവൺമെന്റ്സ് സമ്മിറ്റ് 2026 നോടൊപ്പം സംഘടിപ്പിക്കുന്ന ഈ സമ്മേളനത്തിന്‍റെ ഭാഗമായി ചൊവ്വാഴ്ച ലോകനേതാക്കളും മന്ത്രിമാരും ശാസ്ത്രജ്ഞരുമടങ്ങുന്ന സംയുക്ത ചർച്ചകളും നടക്കും.
ആഗോള വെല്ലുവിളികൾ നേരിടാൻ ശാസ്ത്രവും ഗവേഷണവും നിർണായകമാണെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. അറിവിലും ശാസ്ത്രത്തിലും നിക്ഷേപം നടത്തുന്ന രാജ്യങ്ങളാണ് ഭാവിയെ നയിക്കുന്നതെന്നും യു.എ.ഇ ശാസ്ത്രജ്ഞർക്കും നവീന ആശയങ്ങൾക്കും ആഗോള വേദിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാസ്ത്രം തന്നെയാണ് രാജ്യങ്ങളുടെ യഥാർഥ സമ്പത്തെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അവരുടെ ആശയങ്ങൾ യാഥാർഥ്യമാക്കാനുള്ള മികച്ച അന്തരീക്ഷമാണ് യു.എ.ഇ ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൃത്രിമ ബുദ്ധി, ക്വാണ്ടം സയൻസ്, ജീവശാസ്ത്രം, ജനിതക ശാസ്ത്രം, നവീന ഊർജം, ഡാറ്റ സയൻസ്, ന്യൂറോ ടെക്നോളജി തുടങ്ങിയ മേഖലകളിൽ പ്രത്യേക ഫോറങ്ങളും സംവാദങ്ങളും സമ്മിറ്റിന്റെ ഭാഗമായി നടക്കും. യുവ ശാസ്ത്രജ്ഞർക്കായി പ്രത്യേക ഫോറവും സംഘടിപ്പിച്ചിട്ടുണ്ട്. ‘വേൾഡ് ലോറിയേറ്റ്സ് അസോസിയേഷൻ’ യു.എ.ഇയിൽ പുതിയ ആസ്ഥാനം ആരംഭിക്കുമെന്ന് സംഘടനയുടെ പ്രസിഡന്റ് കൂടിയായ നോബൽ ജേതാവ് പ്രൊഫ. റോജർ കോൻബർഗ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

