ശബ്ദമില്ലാത്തവർക്ക് ശബ്ദമാവും ആസ്യയുടെ കൈയുറകൾ
text_fieldsദുബൈ: സംസാരിക്കാനും കേൾക്കാനും ബുദ്ധിമുട്ടുള്ളവരോട് ആംഗ്യഭാഷയിൽ സംസാരിക്കാറുണ്ട്. പക്ഷെ ആംഗ്യ ഭാഷ വശമില്ലാത്ത ആളുകളുമായി എന്തെങ്കിലും വിവരങ്ങൾ കൈമാറണമെങ്കിൽ മൂകരായ മനുഷ്യർ എന്തു ചെയ്യും? പലരും ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു അത്. അടിയന്തിര ഘട്ടത്തിൽ പല വിവരങ്ങളും കൈമാറാനാവാതെ അപകടം സംഭവിച്ച നിരവധി അനുഭവങ്ങളുമുണ്ട്. ഇൗ പ്രശ്നങ്ങൾക്കെല്ലാം ഉത്തരമാവുകയാണ് ആസ്യ അൽ ഷേഹി എന്ന വിദ്യാർഥിനിയും സഹപാഠികളും ചേർന്ന് രൂപപ്പെടുത്തിയ സ്മാർട്ട് കൈയുറ. കൈയുറ ധരിച്ച് ആംഗ്യഭാഷയിൽ നൽകുന്ന സന്ദേശങ്ങൾ അക്ഷരമായും ശബ്ദമായും പുറത്തുവരും. 26 അക്ഷരങ്ങളും അത്യാവശ്യം വാക്കുകളും ശബ്ദമായും അക്ഷരമായും ഗ്ലൗസ് പുറത്തെത്തിക്കും.
സ്മാർട്ഫോണിലോ കമ്പ്യൂട്ടറിലോ സന്ദേശം വായിച്ച് മനസിലാക്കാനുമാകും. ആഇഷ അൽ നുെഎമി, ഹെസ്സ അൽ ഷേഹി, ബസ്മ മുഹമ്മദ് എന്നിവരാണ് ആസ്യയുടെ കൂടെ പ്രവർത്തിച്ചത്. അരികുവൽക്കരിക്കപ്പെട്ട മനുഷ്യർക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആലോചനയാണ് ഹയർ കോളജ് ഒഫ് ടെക്നോളജിയിലെ ഇലക്ട്രോണിക് എൻജിനീയറിങ് വിദ്യാർഥിനികളായ ഇവരെ ഗ്ലൗസ് രൂപപ്പെടുത്തുന്നതിലേക്ക് നയിച്ചത്.
ഇപ്പോൾ ഇംഗ്ലീഷ് അക്ഷരങ്ങൾ മാത്രമാണ് തിരിച്ചറിയുന്നതെങ്കിൽ അറബിയിലേക്കും മറ്റു ഭാഷകളിലേക്കും വികസിപ്പിച്ചെടുക്കണമെന്നാണ് ഇവരുടെ ആഗ്രഹം. അതിനു പിന്തുണ നൽകാൻ ദുബൈ പൊലീസ് തയ്യാറായതോടെ കാര്യങ്ങൾ എളുപ്പമാവുകയാണ്. ട്രാൻസ്ലേറ്റർ ഗ്ലൗ ആപ്ലികേഷൻ എന്നൊരു ആപ്പ് തന്നെ വികസിപ്പിക്കാനാണ് ദുബൈ പൊലീസ് സന്നദ്ധത അറിയിച്ചത്. ദൃഢനിശ്ചയ വിഭാഗത്തിൽപ്പെട്ട ജനങ്ങൾക്ക് അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും പരസഹായം തേടാതെ നേരിട്ട് പൊലീസിലും മറ്റ് പ്ലാറ്റ്ഫോമുകളിലും ബോധ്യപ്പെടുത്താൻ കഴിയുമെന്ന് സ്മാർട്ട് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഞങ്ങളുടെ കണ്ടുപിടിത്തത്തിെൻറ മേൻമ പറയുന്നതിലല്ല, ആളുകൾക്ക് ഇത് ഉപകാരപ്പെടുന്നതിലാണ് സന്തോഷമെന്ന് പറയുന്നു ഇൗ അത്ഭുത ഗ്ലൗസിെൻറ ഉപജ്ഞാതാക്കൾ. ആർട്ടികുലേറ്റഡ് സൈൻ ലാംഗ്വേജ് ട്രാൻസ്ലേറ്റർ ഗ്ലൗ സിസ്റ്റം എന്നാണ് ഇൗ ഉപകരണത്തിെൻറ മുഴുവൻ പേര്. പക്ഷെ കരുതലിെൻറ കരങ്ങൾ എന്നു വിളിക്കുന്നതാവും കൂടുതൽ ഉചിതം.