കോവിഡ് വാക്സിൻ വിതരണത്തിൽ ആഗോള സഹകരണം അനിവാര്യം -യു.എ.ഇ
text_fieldsഅബൂദബി ഹോപ്പ് കൺസോർട്യം ഹബിൽ സൂക്ഷിച്ച വാക്സിൻ
ദുബൈ: കോവിഡിനെതിരായ വാക്സിൻ ലോകത്തെ മുഴുവൻ ജനതക്കും ലഭ്യമാക്കാൻ ആഗോള സഹകരണം അനിവാര്യമാണെന്ന് യു.എ.ഇ. കോവിഡ് വാക്സിൻ സഹകരണ അന്താരാഷ്ട്ര കൂട്ടായ്മയുടെ ആദ്യയോഗത്തിലാണ് യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹീം അൽ ഹാഷിമി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിരോധ വാക്സിെൻറ വേഗത്തിലുള്ള വിതരണം ഉറപ്പാക്കാനും ആഗോളതലത്തിൽ പ്രതിരോധശേഷി വർധിപ്പിക്കാനും യു.എ.ഇ തീരുമാനിച്ചിട്ടുണ്ട്. മഹാമാരിക്കെതിരായ പോരാട്ടത്തിൽ മുന്നിൽനിൽക്കാൻ രാജ്യത്തിനു സാധിച്ചു. സാങ്കേതിക, ഗതാഗത മേഖലയിലുമുള്ള സൗകര്യങ്ങൾ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ വാക്സിൻ എത്തിക്കുന്നതിന് ഉപയോഗിച്ചുവരുന്നുണ്ടെന്നും അവർ യോഗത്തിൽ വ്യക്തമാക്കി.
ഔർ വേൾഡ് േഡറ്റ വെബ്സൈറ്റിെൻറ കഴിഞ്ഞദിവസത്തെ കണക്കു പ്രകാരം 29.6 ശതമാനം പേരാണ് ലോകത്ത് ഒരു ഡോസെങ്കിലും വാക്സിൻ ലഭിച്ചവർ. 15.2 ശതമാനം പേർക്കു മാത്രമാണ് രണ്ടുഡോസുകളും ലഭിച്ചത്. വാക്സിൻ വികസിപ്പിക്കുകയും ഉൽപാദിപ്പിക്കുകയും ചെയ്ത 20 രാജ്യങ്ങളുടെ പ്രതിനിധികളാണ് കഴിഞ്ഞദിവസം യോഗം ചേർന്നത്. നീതിപൂർവകമായ രീതിയിൽ വാക്സിൻ വിതരണം ചെയ്യാൻ ഈ രാജ്യങ്ങൾ തമ്മിൽ ബന്ധം രൂപപ്പെടുത്തലാണ് യോഗത്തിെൻറ ലക്ഷ്യം.
യു.എ.ഇയുടെ ഹോപ്പ് കൺസോർട്യം പദ്ധതി വഴി 40 രാജ്യങ്ങളിലേക്ക് 65 മില്യൺ വാക്സിൻ ഡോസുകൾ ഇതിനകം അയച്ചിട്ടുണ്ട്. വാക്സിൻ സൂക്ഷിക്കാൻ അബൂദബിയിലെയും ദുബൈയിലെയും സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നുമുണ്ട്.
ഇത്തിഹാദ്, എമിറേറ്റ്സ് എന്നീ ഇമാറാത്തി വിമാനക്കമ്പനികൾ വഴിയാണ് വാക്സിൻ കയറ്റി അയക്കുന്നത്. വിവിധ രാജ്യങ്ങളിൽ വാക്സിൻ എത്തിക്കുന്നതിന് രൂപപ്പെടുത്തിയ 'കോവാക്സ്' പദ്ധതിയിലേക്ക് 50 മില്യൺ ഡോളർ സംഭാവന ചെയ്യുകയുമുണ്ടായി. മഹാമാരി ആരംഭിച്ച ശേഷം 135 രാജ്യങ്ങളിലേക്കായി 2200 ടൺ മെഡിക്കൽ ഉപകരണങ്ങളും സഹായങ്ങളുമാണ് യു.എ.ഇ നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

