യുവതിയുടെ കൊലപാതകം: മുൻ കാമുകൻ പിടിയിൽ
text_fieldsഅജ്മാന്: യുവതിയെ കൊലപ്പെടുത്തിയ കേസിൽ മുന്‍ കാമുകനെ പൊലീസ് പിടികൂടി. അജ്മാനിലെ കെട്ടിടത്തിലെ ഏഴാംനിലയിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റില്‍നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുരക്ഷ ജീവനക്കാരൻ നടത്തിയ അന്വേഷണത്തിലാണ് ദിവസങ്ങള്‍ക്കുമുമ്പ് യുവതി കൊല്ലപ്പെട്ടത് ശ്രദ്ധയിൽപെട്ടത്.
സംഭവമറിഞ്ഞെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തി. എന്നാല്‍, കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളൊന്നും കണ്ടെത്താനായില്ല. ഫോറൻസിക് ലബോറട്ടറി സംഘം തെളിവുകൾ ശേഖരിക്കുകയും വിരലടയാളം കണ്ടെത്തുകയും ചെയ്തു.
യുവതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്നാണ് മുൻ കാമുകനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇരുവരും തമ്മില്‍ നിരന്തരം തര്‍ക്കം നടക്കാറുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സി.സി ടി.വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുന്‍ കാമുകന് അഞ്ച് മണിക്കൂറിലധികം ഇരയുടെ ഫ്ലാറ്റില്‍ താമസിച്ചിരുന്നതായും സംശയാസ്പദ രീതിയിൽ അയാൾ പുറത്തേക്ക് ഓടിയതായും വ്യക്തമായി.
സംഭവദിവസം ഫ്ലാറ്റില്‍ വഴക്ക് നടന്നിരുന്നതായി അയല്‍വാസികളും മൊഴി നൽകി. തുടർന്ന് ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തങ്ങൾ തമ്മിലുണ്ടായ വാക്തർക്കത്തെ തുടർന്ന് യുവതി ദേഷ്യപ്പെട്ടപ്പോള്‍ താന്‍ തുണി ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊല്ലുകയും ശേഷം വിരലടയാളം തുടച്ച് ഫ്ലാറ്റിൽ എവിടെയും തൊടാതെ വാതിലടച്ച് പുറത്തുപോവുകയുമായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

