ജൈടെക്സിന് തുടക്കം; ദുബൈയിലേക്കൊഴുകി ടെക് ലോകം
text_fieldsദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച ജൈടെക്സ് എക്സിബിഷൻ സന്ദർശിക്കുന്ന ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യ പ്രദർശന മേളകളിൽ ഒന്നായ ജൈടെക്സ് ഗ്ലോബലിന് ദുബൈയിൽ ഉജ്ജ്വല തുടക്കം. നിർമിത ബുദ്ധി ഉൾപ്പെടെ പുതുതലമുറ സാങ്കേതികവിദ്യകളുടെ അത്ഭുത ലോകം കാണാൻ ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നും പതിനായിരങ്ങൾ ദുബൈ വേൾഡ് ട്രേഡ് സെന്ററിലേക്കൊഴുകുകയാണ്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യ മഹാമേളക്ക് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
സർക്കാർ സ്ഥാപനങ്ങളുടെ മികച്ച പങ്കാളിത്തവും പിന്തുണയും ഇത്തവണയും മേളക്ക് മാറ്റുകൂട്ടുന്നു. പ്രമുഖ ദേശീയ കമ്പനികളും മേളയുടെ ഭാഗമാണ്. ലോകത്തെ ഒന്നിപ്പിക്കാനും മാനവികതയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ പങ്കാളിയാകാനും കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ഉപ പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബൈയുടെ ഉപ ഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയ അദ്ദേഹത്തെ അനുഗമിച്ചു. ഉദ്ഘാടന ശേഷം വിവിധ പവിലിയനുകൾ ശൈഖ് മുഹമ്മദ് സന്ദർശിച്ചു.180 രാജ്യങ്ങളിൽ നിന്നായി 6000ലധികം സ്ഥാപനങ്ങൾ, 2000 സ്റ്റാർട്ടപ്പുകൾ, 1200 നിക്ഷേപകർ തുടങ്ങിയവരാണ് 45ാമത് പതിപ്പിൽ പങ്കെടുക്കുന്നത്.
കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് നിരവധി പുതിയ കമ്പനികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിൽ നിന്ന് സ്റ്റാർട്ടപ്പ് മിഷന്റെ പവിലിയനും മേളയിൽ ശ്രദ്ധേയ സാന്നിധ്യമാണ്. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ഗൂഗ്ൾ, മൈക്രോസോഫ്റ്റ്, ഹുവായ്, നോക്കിയ അടക്കം സാങ്കേതിക വിദ്യ രംഗത്തെ മുൻനിര കമ്പനികളാണ് ഏറ്റവും പുതിയ സാങ്കേതികവിദ്യകളുമായി എത്തിയിരിക്കുന്നത്. അതോടൊപ്പം പ്രമുഖ കമ്പനികളുടെ സി.ഇ.ഒമാർ, സ്ഥാപകർ, പ്രഭാഷകർ, വിദഗ്ധർ എന്നിവർ പങ്കെടുക്കുന്ന 14,00ലധികം പ്രഭാഷണങ്ങളും ചർച്ചകളും ചടക്കും. എ.ഐ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറുകൾക്ക് കരുത്തുപകരുന്ന ഡേറ്റ സെന്ററുകൾ, ഗ്രീൻ കമ്പ്യൂട്ടിങ് എന്നിവയുടെ സാധ്യതകൾ ചർച്ചയിൽ വിഷയമാകും.
ക്വാണ്ടം കമ്പ്യൂട്ടിങ്, ക്വാണ്ടം ആശയ വിനിമയം, ക്രിപ്റ്റോഗ്രഫി എന്നീ ഭാവി സാങ്കേതിക വിദ്യകളിന്മേലുള്ള ചർച്ചകളായിരിക്കും ക്വാണ്ടം എക്സ്പോയിൽ നടക്കുക. യു.എ.ഇയിലെ മന്ത്രിമാർ, ഉയർന്ന ഉദ്യോഗസ്ഥർ, ലോക രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര വിദഗ്ധർ, കമ്പനി പ്രതിനിധികൾ തുടങ്ങിയവരും മേളയിൽ സന്ദർശകരായെത്തും. അതോടൊപ്പം കോടികളുടെ ബിസിനസ് കരാറുകൾക്കും എക്സിബിഷൻ സാക്ഷിയാകും. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രദർശനം. ഒക്ടോബർ 17ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

