ജൈടെക്സ് വേദി മാറുന്നു; അടുത്തവർഷം എക്സ്പോ സിറ്റിയിൽ
text_fieldsദുബൈ: ആഗോള സാങ്കേതിക മേളയായ ജൈടെക്സിന്റെ വേദി മാറ്റുന്നു. അടുത്തവർഷം മുതൽ ദുബൈ എക്സ്പോസിറ്റിയിലായിരിക്കും മേള നടക്കുക. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവിൽ ദുബൈ വേൾഡ് ട്രേഡ് സെന്ററിലാണ് പതിനായിരങ്ങൾ സംഗമിക്കുന്ന സാങ്കേതിക മേള സംഘടിപ്പിക്കുന്നത്.
2026 ഡിസംബർ 7 മുതൽ 11 വരെയാണ് അടുത്തവർഷത്തെ ജൈടെക്സ് അരങ്ങേറുക. ദുബൈ സാമ്പത്തിക അജണ്ട ഡി33ന്റെ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് നഗര സമ്പദ്വ്യവസ്ഥകളിലൊന്നായി ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമായാണ് നീക്കം. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സാങ്കേതിക പ്രദര്‍ശനമായ ജൈടെക്സിൽ ലോകത്തിലെ നൂറിലേറെ രാജ്യങ്ങളില്‍നിന്നായി ആയിരക്കണക്കിന് സാങ്കേതികവിദ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പ്രദര്‍ശനം ഒരുക്കാറുണ്ട്.
ലോകത്തെ പ്രമുഖ ഐ.ടി കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും ഏറ്റവും പുതിയ ഉല്പന്നങ്ങള് പ്രദര്‍ശിപ്പിക്കുന്ന മേള പതിനായിരക്കണക്കിന് സന്ദർകരെയാണ് ആകർഷിക്കുന്നത്. നിരവധി നൂതന ആശയങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദര്‍ശനത്തിനൊപ്പം വ്യത്യസ്ത വിഷയങ്ങളിലുള്ള കോണ്‍ഫറന്‍സുകളും വര്‍ക്ഷോപ്പുകളും വിവിധ വേദികളിലായി അരങ്ങേറാറുമുണ്ട്. എക്സ്പോ സിറ്റിയിലേക്ക് മാറുന്നതോടെ കൂടുതൽ പ്രദർശകർക്കും സന്ദർശകർക്കും കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

