അത്ഭുതങ്ങൾ നിരന്നു; ജൈറ്റക്സിന് തിരിതെളിഞ്ഞു
text_fieldsദുബൈ: മിഡിലീസ്റ്റിലെ ഏറ്റവും വലിയ വിവരസാേങ്കതികവിദ്യാ പ്രദർശനം ജൈറ്റക്സിന് ദുബൈ വേൾഡ് ട്രേഡ് സെൻററിൽ തുടക്കമായി. ഞായറാഴ്ച നടന്ന ചടങ്ങിൽ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉദ്ഘാടനം ചെയ്തു.
38ാം വർഷമാണ് ജൈറ്റക്സ് നടക്കുന്നത്. അഞ്ച് ദിവസം നീളുന്ന പ്രദർശനത്തിൽ ലക്ഷത്തിലധികം സന്ദർശകർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 21 ഹാളുകളിലെ 13 ലക്ഷം ചതുരശ്രമീറ്റർ സ്ഥലത്ത് 4500 സ്റ്റാളുകളാണ് വിന്യസിച്ചിരിക്കുന്നത്. വിവരസാേങ്കതിക വിദ്യാരംഗത്തെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളുമായി സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ മേഖലയിൽ നിന്നുള്ളവരും പ്രദർശനത്തിനുണ്ട്. 175 രാജ്യങ്ങളിൽ നിന്നായി 750 സ്റ്റാർട്ടപ്പുകളും എത്തിയിട്ടുണ്ട്. ഇൗ മാസം 18 വരെ നീളുന്ന പ്രദർശത്തിന് നിർമിത ബുദ്ധി, ഫൈവ് ജി, വിർച്വൽ റിയാലിറ്റി എന്നിവക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. സ്റ്റാർട്ടപ്പുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ജൈറ്റക്സ് ഫ്യൂച്ചർ സ്റ്റാർ എന്ന പേരിൽ പ്രത്യേക പരിപാടിയും നടത്തുന്നുണ്ട്.
പറക്കും കാറുമായി ഇത്തിസലാത്ത്
ദുബൈ: ഫൈവ് ജിയുടേയും നിർമ്മിത ബുദ്ധിയുടേയും അത്ഭുതലോകവുമായാണ് യു.എ.ഇയിലെ പ്രമുഖ ടെലികോം ഒാപറേറ്റർ മാരായ ഇത്തിസലാത്ത് ജൈറ്റക്സിനെത്തിയത്. സ്വയം നിയന്ത്രിത പറക്കും കാറാണ് അവർ പ്രദർശിപ്പിച്ചത്. ഭാവിയെ മാറ്റിമറിക്കാൻ പോകുന്ന കണ്ടുപിടുത്തമാണ് ഫൈവ് ജിയെന്ന് ഇത്തിസലാത്ത് ഗ്രൂപ്പ് സി.ഇ.ഒ. സാലിഹ് അബ്ദുല്ല അൽ അബ്ദൂലി പറഞ്ഞു.
വിദ്യഭ്യാസം, തൊഴിൽ, ഗതാഗതം എന്നീ മേഖലകളിൽ വൻ മാറ്റംകൊണ്ടുവരാൻ െെഫവ് ജിക്ക് കഴിയും. ഗൾഫിൽ ആദ്യത്തെ ഫൈവ് ജി ഫിക്സഡ് ബ്രോഡ്ബാൻറ് സേവനം ലഭ്യമാക്കിയത് ഇത്തിസലാത്ത് ആണ്. റോബോട്ടിക് സർജറി മുതൽ ക്ലൗഡ് കമ്പ്യൂട്ടിങ് വരെയുള്ള കാര്യങ്ങളിൽ ഫൈവ് ജിയുടെ പ്രാധാന്യം വിളിച്ചോതുന്നതാണ് ഇത്തിസലാത്തിെൻറ സ്റ്റാൾ. സെക്കൻറിൽ 10 ജി.ബി. വരെ വേഗത്തിൽ വിവരകൈമാറ്റം നടത്താൻ ഫൈവ് ജിയിലൂടെ കഴിയും. ഫോർ ജി വരെ മനുഷ്യർ തമ്മിലുള്ള വിവരവിനിമയമാണ് നടന്നിരുന്നതെങ്കിൽ ഫൈവ് ജിയിൽ യന്ത്രങ്ങൾക്ക് കേബിളുകൾ ഇല്ലാതെ നിർദേശങ്ങൾ നൽകാൻ കഴിയും. സ്വയം നിയന്ത്രിത വാഹനങ്ങളുടെ കാര്യത്തിലും ആരോഗ്യ രംഗത്തുമായിരിക്കും ഇതിെൻറ നേട്ടം ആദ്യം പ്രതിഫലിക്കുക.
