കെട്ടുകഥകളിലെ പ്രേതവീട് ഇനി സഞ്ചാരികളുടെ ഇഷ്ടവീട്
text_fieldsറാസല്‍ഖൈമ: ‘ആ വലിയ വീട്ടില്‍ പ്രവേശിക്കരുത്. കയറിയാല്‍ പ്രേതബാധയേല്ക്കും. അവിടെ ജിന്നുകളുടെ വിളയാട്ടമാണ്’. റാസല്‍ഖൈമ നോര്‍ത്ത് ദൈത്ത് കുന്നില്‍ മുകളിലെ നാലുനില ഭവനത്തെക്കുറിച്ച അഭ്യൂഹ വര്‍ത്തമാനങ്ങള്‍ക്ക് വിരാമം. താരീഖ് അല്ശര്ഹാന് അല്‍ നുഐമി വിലക്ക് വാങ്ങിയ ഈ നിഗൂഢ ഭവനം ഇപ്പോള്‍ ‘അല്‍ ഖസ്ര് ആല് ഗാമിദ്’ (നിഗൂഢതയുടെ കൊട്ടാരം) എന്ന പേര് സ്വീകരിച്ച് സന്ദര്‍ശകരെ വരവേല്‍ക്കുകയാണ്.
ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഹുമൈദ് ആല് ഖാസിമി 1985ലാണ് ഇതിെൻറ നിര്‍മാണം തുടങ്ങിയത്. ’90ല്‍ നിര്‍മാണം പൂര്‍ത്തിയായി. 39ഓളം മുറികളുള്‍ക്കൊള്ളുന്ന പാര്‍പ്പിടത്തിന് 25,000ത്തോളം ചതുരശ്രയടി വിസ്തൃതിയുണ്ട്. ഇന്ത്യന്‍-മൊറോക്കോ-ഇറാന് വാസ്തുവിദ്യയുടെ സംയോജിത മനോഹാരിതയാണ് മുഖ്യ ആകര്‍ഷണം.
മലയിടുക്കുകളില്‍ അടുക്കിവെച്ച കല്ലുകളില്‍ തീര്‍ത്ത കൂരകളിലെ വാസം അവസാനിപ്പിച്ച് നഗരത്തില്‍ താമസം തുടങ്ങിയ തദ്ദേശീയർ ശൈഖ് അബ്ദുല്‍ അസീസിെൻറ കൊട്ടാരസമാനമായ വീട് നിര്‍മാണത്തെ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ചുമരുകളിലും മച്ചുകളിലും ലോകോത്തര ചിത്രപ്പണികളും മൃഗങ്ങളുടെയും പക്ഷികളുടെയും രൂപങ്ങളും സ്ഥാനംപിടിച്ചതാണ് വീടിനെക്കുറിച്ച് പ്രേതവര്ത്തമാനങ്ങള്ക്ക് വഴിവെച്ചതെന്ന് അറബ് വംശജയായ നാഹിദ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
കൊച്ചുകുട്ടികളുടെ മുഖം ജനാലകളിലൂടെ കാണുന്നതും ചില സമയങ്ങളില്‍ ആളുകളെ വിളിക്കുന്നതുമായ അഭ്യൂഹങ്ങളാണ് നാട്ടില്‍ പരന്നത്. തദ്ദേശീയര്‍ക്കൊപ്പം വിദേശികളും ഈ കിംവദന്തികള്‍ പ്രചരിപ്പിച്ചതോടെ കോടികള്‍ ചെലവിട്ട് നിര്‍മിച്ച ഈ പാര്‍പ്പിടം മൂന്നു പതിറ്റാണ്ടിലേറെ അടച്ചിടുകയായിരുന്നു.
സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമായി പാര്‍പ്പിടത്തെ ഒരുക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ടെന്ന് ‘അല്‍ ഖസ്ര് ആല് ഗാമിദ്’’ മാനേജര്‍ മുഹമ്മദ് പറഞ്ഞു. ആദ്യ ഘട്ടമായാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഒരാള്‍ക്ക് 50 ദിര്‍ഹമാണ് ഫീസ്. ഉള്‍ക്കിടിലമുണ്ടാക്കുന്ന വിനോദരീതികള്, ഹോട്ടല്‍, റസ്റ്റാറൻറ്, പൂന്തോട്ടം, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേക സൗകര്യങ്ങള്‍ തുടങ്ങിയവ വൈകാതെ ഇവിടെ ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
