ഗ്ലോബൽ ഫുഡ് വീക്കിന് അബൂദബിയിൽ തുടക്കം
text_fieldsഗ്ലോബൽ ഫുഡ് വീക്കിന്റെ വേദിയിൽ യു.എ.ഇ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക്, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവർ
അബൂദബി: ഭക്ഷ്യസുരക്ഷ മേഖലയിലെ മാറ്റങ്ങൾ ചർച്ചയാകുന്ന ഗ്ലോബൽ ഫുഡ് വീക്കിന് അബൂദബി നാഷനൽ എക്സിബിഷൻ സെന്ററിൽ തുടക്കമായി. യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ നേതൃത്വം നൽകുന്ന ഗ്ലോബൽ ഫുഡ് വീക്കിൽ പുതിയ കാലത്തെ ഭക്ഷണ സംസ്കാരം, ഭക്ഷ്യോൽപാദനം, കാർഷിക സാങ്കേതികതാ നയങ്ങൾ, വിതരണ ശൃംഖലകൾ തുടങ്ങിയ രംഗത്തെ മാറ്റങ്ങൾ ചർച്ചയാകും.
ഇന്ത്യ ഉൾപ്പെടെയുള്ള 75 രാജ്യങ്ങളിലെ 2070 പ്രദർശകരാണ് ഇത്തവണ പങ്കെടുക്കുന്നത്. പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ (സ്പെഷൽ അഫയേഴ്സ്) ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക്, സൗദി പരിസ്ഥിതി ജലവിഭവ കാർഷിക വകുപ്പ് വൈസ് മിനിസ്റ്റർ എൻജിനീയർ മൻസൂർ ഹിലാൽ അൽ മുഷൈതി അടക്കമുള്ളവർ ആദ്യദിനം ഗ്ലോബൽ ഫുഡ് വീക്ക് എക്സിബിഷനിലെത്തി.
ഗ്ലോബൽ ഫുഡ് വീക്കിന്റെ ആദ്യ ദിവസം നിർണായക കരാറുകളിൽ ലുലു ഗ്രൂപ് ഒപ്പുവെച്ചു. ഭിന്നശേഷിക്കാർക്ക് കൈത്താങ്ങേകുന്ന സായിദ് ഹയർ ഓർഗനൈസേഷനുമായി ലുലു ചേർന്നു പ്രവർത്തിക്കാൻ ധാരണയായി. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ സായിദ് ഹയർ ഓർഗനൈസേഷൻ ഡയറക്ടർ അബ്ദുല്ല അബ്ദുല്ലാലി അൽ ഹുമൈദാനും ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയും ഒപ്പുവെച്ചു.
അഫ്ഗാനിസ്താൻ അടക്കമുള്ള മേഖലകളിലെ സ്ത്രീകളുടെ മുന്നേറ്റത്തിനായി ശൈഖ ഫാത്തിമ ബിൻത് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ തുടക്കം കുറിച്ച ഫാത്തിമ ബിൻത് മുഹമ്മദ് ബിൻ സായിദ് ഇനീഷ്യേറ്റിവ് പദ്ധതിക്ക് ലുലു പിന്തുണ അറിയിച്ചു. സ്ത്രീകൾ നിർമിക്കുന്ന ഉൽപന്നങ്ങൾക്ക് കൂടുതൽ വിപണി ലഭ്യമാക്കി മുന്നേറ്റത്തിന് കരുത്തേകുന്നതാണ് പദ്ധതി. ഈ ഉൽപന്നങ്ങൾക്ക് മികച്ച വിപണി ലുലു സ്റ്റോറുകളിലും ലഭ്യമാക്കും.
ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, സി.ഇ.ഒ സെയ്ഫി രൂപാവാല, ചീഫ് ഓപറേറ്റിങ് ആൻഡ് സ്ട്രാറ്റജി ഓഫിസർ സലിം വി.ഐ എന്നിവരുടെ സാന്നിധ്യത്തിൽ, ഫാത്തിമ ബിൻത് മുഹമ്മദ് ബിൻ സായിദ് ഇനീഷ്യേറ്റിവ് സി.ഇ.ഒ മെയ്വന്ത് ജബർഖിൽ, ലുലു പ്രൈവറ്റ് ലേബൽ ഡയറക്ടർ ഷമീം സൈനുലാബ്ദീൻ എന്നിവർ ചേർന്ന് ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ഇമാറാത്തി ഭക്ഷ്യ ഉൽപന്നങ്ങളുടെയും സുഗന്ധ ദ്രവ്യങ്ങളുടെയും സോഴ്സിങ് വർധിപ്പിക്കുന്നതു സംബന്ധിച്ച ധാരണാപത്രത്തിൽ ബവാബ്ത് ലിവാ ഫുഡ് ഇൻഡസ്ട്രീസ് സി.ഇ.ഒ ഹുമൈദ് അലി അൽസാബി അൽ തായിബ് ഡയറക്ടർ നൗഷാദ് ടി.കെ എന്നിവർ ഒപ്പുവെച്ചു. വ്യാഴാഴ്ച വരെയാണ് ഗ്ലോബൽ ഫുഡ് വീക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