ഡ്രൈവറില്ലാ ടാക്സികള്‍ പരീക്ഷണയോട്ടം തുടങ്ങി
ദുബൈ: ഏറെനാളായി പറഞ്ഞുകേട്ടിരുന്ന ഡ്രൈവറില്ലാ ടാക്സികള്‍ ഒടുവിൽ നിരത്തിലിറങ്ങി. പരീക്ഷണാടിസ്ഥാനത്തില്‍ സിലിക്കോണ്‍ ഒയാസിസിലെ നിശ്ചിത റൂട്ടുകളിലാണ് ഇൗ ടാക്സികൾ സര്‍വീസ് നടത്തുക. ജൈറ്റക്സ് സാങ്കേതികവാരത്തോടനുബന്ധിച്ചാണ് സ്വയം നിയന്ത്രിത ടാക്സികള്‍ ആര്.ടി.എ നിരത്തിലിറക്കിയത്. മെന മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു സര്‍വീസ്. മൂന്ന് മാസമാണ് പരീക്ഷണയോട്ടം നടത്തുന്നത്. ഇതിന് ശേഷം ദുബൈയുടെ മറ്റ് മേഖലകളിലേക്കും ഇവയുടെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ടാക്സിയുടെ പല ഭാഗങ്ങളിലായി ഘടിപ്പിച്ച കാമറകളും സെന്‍സറുകളുമാണ് അപകടങ്ങളില്ലാതെ വാഹനത്തെ മുന്നോട്ട് നയിക്കുക.
കാറിെൻറ നാല് മൂലകളിൽ സെൻസറുകൾ ഘടിപ്പിച്ചിരിക്കുന്നു. മുന്നിലും പിന്നിലും ഉള്ളിലുമായി മൂന്ന് കാമറകൾ. മുന്നിലെ ഗ്രില്ലിൽ രണ്ടും മേലക്കൂരയിൽ ഒന്നും റഡാറുകൾ ഉണ്ട്. മുന്നോട്ടുള്ള കാഴ്ച ഉറപ്പാക്കുന്നതിനൊപ്പം റോഡിെൻറ സ്ഥിതിയും ഗതാഗതക്കുരുക്കും മുന്നിലെ കാമറ റെക്കോർഡ് ചെയ്യും. നാനൂറ് മീറ്റർ അകലം വരെ 360 ഡിഗ്രി ചുറ്റളവിൽ സെൻസറുകൾ സ്കാനിങ് നടത്തും. കൂട്ടിയിടി ഒഴിവാക്കാനാണിത്. പരീക്ഷണയോട്ടത്തിൽ വാഹനത്തിനുള്ളിൽ ഡ്രൈവറെ നിയോഗിച്ചിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ നിയന്ത്രണം ഏറ്റെടുക്കാനാണിത്. ക്ഷണിക്കപ്പെട്ട സഞ്ചാരികൾക്കാണ് നിലവിൽ ഇതിൽ യാത്രചെയ്യാൻ കഴിയുക. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബെൻസ് ഇ ക്ലാസ് കാറാണ് സ്വയംനിയന്ത്രിത ടാക്സിയായി മാറ്റിയിരിക്കുന്നത്. 2030 ഒാടെ ദുബൈയിലെ 25 ശതമാനം വാഹനങ്ങളും ഡ്രൈവറില്ലാതെ സഞ്ചരിക്കുന്നവയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ശൈഖ് ഹംദാന്‍ ഷാര്‍ജ പവലിയന് സന്ദര്‍ശിച്ചു
ഷാര്‍ജ: ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂം ജൈറ്റക്സ് 2018 പ്രദര്‍ശനത്തിലെ ഷാര്‍ജ ഗവണ്മെന്്റ് പവലിയന് സന്ദര്‍ശിച്ചു. ഷാര്‍ജ റൂളേഴ്സ് ഓഫീസ് ചെയര്മാന് ശൈഖ് സലീം ബിന്‍ അബ്ദുറഹ്മാന് ആല് ഖാസിമി, ഷാര്‍ജ ഡിപ്പാര്‍ട്ട്മെൻറ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് കമ്യൂണിറ്റി ഡവലപ്മെൻറ് ഡയറക്ടര്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹുമൈദ് ആല് ഖാസിമി തുടങ്ങിയവരും പവലിയനില്‍ സന്ദര്‍ശനം നടത്തി. ഷാര്‍ജ ഇ ഗവണ്‍മെൻറ് (ഡി.ഇ.ജി) ഡയറക്ടര്‍ ജനറല്‍ ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ആല് ഖാസിമി, ഡി.ഇ.ജി ഡയറക്ടര്‍ നൂര്‍ അല്‍ നുഅ്മന്‍ എന്നിവര്‍ ഷാര്‍ജ സര്‍ക്കാരിെൻറ നൂതന ആശയങ്ങളെക്കുറിച്ചും എമിറേറ്റില്‍ പൂര്‍ണ്ണ ഡിജിറ്റല്‍ രൂപാന്തരം കൈവരിക്കാനുള്ള ശ്രമങ്ങളെ കുറിച്ചും വിശദീകരിച്ചു. ഷാര്‍ജ ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് ഹയര്‍ കമ്മിറ്റി ചെയര്മാന് ശൈഖ് ഫഹീം ബിന്‍ സുല്‍ത്താന്‍ ആല് ഖാസിമി ഷാര്‍ജയുടെ ഡിജിറ്റല്‍ വികാസത്തെ കുറിച്ച് എടുത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
