ജൈടെക്സിൽ മികച്ച പങ്കാളിത്തവുമായി ജി.ഡി.ആർ.എഫ്.എ
text_fieldsജൈടെക്സ് മേളയിലെ ജി.ഡി.ആർ.എഫ്.എയുടെ പവിലിയൻ ശൈഖ് മക്തൂം ബിൻ മുഹമ്മദ്
ബിൻ റാശിദ് അൽ മക്തൂം സന്ദർശിക്കുന്നു
ദുബൈ: ദുബൈ വേൾഡ് സെന്ററിൽ നടന്ന ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യ പ്രദർശനമായ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷനിൽ (ജൈടെക്സ് ഗ്ലോബൽ) ദുബൈയിലെ ജി.ഡി.ആർ.എഫ്.എയുടെ മികച്ച പങ്കാളിത്തമുണ്ടായതായി മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി. ഉപഭോക്താക്കളുടെ ജീവിതനിലവാരം ഉയർത്താനും സന്തോഷകരമായ ജീവിതം പ്രോത്സാഹിപ്പിക്കാനും കഴിയുന്ന കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയുള്ള പദ്ധതികളും നൂതന സാങ്കേതിക പ്ലാറ്റ്ഫോമുകളുമാണ് വകുപ്പ് മേളയിൽ അവതരിപ്പിച്ചത്. ജൈടെക്സ് പ്രദർശന ദിനങ്ങളിൽ രാജ്യത്തെ ഭരണാധികാരികളും വിവിധ സർക്കാർ മേധാവികളും മറ്റു വിശിഷ്ടാതിഥികളും പവിലിയൻ സന്ദർശിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ജി.ഡി.ആർ.എഫ്.എ ദുബൈയുടെ വിജയകരമായ പങ്കാളിത്തത്തിന് പരിശ്രമങ്ങൾ നടത്തിയ ഉന്നത ഉദ്യോഗസ്ഥരെയും മറ്റു ജീവനക്കാരെയും ലഫ്റ്റനന്റ് ജനറൽ അഭിനന്ദിച്ചു. വരുംകാലങ്ങളിലെ ദുബൈയിലെ വിസ സേവനങ്ങളെക്കുറിച്ചും എമിഗ്രേഷൻ യാത്രാനടപടികളെയും പരിചയപ്പെടുത്തിയുള്ള 11 സ്മാർട്ട് പ്രോജക്ടുകളാണ് ജി.ഡി.ആർ.എഫ്.എ അവതരിപ്പിച്ചത്. ദുബൈ റെസിഡൻസി വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയതും മികച്ചതുമായ സ്മാർട്ട് ഡിജിറ്റൽ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കാനും ആഗോള സാങ്കേതിക നഗരമെന്ന ദുബൈയുടെ സ്ഥാനം കൂടുതൽ ഊട്ടിയുറപ്പിക്കാനുമുള്ള ലക്ഷ്യത്തിലേക്ക് ഡിപ്പാർട്മെന്റ് മികച്ച സംഭാവനകൾ നൽകിയെന്ന് അൽ മർറി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

